ഉയിര്‍പ്പു തിരുനാള്‍

യേശു കര്‍ത്താവാണെന്ന് അധരം കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചു എന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്തുകൊണ്ട് ഉയിര്‍പ്പു തിരുനാളിന്റെ ആശംസകള്‍ നമുക്ക് പരസ്പരം നേരാം…

ക്രിസ്തുവിന്റെ ഉത്ഥാനരഹസ്യത്തെക്കുറിച്ച് പരിശുദ്ധ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ഇപ്രകാരമാണ് പഠിപ്പിക്കുന്നത്: “തന്റെ കുരിശുമരണം വഴി നമ്മെ ഓരോരുത്തരെയും പാപത്തില്‍ നിന്നും മോചിപ്പിച്ച് തന്റെ ഉയിര്‍പ്പുവഴി പുതിയ ജീവിതത്തിലേയ്ക്കുള്ള വഴി തുറന്നുതന്ന് മൂന്നാം ദിവസം അവിടുന്ന് കല്ലറയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു.” ഉത്ഥാനം കേവലമൊരു പുനര്‍ജ്ജീവനല്ല. മര്‍ത്യതയുടെ അപ്പുറത്തേയ്ക്കുള്ള ഒരു യാത്രയാണ്. ദൈവീകതയിലേയ്ക്കുള്ള മനുഷ്യന്റെ പ്രവേശനം സാധ്യമാകുന്ന മഹത്തായ സംഭവമാണ് യേശുവിന്റെ ഉത്ഥാനം.

ലോകപ്രശസ്തനായ ഒര മാന്ത്രികനായിരുന്നു ഹാരി ഹുഡീനി. ‘മാന്ത്രികരുടെ മാന്ത്രികന്‍’ എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. എവിടെ പൂട്ടിയാലും എങ്ങനെ പൂട്ടിയാലും നിഷ്പ്രയാസം ആ പൂട്ടു പൊട്ടിച്ച് ഹുഡീനി പുറത്തുവരും. വെള്ളത്തിനടിയില്‍ 91 മിനിറ്റ് ഒരു ശവപ്പെട്ടിക്കുള്ളില്‍ കിടന്ന് മാന്ത്രികവിദ്യയുടെ ചക്രവര്‍ത്തി എന്ന പേരും സ്വന്തമാക്കി. എല്ലാ പൂട്ടും പൊട്ടിച്ച ഹുഡീനിക്കു പക്ഷേ, മരണത്തിന്റെ പൂട്ടു മാത്രം പൊട്ടിക്കാനായില്ല. 1926-ല്‍ അദ്ദേഹം മരണത്തിനു മുന്നില്‍ കീഴടങ്ങി. എന്നാല്‍, മരണത്തിന്റെ പൂട്ടു പൊട്ടിച്ചവനാണ് ക്രിസ്തു. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് മരണത്തിന്റെ പൂട്ട് പൊട്ടിച്ച് കല്ലറയില്‍ നിന്നും അവന്‍ ഉയിര്‍ത്തെഴുന്നേറ്റു. ഇതിനോടു ചേര്‍ന്ന് അമേരിക്കന്‍ സാഹിത്യകാരന്‍ ക്ലാരന്‍ ബി. ഇറ്റാല്‍ ഇപ്രകാരം പറഞ്ഞുവയ്ക്കുന്നു: “സത്യം കല്ലറയില്‍ അടക്കം ചെയ്യാം. എന്നാല്‍, സത്യത്തെ കല്ലറയില്‍ ഒതുക്കുവാന്‍ കഴിയില്ല. കാരണം, അത് പുറത്തുവരും.”

ഗലീലി മുതല്‍ യൂദാ വരെ ജനക്കൂട്ടത്തെ ഇളക്കിമറിച്ച നസ്രായന്‍ കുരിശില്‍ ദാരുണമായി മരിക്കുമെന്ന് ആരും കരുതിയില്ല. എന്നാല്‍, അവന്‍ മരിച്ചു. മരണത്തിന്റെ അഗാധതയില്‍ നിന്ന് നിശബ്ദമായി അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും ആരും കരുതിയിരുന്നില്ല. എന്നാല്‍, അവന്‍ ഉയിര്‍ത്തെഴുന്നേറ്റു. ഒരു കുരിശില്‍ അവനെ തീര്‍ക്കാമെന്നും ഒരു കല്ലറയില്‍ അവനെ ഒതുക്കാമെന്നും കരുതിയിരുന്നവര്‍ അവരുടെ ഇടയിലുണ്ടായിരുന്നു. മനുഷ്യന്റെ സാമാന്യധാരണകളെ തകിടംമറിക്കുന്ന ദൈവീകപ്രവര്‍ത്തികളുടെ നിഗൂഢാത്മകതയാണ് ക്രിസ്തുസംഭവത്തില്‍ അനാവരണം ചെയ്യുന്നത്.

