ഉത്ഥാനം: പുതിയ പ്രതീക്ഷ

തോമസ് നാച്ചേരിയില്‍

ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം. നിങ്ങള്‍ നിങ്ങളുടെ പാപത്തില്‍ തന്നെ വര്‍ത്തിക്കുന്നു (1 കോറി. 15, 14-17).

യേശുവിന്‍റെ ഉയിര്‍പ്പ് ഒരു ചരിത്രസംഭവമാണ്. എങ്കിലും യേശുവിന്‍റെ ഉയിര്‍പ്പില്‍ അവിടുത്തെ മനുഷ്യത്വം ദൈവമഹത്വത്തില്‍ പ്രവേശിക്കുന്നതിനാല്‍ ചരിത്രത്തെ അതിശയിക്കുകയും മറികടക്കുകയും ചെയ്യുന്ന വിശ്വാസത്തിന്‍റെ ഒരു രഹസ്യമാണ്. അതുകൊണ്ടാണ് ഉത്ഥിതനായ ക്രിസ്തു ലോകത്തിന് സ്വയം വെളിപ്പെടുത്താതെ ശിഷ്യന്മാര്‍ക്ക് മാത്രം വെളിപ്പെടുത്തി അവരെ ജനത്തിനു മുമ്പില്‍ തന്‍റെ സാക്ഷികളാക്കിയത്. യേശു ശിഷ്യന്മാരിലൂടെ നാം ശ്രവിച്ച യേശുവിന്‍റെ ഉത്ഥാനം ഉറപ്പായി വിശ്വസിക്കുന്നവനാണ് ക്രിസ്ത്യാനി. ക്രൈസ്തവ വിശ്വാസത്തിന്‍റെ മൂലക്കല്ല് ക്രിസ്തുവിന്‍റെ പുനഃരുത്ഥാനമാണ്.

മനുഷ്യന്‍ ഏറ്റവുമധികം ഭയപ്പെടുന്ന ശത്രു മരണമാണ്. ജീവിതകാലം മുഴുവന്‍ മരണഭീതിയോടെ അടിമത്തത്തില്‍ കഴിഞ്ഞവരെ ക്രിസ്തുവിന്‍റെ ഉയിര്‍പ്പ് സ്വതന്ത്രമാക്കി. മരണത്തേയും തിന്മയുടെ ശക്തിയേയും ദൈവം ആത്യന്തികമായി പരാജയപ്പെടുത്തി. മരണത്തെ ജയിച്ച് ഉത്ഥാനം ചെയ്ത യേശു സമാധാനത്തിന്‍റെ ദൈവമാണ്. ഉത്ഥിതന്‍ ശിഷ്യന്മാര്‍ക്കും ഈ ലോകത്തിനും മുഴുവന്‍ സമാധാനം ആശംസിച്ചു. ദൈവത്തിന്‍റെ ഈ സമാധാനമാണ് നമ്മെ വിശുദ്ധീകരിക്കുന്നത്. യേശുവിനെ ആഴമായി സ്നേഹിക്കുന്നവര്‍ക്ക് അവന്‍ പ്രത്യക്ഷനായി സമാധാനം ആശംസിക്കുന്നു. ദൈവസ്നേഹത്താല്‍ ഹൃദയം ജ്വലിക്കും. കണ്ണുകള്‍ തുറക്കപ്പെടും. ഉയിര്‍ത്തെഴുന്നേറ്റവനെ കാണാനും ഗ്രഹിക്കാനും സാധിക്കും. ഉത്ഥാനത്തിനു ശേഷം നാല്‍പ്പത് ദിവസം ക്രിസ്തു ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷനായി ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിച്ചു (അപ്പൊ. 1-3) അതുകൊണ്ട് ഉത്ഥാനത്തെ ഹൃദയം കൊണ്ട് മനസ്സിലാക്കാന്‍ കഴിയണം.

ആധുനിക ലോകം ഒഴുക്കിനൊത്ത് നീങ്ങുന്നു. പ്രത്യേക ലക്ഷ്യമോ പ്രത്യാശയോ ഒന്നുമില്ല. പലതും നേടാനുള്ള വ്യഗ്രത. അതിനുവേണ്ടി എന്തും ചെയ്യാമെന്ന മിഥ്യാധാരണ. മാനുഷിക മൂല്യങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത ലോകം. ധാര്‍മ്മികതയ്ക്ക് വില കല്പ്പിക്കാത്ത തലമുറ. മൂല്യമില്ലാത്ത വിജ്ഞാനത്തി
ന്‍റേയും മറ്റ് ഭൗതിക സുഖങ്ങളുടെ പിറകെ പോകുന്ന സമൂഹം. പരസ്പരം ശത്രുതയോടെ പെരുമാറുന്ന സമൂഹം. ശത്രുക്കള്‍ തമ്മില്‍ പോരാടാന്‍ തക്കം പാര്‍ത്തിരിക്കുന്നു. ആയുധങ്ങളും വെടിക്കോപ്പുകളും ആവോളം ശേഖരിക്കുന്നു. അവസരം കിട്ടിയാല്‍ ആക്രമിക്കാന്‍ തയ്യാറായിരിക്കുന്നവര്‍. ഇവിടെ സമൂഹം ഭീതിയോടെ കഴിയുന്നു. പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാതെ ആ പുത്തന്‍ തലമുറ വളര്‍ന്നു വരുന്നു. പാപവും തിന്മയും പെരുകുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ കര്‍ത്താവിന്‍റെ ഉത്ഥാനം പുതിയ കാഴ്ചപ്പാട്, പുതിയ പ്രതീക്ഷ നമുക്ക് തരുന്നു. വിജ്ഞാനത്തിനോ, ഭൗതീക വിഭവങ്ങള്‍ക്കോ നല്‍കാന്‍ കഴിയാത്ത സമാധാനത്തിന്‍റെ അനുഭവം ഉത്ഥിതനായ കര്‍ത്താവില്‍ നിന്ന് ലഭിക്കും.

