യുവജനങ്ങള്‍-ഉത്ഥിതന്‍റെ സാക്ഷികള്‍

റവ. ഫാ. തോമസ് കയ്യാലയ്ക്കല്‍

ഉയിര്‍പ്പിലുള്ള പ്രത്യാശ ക്രൈസ്തവ വിശ്വാസത്തിന്‍റെ അനുബന്ധമല്ല മറിച്ച് അടിത്തറയാണ്. ഉയിര്‍പ്പിലുള്ള വിശ്വാസവും ദൈവത്തിലുള്ള വിശ്വാസവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവത്തിലുള്ള വിശ്വാസം പ്രായോഗിക ജീവിതത്തില്‍ ഒരു വിശ്വാസിയെ ഉയിര്‍പ്പിലുള്ള വിശ്വാസത്തില്‍ കൊണ്ടുചെന്നെത്തിക്കുന്നു. നസ്രായനായ യേശു ഇസ്രായേല്‍ ജനം മുഴുവനും നൂറ്റാണ്ടുകളായി കാത്തിരുന്ന രക്ഷകനും ദൈവത്തിന്‍റെ അഭിഷിക്തനുമാണെന്ന് തെളിയിക്കുന്നതാണ് യേശുവിന്‍റെ ഉത്ഥാനം.

ഒരു ദൈവം ലോകത്തിലുള്ള എല്ലാവര്‍ക്കും സംലഭ്യനാകുന്ന വലിയ അത്ഭുതമാണ് ഉയിര്‍പ്പുതിരുനാള്‍. ചരിത്രപുരുഷനായ യേശു ഒരു പ്രത്യേക സ്ഥലത്ത് മാത്രം ഒതുങ്ങിനിന്ന വ്യക്തിയായിരുന്നു. ബേത്ലഹേമില്‍ ജനിച്ച് നസ്രത്തില്‍ വളര്‍ന്ന് യൂദായിലും പരിസരപ്രദേശങ്ങളിലും ചുറ്റിസഞ്ചരിച്ച് വചനം പറഞ്ഞ് ജറുസലേമില്‍ അവസാനിച്ച ജീവിതം. ജനിച്ചുവളര്‍ന്ന സ്ഥലത്തുനിന്നും ഇരുനൂറ് മൈയിലിലധികം സഞ്ചരിച്ചിട്ടില്ലാത്ത ജീവിതം. ഇപ്രകാരം ഒരു പ്രത്യേക സ്ഥലത്ത് ഒതുങ്ങിനിന്ന യേശു ലോകത്തിന് മുഴുവന്‍ സംലഭ്യനാകുന്ന വലിയ അത്ഭുതമാണ് യേശുവിന്‍റെ ഉയിര്‍പ്പ്.

ചരിത്ര പുരുഷനായ യേശുവിന് ‘എമ്മാനുവേല്‍’ എന്ന് അവകാശപ്പെടാന്‍ ഒരര്‍ത്ഥത്തില്‍ സാധിക്കുകയില്ല. എമ്മാനുവേല്‍ പ്രവചനം പൂര്‍ത്തീകരിക്കപ്പെടുന്നത് ഉയിര്‍പ്പിലാണ്. ലോകത്തിലൂടെ എല്ലാ മനുഷ്യരോടൊപ്പം ഒരേ സമയം ഒരേ രീതിയില്‍ ദൈവം കൂടെ ആയിരിക്കുന്ന അവസ്ഥയാണ് ഉയിര്‍പ്പ്. അതുകൊണ്ടാണ് ഉയിര്‍ത്ത് എഴുന്നേറ്റ യേശുവിനെ ഓരോരുത്തരും അവരവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞു എന്ന് നാം വചനത്തില്‍ വായിക്കുന്നത്.
മഗ്ദലനമറിയം – (യോഹ 20:11-18); തോമസ്- (യോഹ 20:24-29); തിബേരിയോസ് കടല്‍ തീരത്തെ ശിഷ്യന്മാര്‍-(യോഹ: 21: 1-14) എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാര്‍ (ലൂക്കോ 24:13-35) നമുക്ക് വേണ്ടി ക്രൂശില്‍ മരിച്ച യേശുവിലല്ല നാം വിശ്വസിക്കുന്നത്. നമുക്ക് വേണ്ടി ക്രൂശില്‍ മരിച്ച് ഉത്ഥാനം ചെയ്ത് ഇന്നും നമ്മോടു കൂടെ ജീവിച്ചിരിക്കുന്ന യേശുവിലാണ് നാം വിശ്വസിക്കുന്നത്. ജീവിക്കുന്ന ദൈവത്തിന് സാക്ഷികളാകാനാണ് ഓരോരുത്തരും വിളിക്കപ്പെടുന്നത്.

