ഈസ്റ്റർ

ഓർമ്മകൾക്ക് ജീവിതത്തിൽ വളരെയേറെ പ്രാധാന്യമുണ്ട്. കാരണം, ജീവിതത്തെ പ്രകാശമാനമാക്കുന്നതും നല്ല നാളെകളെ സ്വപ്നം കണ്ടു ജീവിക്കാൻ നമ്മളെയൊക്കെ പ്രേരിപ്പിക്കുന്നതും ഇന്നലെകളിലെ ഓർമ്മകളാണ്. ഈസ്റ്റർ, ഓർമ്മകളുടെ ആഘോഷമാണ്. ഒരാളുടെ മരണം പോലും അയാളുടെ ജീവിതത്തിന്റെയോ അയാൾ കണ്ട സ്വപ്നങ്ങളുടെയോ അവസാനമല്ല എന്ന ഓർമ്മയാണ് ഈസ്റ്റർ നമുക്ക് നൽകുന്നത്. ആ ഓർമ്മയാണ്-കർത്താവിന്റെ ഉയിർപ്പാണ് നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനവും മൂലക്കല്ലും.

നോക്കുക. എത്ര മനോഹരമായിട്ടാണ് ഉയിർത്തെഴുന്നേറ്റ ഈശോ, ജീവിതത്തിന്റെ വഴിത്താരകളിൽ തന്നോട് കൂടെ ഉണ്ടായിരുന്നവരുടെ ഓർമ്മകളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. അത് ഏറ്റവും മനോഹരമായി വരച്ചുകാണിക്കുന്നത് യോഹന്നാൻ സുവിശേഷകനാണ്. തിബേരിയാസ് കടൽത്തീരത്തെ മീൻപിടിത്തത്തിലൂടെ. മീൻപിടുത്തവുമായി നടന്നവരെ മനുഷ്യരെ പിടിക്കുന്നവരാക്കിയ നല്ല ഓർമ്മകൾ തമ്പുരാന്റെ മനസിൽ ഉണ്ട്. പക്ഷെ, ശിഷ്യന്മാർ തമ്പുരാന്റെ മരണത്തോടെ ആ ഓർമ്മകളെ എല്ലാം മറവികൾ ആക്കി വള്ളവും വലയുമായി ഇറങ്ങുകയാണ് വീണ്ടും. പക്ഷെ, ഒന്നും മറക്കാത്ത ഈശോ പഴയ ഓർമ്മകളിലൂടെ വീണ്ടും അവരെ, മനുഷ്യരെ പിടിക്കുന്നവർ ആക്കുന്നു. അതിലുപരി അവരുടെ ഓർമ്മകൾക്ക് ജീവൻ കൊടുക്കുന്നു.

ഓർമ്മകളെ കൊല്ലരുത്. മറിച്ച്, ജീവൻ കൊടുത്ത് വളർത്തണം. ഉത്ഥിതനെക്കുറിച്ചാകുമ്പോൾ തീർച്ചയായും. ആ ഓർമ്മകൾ നമ്മിൽ വളരുകയും മറ്റുള്ളവരിൽ നാം വളർത്തുകയും ചെയ്യണം. കാരണം, അതാണ് നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. അതുകൊണ്ടാണ് വിശുദ്ധ പൗലോസ് ശ്ലീഹ കൊറിന്തോസുകാരുടെ ലേഖനത്തിൽ ഇപ്രകാരം പറയുന്നത്:
“ക്രിസ്‌തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ഥമാണ്‌. നിങ്ങളുടെ വിശ്വാസവും വ്യര്‍ഥം” (1 കോറി 15:14). അതുകൊണ്ട്
കർത്താവിന്റെ ഉയിർപ്പിനെകുറിച്ചുള്ള ഓർമ്മകൾക്ക് മരണമില്ലാതാകുമ്പോൾ, എന്നിലൂടെ അത് അപരനിലേക്ക് വളരുമ്പോൾ, നമ്മുടെ വിശ്വാസവും ശ്ലീഹന്മാരുടെ പ്രഘോഷണവും വ്യർഥമാവാതിരിക്കും.