ഉത്ഥിതനായ ക്രിസ്തുവുമായുള്ള വ്യക്തിപരമായ സമാഗമമാണ് ക്രൈസ്തവ ജീവിതം. ക്രിസ്തു ശിഷ്യന്മാരായ വി. പത്രോസ്, വി. യോഹന്നാന്‍, വി. തോമാശ്ശീഹ, വി. പൗലോസ് തുടങ്ങിയവര്‍ ഈ സമാഗമം വ്യക്തിപരമായി അനുഭവിച്ചവരാണ്. ഈ അനുഭവത്തില്‍ നിന്നാണ് അവര്‍ ദൈവത്തെ പ്രഘോഷിച്ചത്. ഈ പ്രഘോഷണം ശ്രവിച്ചവര്‍ ആത്മസമര്‍പ്പണത്തോടെ ക്രിസ്തുവിനായും മറ്റുള്ളവര്‍ക്കായും ജീവിക്കാന്‍ കഴിവുള്ളവരായിതീര്‍ന്നു.

നമ്മോടൊപ്പം മറ്റുള്ളവരേയും കരുതാനും താങ്ങാനും നമുക്ക് കഴിയണം. നമ്മുടെ സമൃദ്ധിയില്‍ ചുറ്റുപാടും സമൃദ്ധമാക്കുവാന്‍ നാം തല്‍പരരായിരിക്കണം. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെല്ലാം കാരുണ്യത്തിന്‍റെ വഴിയെ ആയിരിക്കുവാന്‍ പ്രയത്നിക്കാം. സുവിശേഷത്തിന്‍റെ സന്തോഷം നമ്മള്‍ ആയിരിക്കുന്ന ദേശത്ത് മുഴുവന്‍ പകര്‍ന്നു നല്‍കാം. പ്രത്യാശ കൈവിടാതെ മുന്നേറാം.

ഈ ലോക ജീവിതം അര്‍ത്ഥ പൂര്‍ണ്ണമാകുന്നതും പ്രത്യാശയോടെ മുന്നോട്ടു പോകാനും നമ്മെ പ്രാപ്തമാക്കുന്നതും കര്‍ത്താവിന്‍റെ പുനഃരുത്ഥാനമാണ്. ഈ ഉത്ഥാനം നമ്മുടെ ജീവിതത്തിന്‍റേയും വിശ്വാസത്തി ന്‍റേയും കാതലും അടിസ്ഥാനവുമാണ്. ഈ ലോക ജീവിതത്തിലെ എല്ലാ അനുഭവങ്ങളും സഹനങ്ങളും ഏറ്റെടുക്കുവാന്‍ കര്‍ത്താവിന്‍റെ പീഢാസഹനങ്ങളും പുനഃരുത്ഥാനവും നമ്മെ സഹായിക്കുന്നു. ഇന്ന് നാം കാണുന്ന പരസ്പര സ്നേഹമില്ലായ്മയും സമാധാനമില്ലായ്മയും കര്‍ത്താവിന്‍റെ ഉത്ഥാനത്തിലൂടെ സ്നേഹവും സമാധാനവുമായി മാറുകയാണ്. പരിശുദ്ധാത്മാവിനെ നമ്മിലേക്ക് ദൈവം അയച്ചു. ഈ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നവര്‍ക്ക് സമാധാനം ലക്ഷ്യവുമായി. തീഷ്ണമായ ഒരുക്ക ത്തോടെയും പ്രാര്‍ത്ഥനയോടും കൂടി പരിശുദ്ധാത്മാവിനെ സ്വീകരിച്ച് ശക്തരാകുമ്പോള്‍ ദൈവത്തിന്‍റെ സമാധാനം ലോകത്തോടു മുഴുവന്‍ വിളിച്ചു പറയാതിരിക്കാന്‍ നമുക്കാവില്ല. യേശു ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു, അവന്‍ സത്യമായും ഉയിര്‍ത്തെഴുന്നേറ്റു എന്ന പ്രഖ്യാപനം ഉത്ഥിതന്‍റെ സമാധാനം ലോകത്തില്‍ മുഴുവന്‍ വ്യാപരിപ്പിക്കുവാന്‍ ക്രൈസ്തവരായ നമ്മിലൂടെ സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കാം.

കടപ്പാട്: മലങ്കര നാദം
ധര്‍മ്മപീഠം, മലങ്കര കാത്തലിക്ക് ബിഷപ്സ് ഹൗസ്
സുല്‍ത്താന്‍ ബത്തേരി പി.ഒ., വയനാട്, കേരള -673 592
ഫോണ്‍ – 9446293293

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.