വിശുദ്ധ ബൈബിളില്‍ വിശ്വാസത്തിലേക്കുള്ള വിളിയും സമര്‍പ്പണവും നടക്കുന്നത് യുവത്വത്തിലാണ്. അബ്രഹാമിന് എഴുപത്തിഅഞ്ചാമത്തെ വയസ്സിലാണ് വിളി ലഭിച്ചതെങ്കിലും അന്നും അദ്ദേഹം യുവത്വത്തിലായിരുന്നുവെന്ന് പിന്നീടുള്ള ചരിത്രം വ്യക്തമാക്കുന്നു. എഴുപത്തിയഞ്ചിലെ ഈ വിളിക്കുശേഷമാണ് അബ്രഹാം ലോത്തിനേയും സമ്പത്തുകളെയും ശത്രുക്കളില്‍നിന്നും രക്ഷിക്കുന്നത്. അതായത് യുദ്ധത്തില്‍ ഏര്‍പ്പെടാന്‍ പോലും ശക്തനായിരുന്നു അബ്രഹാം എന്ന് വ്യക്തം.
മോശയെ ദൈവം വിളിക്കുന്നത് യുവത്വത്തിലാണ്. ഇതുതന്നെയാണ് എല്ലാ പ്രവാചകന്മാരുടെയും ചരിത്രം. ജറമിയായുടെ വിളി യുവത്വത്തിലേക്ക് പ്രവേശിക്കുമ്പോഴാണ്. തന്നെ വിളിച്ച ദൈവത്തോട് ജറമിയ പറയുന്നു: “ദൈവമായ കര്‍ത്താവേ, ഞാന്‍ കേവലം ബാലനാണ്. സംസാരിക്കുവാന്‍ എനിക്ക് പാടവമില്ല (ജറമിയ 1:6). വിളിയില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് ജറമിയ ശ്രമിച്ചത്. എന്നാല്‍ ദൈവം അത് അനുവദിക്കുന്നില്ല. ദൈവം പറയുന്നു: “വെറും ബാലനാണെന്ന് നീ പറയരുത്. ഞാന്‍ അയക്കുന്നിടത്തേക്ക് നീ പോകണം. ഞാന്‍ കല്പിക്കുന്നതെന്തും നീ സംസാരിക്കണം” (ജറമിയ 1:7) ബൈബിളിന്‍റെ പാരമ്പര്യത്തില്‍ യുവത്വമാണ് വിശ്വസിക്കാനുള്ള കാലം. അത് വാര്‍ദ്ധക്യത്തിലേക്കും ജീവിതാന്ത്യത്തിലേക്കും നിലനില്‍ക്കുകയും വളരുകയും ചെയ്യുന്നു.

വാര്‍ദ്ധക്യത്തില്‍ വാനപ്രസ്ഥവും സന്ന്യാസവും വിധിക്കുന്ന പാരമ്പര്യം വിശ്വാസത്തെപ്പറ്റിയുള്ള മറ്റൊരു ചിന്തയില്‍ നിന്നും രൂപപ്പെട്ടതാണ്. ആരോഗ്യം നഷ്ടപ്പെട്ട് സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ സ്രഷ്ടാവിനെപ്പറ്റി ചിന്തിക്കുകയും സമര്‍പ്പിക്കുകയും ചെയ്യുന്ന പാരമ്പര്യമാണിത്. എന്നാല്‍ ക്രിസ്തീയ വിശ്വാസം അതല്ല. തന്നെ വിളിക്കുന്ന ദൈവത്തിന് തനിക്കുള്ളതും തന്നെയും പൂര്‍ണ്ണമായും സമര്‍പ്പിക്കുകയും ആ ദൈവത്തോട് സ്നേഹസംഭാഷണത്തിലേര്‍പ്പെടുകയും ചെയ്യുന്നതാണ് ക്രിസ്തീയ വിശ്വാസം. അതിനാല്‍ അത് യുവത്വത്തിലാണ് നടക്കേണ്ടത്. അതുകൊണ്ടാണ് ബൈബിള്‍ ഇങ്ങനെ പഠിപ്പിക്കുന്നത്.

“ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുര്‍ദിനങ്ങളും വര്‍ഷങ്ങളും ആഗമിക്കും മുന്‍പ് യൗവനകാലത്ത് സ്രഷ്ടാവിനെ സ്മരിക്കുക” (സഭാപ്രസംഗകന്‍ 12:1).

കടപ്പാട്: മലങ്കര നാദം
ധര്‍മ്മപീഠം, മലങ്കര കാത്തലിക്ക് ബിഷപ്സ് ഹൗസ്
സുല്‍ത്താന്‍ ബത്തേരി പി.ഒ., വയനാട്, കേരള -673 592
ഫോണ്‍ – 9446293293

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.