ആഴ്ചയുടെ ആദ്യ ദിവസമായ അന്നു വൈകിട്ട് ശിഷ്യന്മാര് യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, യേശു വന്ന് അവരുടെ മധ്യേ നിന്നുകൊണ്ട് അവരോടു പറഞ്ഞു: “നിങ്ങള്‍ക്കു സമാധാനം!” (യോഹ. 20:19).
ഉത്ഥിതന്‍ തന്റെ ശിഷ്യന്മാര്ക്ക് ആദ്യം പ്രത്യക്ഷപ്പെട്ടത് അടച്ചിട്ട മുറിയില്‍. കോവിഡ്-19 എന്നാ വൈറസിനെ ഭയന്ന് നാം കതകടച്ച് ലോക്ക് ഡൗണില്‍ ആയിരിക്കുവാന്‍ തുടങ്ങിയിട്ട് ആഴ്ചകളായല്ലോ. ഭയത്തിന്റെയും അരക്ഷിതത്വത്തിന്റെയും അന്തരീക്ഷം എനിക്ക് പുറത്തല്ല; എന്റെ വീടിനു പുറത്തെ നാല്ക്കവലകളില്ല; എന്റെ മുറിയിലാണ്. മുറിയാകട്ടെ, എന്റെ ആന്തരികതയുടെ പ്രതീകമാണ്.
പുറത്തെ അന്തരീക്ഷം എന്തുതന്നെ ആയിക്കൊള്ളട്ടെ. എന്റെ രക്ഷകനായ ദൈവത്തെ, ജീവിക്കുന്നവനും ഇന്നും ഇടപെടുന്നവനുമായി എന്റെയുള്ളില്‍ കണ്ടെത്തുന്നതാണ് ഈസ്റ്റര്‍ – ഉത്ഥാന തിരുനാള്‍. ‘അവന് അവന്റെ കരങ്ങളും കാലുകളും കാണിച്ചു’ (യോഹ. 20,20). നമ്മുടെ രക്ഷ ശരീരത്തിനതീതമല്ല; ശരീരത്തിലും ശരീരത്തിലൂടെയുമാണ് എന്ന് വി. ഇരണേവൂസ്. പഴയതിന്റെ തുടര്‍ച്ചയാണെങ്കിലും അവിടുത്തെ ശരീരം ഇപ്പോള്‍ ഉത്ഥിതശരീരമാണ്. പാപഗ്രസ്ഥമായ മനുഷ്യശരീരത്തെ അവിടുന്ന് തന്റെ മരണം കൊണ്ടു വിജയം വരിച്ചു – ഉദാത്തവത്കരിച്ച് ആരോഗ്യമുള്ളതാക്കി.
കോവിഡിനോടു പടപൊരുതി രോഗത്തെയും മരണത്തെയും നാം വിജയിക്കുക തന്നെ ചെയ്യും. ആശുപത്രികളിലും ഭവനങ്ങളിലുമായി കഴിയുന്ന രോഗികളിലും ആതുരരിലും നാം കണ്ടെത്തുന്നത് ഉത്ഥിതന്റെ ശരീരം തന്നെയാണ്. ജീവന് ബലികൊടുത്തും അവരെ ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ജീവിക്കുന്നവനായ കര്‍ത്താവിന്റെ ഉപകരണങ്ങളാണല്ലോ. ഉത്ഥിതന്‍ രോഗാതുരമായ സമൂഹത്തിന് സൗഖ്യമേകട്ടെ; രോഗികള്‍ക്ക് നവജീവന്‍ നല്കട്ടെ. ഏവര്‍ക്കും ഈസ്റ്ററിന്റെ മംഗളങ്ങള്‍!
മാര്‍ ടോണി നീലങ്കാവില്‍
തൃശ്ശൂര്‍ അതിരൂപത സഹായമെത്രാന്‍