കൊറോണ വൈറസിനെ അതിജീവിക്കാന്‍ പ്രാര്‍ത്ഥന അനിവാര്യം: ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ ഡൊണാള്‍ഡ് ട്രംപ്  

ഈ വിശുദ്ധ വാരത്തില്‍ അമേരിക്ക ഒരു അദൃശ്യ ശക്തിയോടുള്ള പോരാട്ടത്തില്‍ ആണ്. അതിന് പ്രാര്‍ത്ഥന അനിവാര്യമാണ്. പ്രതിസന്ധിയുടെ ഈ സമയം രാജ്യം അതിജീവിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്‍റെ ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ പറഞ്ഞു.

ഇക്കൊല്ലം ഈസ്റ്റര്‍ ദിനത്തില്‍ പതിവനുസരിച്ചുള്ള കൂട്ടായ്മകള്‍ ഇല്ലെങ്കിലും ഈ വിശുദ്ധ കാലത്ത് കൂടുതല്‍ സമയം പ്രാര്‍ത്ഥനയിലും, വിചിന്തനത്തിലും ചിലവഴിക്കാം. അങ്ങനെ ദൈവവുമായി വ്യക്തിപരമായി കൂടുതല്‍ അടുക്കാമെന്ന് ട്രംപ് ഓര്‍മ്മിപ്പിച്ചു. ഒപ്പം കൊറോണക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞന്‍മാരേയും, ഡോക്ടര്‍മാരേയും, നേഴ്സുമാരേയും ട്രംപ് അഭിനന്ദിക്കുകയും ചെയ്തു.

“അന്ധകാരം ഭൂമിയേയും കൂരിരുട്ട് ജനതകളേയും മൂടും, എന്നാല്‍ കര്‍ത്താവ് നിന്റെ മേല്‍ ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നില്‍ ദൃശ്യമാവുകയും ചെയ്യും” എന്ന ഏശയ്യാ പ്രവാചകന്റെ വാക്കുകള്‍ ഉദ്ധരിച്ച അദ്ദേഹം സമൂഹത്തിന് ഒരു നല്ല ഈസ്റ്റര്‍ ആശംസിച്ചു. തനിക്കും കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.