ഉയിർപ്പിനെക്കുറിച്ചുള്ള ഓർമ്മകൾ നമ്മെ കൊണ്ടുചെന്നെത്തിക്കുക അവന്റെ ജനനത്തിലാണ്. കാരണം, രക്ഷകനെ കാത്തിരുന്ന ഒരുപാട്‌ ആളുകളുടെ പ്രതീക്ഷകൾ നിറഞ്ഞ സമാധാനത്തിന്റെ ഓർമ്മകളിലേക്കാണ് അവൻ മനുഷ്യനായി അവതരിച്ചത്. ഈശോയുടെ ജനനസമയത്ത് മാലാഖമാർ ആശംസിച്ചതും (ലൂക്ക 2:14) ഉത്ഥാനശേഷം ഈശോ ആശംസിച്ചതും (ലൂക്ക 23:36) ഈ സമാധാനത്തിന്റെ ഓർമ്മകൾ ആയിരുന്നു. കാരണം, അവൻ സമാധാനത്തിന്റെ രാജാവും പ്രഘോഷകനും ആയിരുന്നു. അവന്റെ മനസ്സിൽ സമാധാനപൂർണ്ണമായ ജീവിതത്തെക്കുറിച്ചുള്ള ഓർമ്മകളായിരുന്നു. അവൻ ജീവിതം സമർപ്പിച്ചതും അതിനുവേണ്ടി ആയിരുന്നു.

ഉത്ഥിതന്റെ സമാധാനം സ്വീകരിച്ച ശിഷ്യന്മാരിൽ പിന്നീട് ഭയത്തിന്റെ ഓർമ്മകൾക്ക് സ്ഥാനമില്ലാതായി. അതുവരെ കാൽവരിയുടെ ഭയപ്പെടുത്തുന്ന ഓർമ്മകൾ വേട്ടയാടിയ അവർക്ക് ഉത്ഥിതന്റെ ഓർമ്മകൾ ജീവശ്വാസം ആയിരുന്നു. ആ ഓർമ്മകൾക്ക് ജീവൻ വച്ചപ്പോൾ ഇരട്ടിശക്തിയോടെ അവർ ഉത്ഥിതനെ പ്രഘോഷിച്ചു. ഉത്ഥിതനായ ഈശോ അവരിൽ ജീവനുള്ള-എന്നെന്നും നിലനിൽക്കുന്ന ഓർമ്മയായി. അതുകൊണ്ട് ഉയിർപ്പിന്റെ ഈ സന്തോഷത്തിലേക്ക് പ്രവേശിക്കുമ്പോൾ നമുക്കും ഓർമ്മകളെ ആഘോഷമാക്കാം. ഉത്ഥിതനായ ഈശോയുടെ ജ്വലിക്കുന്ന ഓർമ്മകളിൽ സമാധാനത്തോടെ ജീവിക്കാൻ പരിശ്രമിക്കാം.

ഒരു കാര്യം ഉറപ്പാണ്. ഓർമ്മകൾ ബാക്കിയാക്കി ഈ വിശുദ്ധവാരവും ആചാരങ്ങളും അനുഷ്‌ഠാനങ്ങളും എല്ലാം കടന്നുപോകും. പക്ഷെ, ഉത്ഥിതന്റെ ഓർമ്മകൾ മായാതിരിക്കണമെങ്കിൽ – അന്ധകാരമയമായ ജീവിതത്തിന്മേൽ പ്രകാശത്തിന്റെ തൂവെള്ളിവെളിച്ചമായി അവൻ ഉണ്ടാകണമെങ്കിൽ ഉയിർപ്പിക്കപ്പെട്ടവനെ കേൾക്കണം. കാരണം, ഓർമ്മക്കായി ചെയ്യുവിൻ എന്നു പറഞ്ഞിട്ട് അവൻ കുർബാനയായത് നമ്മിൽ നിത്യം വസിക്കാനാണ്. ഓർമ്മിക്കാം. ഉത്ഥിതന്റെ സാന്നിധ്യം! പങ്കുവയ്ക്കാം ആ സാന്നിധ്യത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾ! അങ്ങനെ നമുക്കും സാക്ഷികളാകാം. ഉത്ഥാനത്തിന്റെയും ഉത്ഥിതന്റെയും…

ഈസ്റ്റർ മംഗളങ്ങൾ…