കർത്താവിരിക്കുന്ന കസേര: പ്രാർത്ഥിക്കുവാൻ ഒരു കുറുക്കു വഴി

    ഒരിക്കൽ തന്റെ സുഖമില്ലാത്ത അപ്പച്ചന് വേണ്ടി പ്രാർത്ഥിക്കുവാൻ ഒരു പെൺകുട്ടി വചന ശ്രുശൂഷയൊക്കെ ചെയ്യുന്ന അവൾക്കു പരിചയമുള്ള ഒരച്ചനെ വിളിച്ചു. അടുത്ത് തന്നെയുള്ള ആശുപത്രിയിൽ അഡ്മിറ്റ്‌ ആയിരിന്നു അദ്ദേഹം. പിറ്റേ ദിവസം തന്നെ അച്ചൻ അദ്ദേഹത്തെ കാണുവാൻ പുറപ്പെട്ടു. അച്ചൻ ചെല്ലുമ്പോൾ ആ വ്യക്തി തലയിണയിൽ മുഖം ഒളിപ്പിച്ചു ഉറങ്ങുകയായിരുന്നു. ബെഡിനോട് ചേർന്നു തന്നെ ഒരു ഒഴിഞ്ഞ കസേര ഇട്ടിരുന്നു. ‘ജോസഫ് ചേട്ടൻ എന്നെ പ്രതീക്ഷിച്ചിരുന്നു അല്ലെ..? ‘ ഒഴിഞ്ഞ കസേരയിൽ നോക്കികൊണ്ട്‌ അച്ചൻ ചോദിച്ചു.

    “ഇല്ല… താങ്കൾ ആരാണ്…?” അദ്ദേഹം തിരിച്ചു ചോദിച്ചു. ഉള്ളിൽ ചെറിയ ഒരു വിഷമം തോന്നിയെങ്കിലും അച്ചൻ തന്റെ പേരും മറ്റു കാര്യങ്ങളും മകൾ വിളിച്ചതും എല്ലാം പറഞ്ഞു. ഒപ്പം അവസാനം ഇങ്ങനെ കൂട്ടി ചേർത്തു. “ഈ ഒഴിഞ്ഞ കസേര കണ്ടപ്പോൾ ഞാൻ കരുതി താങ്കൾ എന്നെ പ്രതീക്ഷിച്ചിരിക്കുകയായിരിന്നു എന്ന്.”

    “ഓ ഈ കസേര… ഇതേ കുറിച്ച് ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല… എന്റെ മകളോട് പോലും. എനിക്ക് എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്നറിയിലായിരിന്നു. പ്രാർത്ഥനയെ കുറിച്ച് ഒരുപാടു പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്… ഓരോ തവണ കേൾക്കുമ്പോഴും ഞാൻ ഒത്തിരി സങ്കടപ്പെടുമായിരിന്നു. എനിക്ക് മാത്രം പ്രാർത്ഥിക്കുവാൻ കഴിയുന്നില്ലല്ലോ എന്നോർത്ത്.

    ഇതൊക്കെ നാലുവർഷം മുമ്പ് വരെയുള്ള കാര്യങ്ങളാണ് അച്ചാ… നാലു വർഷം മുമ്പ് ഞാൻ അടുത്ത സുഹൃത്തിനെ വീണ്ടും കണ്ടു. പ്രാർത്ഥനക്കാരനായ അവനോടു എനിക്ക് പ്രാർത്ഥിക്കുവാൻ ഇതു വരെ പറ്റിയിട്ടില്ല എന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞു.. “പ്രാർത്ഥനയെന്നു പറയുന്നത് വളരെ ചെറിയ ഒരു കാര്യമാണ് അത് ഈശോയുമായുള്ള സംഭാഷണമാണ്.”

    ഞാൻ ഒരു കാര്യം പറഞ്ഞു തരാം. “നീ ഒരു കസേരയിൽ ഇരിക്ക്, എന്നിട്ടു നിനക്കഭിമുഖമായി ഒരു ഒഴിഞ്ഞ കസേരയിടണം, വിശ്വാസത്തിന്റെ കണ്ണിൽ കൂടി അതിൽ ഇരിക്കുന്ന കർത്താവിനെ കാണണം.” ഇതൊരു തമാശയൊന്നും അല്ല. “എപ്പോഴും ഞാൻ നിന്റെ കൂടെ ഉണ്ടായിരിക്കും ” എന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്. “എന്നിട്ട് അവനോടു സംസാരിക്കു, ഇപ്പോൾ നീ എന്നോട് സംസാരിക്കുന്നതു പോലെ…”

    പിന്നീട് അവൻ പറഞ്ഞത് പോലെ ഞാൻ ചെയ്യുവാൻ തുടങ്ങി. എന്റെ ഈശോ എല്ലാം കേൾക്കുന്നത് എനിക്കറിയാം.. മറ്റാരും, എന്റെ മകൾ പോലും കാണാതെ ഇരിക്കുവാൻ ഞാൻ ശ്രമിക്കാറുണ്ട്. അദ്ദേഹം പറഞ്ഞു നിർത്തി.

    അച്ചൻ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചു. തിരിച്ചു പോയി.

    കുറച്ചു ദിവസങ്ങൾ കഴിഞ്ഞു. വീണ്ടും അച്ചന് ആ മകളുടെ ഫോൺ വന്നു. അതിങ്ങനെ ആയിരിന്നു. അച്ചാ, ഇന്നലെ പപ്പാ മരിച്ചു. നല്ല മരണം ആയിരുന്നോ അച്ചൻ തിരിച്ചു ചോദിച്ചു. അതേ അച്ചാ.. ഞാൻ വീട്ടിൽ പോകുന്നതിനു മുമ്പ് എന്നെ അടുത്ത് വിളിച്ചു അനുഗ്രഹിച്ചു. ഒത്തിരി സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞു ഞാൻ തിരിച്ചു വന്നപ്പോഴേയ്ക്കും പപ്പാ മരിച്ചു. പക്ഷെ പപ്പയുടെ മരണത്തിൽ… പറഞ്ഞു തീർക്കുന്നതിന് മുമ്പേ അച്ചൻ ചോദിച്ചു എന്തെങ്കിലും കുഴപ്പം? മകൾ പറഞ്ഞു. മരണത്തിനു മുമ്പ് പപ്പാ ആ ഒഴിഞ്ഞ കസേരയിൽ തല ചായ്ച്ചു വെച്ചായിരുന്നു. അതെന്താ അങ്ങനെ. അച്ചൻ അവളോട്‌ പറഞ്ഞു നമ്മൾ എല്ലാവരും അങ്ങനെ തന്നെയാണ് പോകേണ്ടത്.

    അച്ചൻ മനസ്സിൽ തുടർന്നു.. പിതാവേ അങ്ങയുടെ കൈകളിൽ ഞാൻ എന്റെ ആത്മാവിനെ സമർപ്പിക്കുന്നു.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.