ഉത്ഥാനദിനത്തിന്റെ സന്ദേശം ഉത്ഥാനദിന വായനകളില്‍ നിന്നും വ്യക്തമാണ്. ഏശയ്യാ പ്രവാചകന്‍ തന്റെ പ്രവചനത്തിലൂടെ ഓര്‍മ്മിപ്പിക്കുന്നു: ‘കൂരിരുട്ട് ജനതകളെ മൂടിയാലും കര്‍ത്താവ് ഉദിക്കുമ്പോള്‍ കര്‍ത്താവിന്റെ മഹത്വം ജനതകളില്‍ പ്രകടമാകും. അന്ധകാരശക്തികളുടെമേല്‍ അധികാരമുള്ളവനാണ് കര്‍ത്താവ്.’ പുത്രസൗഭാഗ്യം ലഭിച്ച് ദൈവത്തെ പ്രകീര്‍ത്തിക്കുന്ന ഹന്നായെയാണ് രണ്ടാമത്തെ വായനയില്‍ നാം കണ്ടുമുട്ടുന്നത്. അസാധ്യതകളെ സാധ്യമാക്കുന്ന ദൈവത്തിന്റെ പ്രകടമായ കരബലത്തെയാണ് ഈ തിരുവചനഭാഗത്ത് വെളിപ്പെടുത്തുന്നത്.

ജഢമോഹങ്ങളിലകപ്പെട്ട് പാപത്തിനടിമയാകാതെ ക്രിസ്തുവില്‍ ഒരു പുതിയ ജീവിതം പടുത്തുയര്‍ത്താന്‍ വി. പൗലോസ് ശ്ലീഹാ ആഹ്വാനം ചെയ്യുന്നു.
അന്ധകാരശക്തികളെ കീഴ്‌പ്പെടുത്തുവാന്‍ അധികാരമുള്ള, അസാധ്യതകളെ സാധ്യതയുള്ളതാക്കുവാന്‍ കഴിയുന്ന ക്രിസ്തുവില്‍ ഒരു പുതിയ ജീവിതം പടുത്തുയര്‍ത്തുവാന്‍ തിരുവചനഭാഗങ്ങള്‍ പറയുമ്പോള്‍ സുവിശേഷം രണ്ടു കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.

1. ഉത്ഥിതനെ കണ്ടെത്തണം; 2. നിങ്ങള്‍ ഭയപ്പെടരുത്.

ഉത്ഥിതനെ കണ്ടെത്തുവാന്‍ അവന്‍ പറഞ്ഞുതന്ന കാര്യങ്ങളെല്ലാം ഓര്‍മ്മിച്ചെടുക്കണമെന്ന് സഭാപിതാവായ അലക്‌സാണ്ട്രിയായിലെ സിറിള്‍ പറഞ്ഞുതരുന്നു. ഉത്ഥിതനെ അറിയുവാനുള്ള വഴി അവന്റെ കല്ലറയും, ശവക്കച്ചയും മുള്‍മുടിയും തേടിപ്പോവുകയല്ല മറിച്ച്, അവന്‍ പങ്കുവച്ചു നല്‍കിയ തിരുശരീര-രക്തങ്ങള്‍ സ്വീകരിച്ച് അവന്‍ പഠിപ്പിച്ച കൂട്ടായ്മയുടെ ജീവിതം ജീവിച്ച് അവന്‍ സ്ഥാപിച്ച സഭയില്‍ വിശ്വസ്തതയോടെ ജീവിക്കുമ്പോഴാണ് ഉത്ഥാനത്തിന്റെ നിറശോഭ നമ്മുടെ അനുദിനജീവിതത്തിലും പ്രകടമാകുന്നത്, അനുഭവവേദ്യമാകുന്നത്.

