ഈസ്റ്റര്‍ നല്‍കുന്ന പ്രത്യാശ ഭാവിയെ പ്രകാശിപ്പിക്കട്ടെ: ഈസ്റ്റര്‍ സന്ദേശവുമായി എലിസബത്ത് രാജ്ഞി

ഈസ്റ്റര്‍ദിനവും ഉത്ഥിതനായ ക്രിസ്തുവും നമുക്കു നല്‍കുന്നത് പ്രത്യാശയും പ്രകാശവുമാണെന്നും കൊറോണാ വൈറസ് നമ്മെ അതിജീവിക്കില്ലെന്നും ഓര്‍മ്മിപ്പിച്ച് എലിസബത്ത് രാജ്ഞിയുടെ ഹൃദയസ്പര്‍ശിയായ ഈസ്റ്റര്‍ സന്ദേശം. വിന്‍ഡ്‌സര്‍ കാസ്റ്റിലില്‍ തയാറാക്കിയ വീഡിയോ സന്ദേശം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഇതാദ്യമായാണ് രാജ്ഞി റെക്കോര്‍ഡ് ചെയ്ത വീഡിയോയിലൂടെ ഈസ്റ്റര്‍ സന്ദേശം നല്‍കുന്നത്. “ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ടെത്തിയ പ്രഥമ ഈസ്റ്റര്‍ദിനം, അവിടുത്തെ ശിഷ്യരിലേയ്ക്ക്‌ പുതിയ പ്രത്യാശയും നവമായ ദൗത്യവും പകര്‍ന്നു. ഈസ്റ്ററിന്റെ ഈ സന്ദേശം നമുക്കും ഉള്‍ക്കൊള്ളാനാകണം. കൊറോണാ വൈറസ് നമ്മെ അതിജീവിക്കില്ല. ദുഃഖത്തിലായിരിക്കുന്നവര്‍ക്ക് മരണം എത്രത്തോളം ഇരുള്‍നിറഞ്ഞതാണോ അത്രതന്നെ വലുതാണ് അവരുടെ ജീവനും ജീവിതത്തിലേയ്ക്കുള്ള പ്രകാശവും. ഈസ്റ്റര്‍ പകരുന്ന പ്രത്യാശയുടെ പ്രകാശം ഭാവിയെ അഭിമുഖീകരിക്കാനുള്ള മാര്‍ഗ്ഗദീപമാകണം. എല്ലാ വിശ്വാസികള്‍ക്കും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഞാന്‍ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നു” – വീഡിയോ സന്ദേശത്തില്‍ രാജ്ഞി പറഞ്ഞു.