രണ്ടാമതായി ഭയപ്പെടരുത്. ഉള്ളില്‍ ഉടലെടുക്കുന്ന മനോഭാവമാണ് ഭയം. ക്രിസ്തുവിന്റെ പീഡാനുഭവനാളില്‍ ക്രിസ്തു നഷ്ടപ്പെടുന്നുവെന്നു തോന്നിയതിനാലാവണം പത്രോസ് ശ്ലീഹാ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞതും മറ്റു ശിഷ്യന്മാര്‍ ഓടിയൊളിച്ചതുമെല്ലാം. ഭയത്തിന്റെ നിഴലില്‍ കഴിയുന്നവര്‍ക്കുള്ള പ്രത്യാശയാണ് ക്രിസ്തുവിന്റെ ഉത്ഥാനമെന്ന് അഗസ്തീനോസ് പുണ്യാളന്‍ പറഞ്ഞിട്ടുണ്ട്. കുര്‍ബാനയാവാന്‍ കൂടെയുണ്ട് അതിനാല്‍ ഭയപ്പെടേണ്ട എന്നുള്ള ഉറപ്പാണ് ഉത്ഥാനം നല്‍കുന്ന സന്ദേശം.

വിശ്വാസത്തിന്റെ തിരുനാളാണ് ഉയിര്‍പ്പു തിരുനാള്‍. നമ്മുടെ പ്രായോഗികജീവിതത്തില്‍ വിശ്വാസം ക്ഷയിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ വിശ്വാസം വെറുമൊരു അധരവ്യായാമമായി മാറിയിരിക്കുന്നു. നമ്മള്‍ അര്‍പ്പിക്കുന്ന ബലിയില്‍ ക്രിസ്തുവിന്റെ തിരുവുത്ഥാനവും നമ്മുടെ പുനരുത്ഥാനത്തിലുള്ള വിശ്വാസവും അറിഞ്ഞോ അറിയാതെയോ പ്രഘോഷിക്കുന്നുണ്ട്. ഉത്ഥാനഗീതം ആലപിക്കുമ്പോഴും വിശ്വാസപ്രമാണം ഏറ്റുപറയുമ്പോഴും ക്രിസ്തുവിന്റെ തിരുവുത്ഥാനവും നമ്മുടെ പുനരുത്ഥാനത്തിലുള്ള വിശ്വാസവുമാണ് ഏറ്റുപറയുന്നത്. നമ്മുടെ അനുദിന ജീവിതത്തില്‍ വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ വിശ്വാസത്തിന്റെ പിതാവായ അബ്രാഹത്തെപ്പോലെ വിശ്വസിക്കുവാനുള്ള ഒരു ക്ഷണമാണ് ഉയിര്‍പ്പു തിരുനാള്‍.

വിശ്വാസത്തിലേയ്ക്കുള്ള ഉത്ഥിതന്റെ ക്ഷണം നമ്മുടെ ഉള്ളിലുള്ള അന്ധകാരത്തെ പ്രകാശപൂര്‍ണ്ണമാക്കുവാനുള്ളതാണ്. നമ്മുടെ മുമ്പിലുള്ള അസാധ്യതകളെ സാധ്യതകളാക്കുവാനുള്ളതാണ്. നമ്മുടെ ജീവിതത്തെ പുതിയ സൃഷ്ടിയായി പടുത്തുയര്‍ത്തുവാനുള്ളതാണ്. ക്ലാര പുണ്യവതിയും ഫ്രാന്‍സിസ് പുണ്യാളനും ഉത്ഥിതനായ ക്രിസ്തുരൂപത്തെ നോക്കി ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു. ‘ഉന്നതനും മഹത്വപൂര്‍ണ്ണനുമായ ദൈവമേ, എന്റെ ഹൃദയത്തിന്റെ അന്ധകാരത്തിലേയ്ക്ക് അങ്ങ് പ്രകാശം പരത്തുക.’

ഉത്ഥിതനായ മിശിഹായുടെ പ്രതീകമാണ് പൗരസ്ത്യ സുറിയാനി സഭയില്‍ ഉപയോഗിക്കുന്ന മാര്‍ത്തോമാ കുരിശ്. ഉത്ഥാന തിരുനാളില്‍ മാര്‍ത്തോമാ കുരിശില്‍ നോക്കി നമുക്കും പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കട്ടെ. ‘ദൈവമേ, എന്റെ ഹൃദയത്തിന്റെ അന്ധകാരത്തിലേയ്ക്ക് അങ്ങയുടെ പ്രകാശം പരത്തേണമേ.’ ക്രിസ്തു പഠിപ്പിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് ഭയപ്പെടാതെ ക്രിസ്തുവില്‍ വിശ്വസിക്കാനുള്ള കൃപയ്ക്കായി ക്രിസ്തുവിന്റെ ഉത്ഥാനരഹസ്യങ്ങളും അനുസ്മരിക്കുന്ന ഈ ബലിയില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. ഉത്ഥിതനായ മിശിഹാ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ഫാ. ജോസഫ് ജെ. ആര്യപ്പള്ളില്‍ MCBS