ഈസ്റ്റര്‍ 2020: ഉത്ഥിതനു മാത്രമാണ് പ്രാമുഖ്യം – മാര്‍ ജേക്കബ്‌ തൂങ്കുഴി

കോവിഡ്-19 പിടികൂടിയാല്‍ വൃദ്ധരെ കൊണ്ടേ പോകൂ എന്നാ കേട്ടത്. അപ്പോള്‍ നവതിയിലെത്തിയ എന്റെ കാര്യമാണ് ഏറ്റവും പരിങ്ങലില്‍. ഞാനാണ് ഭയപ്പെടേണ്ടത്. ശരി, ഞാന്‍ ഭയപ്പെട്ടാണ്‌ കഴിയുന്നത്. എന്നെക്കുറിച്ചല്ല, ഞാനുമായി ബന്ധപ്പെട്ട അനേകരെക്കുറിച്ച്. ആശുപത്രി സേവനം ചെയ്യുന്നവര്‍, ജനസമ്പര്‍ക്കം ജോലിയുടെ ഭാഗമാക്കേണ്ടി വരുന്നവര്‍, വ്യാപനത്തിന് വിധേയരാവാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ ഇവരൊക്കെ എന്നില്‍ ഭീതിയുണര്‍ത്തുന്നു.

ഈ കോവിഡ്-19 ആക്രമണത്തില്‍ രണ്ടുപേരുടെ പ്രസ്താവനകളാണ് എന്നെ ആഴമായി സ്പര്‍ശിച്ചത്. ഒന്ന്, ഇംഗ്ലണ്ടിലെ മുന്‍ പ്രധാനമന്ത്രി ശ്രീമതി തെരേസാ മേ. രണ്ട് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജുസേപ്പെ കോന്തെ.

മേ പറഞ്ഞു: “Only Jesus can save us from this disaster.” കോന്തേ പറഞ്ഞു: “ദൈവമേ, ഞാന്‍ ഇതാ കീഴടങ്ങുന്നു. നിനക്കു മാത്രമേ ഇനി ഞങ്ങളെ രക്ഷിക്കാനാവൂ.” ഈ രണ്ടുപേരോടൊത്തുചേര്‍ന്ന് ഞാനും പറയുന്നു. “ദൈവമേ, നിനക്കു മാത്രമേ ഞങ്ങളെ രക്ഷിക്കാനാവൂ. ചികിത്സയിലും നിരീക്ഷണത്തിലും ഭീതിയിലും കഴിയുന്ന ലക്ഷങ്ങളെ അങ്ങയുടെ കരുണയ്ക്കായി സമര്‍പ്പിക്കുന്നു.”

ജന്മാനാ അന്ധനായ മനുഷ്യന്‍ അന്ധനായി പിറന്നത് ആരുടെ പാപം മൂലമാണ് എന്ന ചോദ്യം ഇവിടെയും ചോദിച്ചുപോവുകയാണ്. ലോകത്തില്‍ ഒരു വര്‍ഷം നടന്ന അബോര്‍ഷന്റെ കണക്ക് പത്രങ്ങളില്‍ ഈയിടെ കണ്ടു. തല മരവിപ്പിക്കുന്ന കോടികളുടെ കണക്കാണ്. നിര്‍ദ്ദോഷികളായ കുഞ്ഞുങ്ങളെ നിഷ്‌കരുണം വധിക്കുന്ന ഈ ക്രൂരതയ്ക്ക് കോവിഡ് മതിയായ ശിക്ഷയാകുമോ? ശിക്ഷ അര്‍ഹിക്കുന്ന ലോകമാണ് നമ്മുടെ ലോകം. എങ്കിലും യേശുവിന്റെ ഉത്തരം വ്യത്യസ്തമാണ്. പാപം ചെയ്തിട്ടല്ല, ദൈവത്തിന്റെ മഹത്വം വെളിപ്പെടേണ്ടതിനാണ്.

വെളിപ്പെടുന്നുണ്ട്. കോവിഡ് പരസ്പരം ശ്രദ്ധിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു. പൊതുസമൂഹത്തിനുവേണ്ടി സ്വന്തം താല്‍പര്യങ്ങള്‍ ബലി കഴിക്കാന്‍ പ്രേരിപ്പിക്കുന്നു. ദൈവസന്നിധിയിലേയ്ക്ക്‌ തിരിയുവാന്‍ വിമുഖരായിരുന്ന അനേകരെ തിരിക്കുന്നു. സന്യാസഭവനങ്ങള്‍ ഇടമുറിയാത്ത ആരാധനയിലും പ്രാര്‍ത്ഥനയിലും ജനത്തിനുവേണ്ടി മാദ്ധ്യസ്ഥ്യം പറയുന്നു; ഉപവസിക്കുന്നു. കണ്ണില്ലാത്തവനേ, കണ്ണിന്റെ വിലയറിയൂ എന്ന് പറഞ്ഞതുപോലെ വിശുദ്ധ കുര്‍ബാന ലഭിക്കാത്തവര്‍ തങ്ങള്‍ക്ക് ഇല്ലാതെപോകുന്ന ഈ കൃപ എത്രയോ മനോഹരമായിരുന്നു എന്ന ബോധ്യത്തിലെത്തുന്നു. കുര്‍ബാന കിട്ടാത്ത മക്കള്‍ ആഗ്രഹം കൊണ്ടും സ്‌നേഹ കൊണ്ടും കുര്‍ബാന കിട്ടുന്നവരെക്കാള്‍ ആധ്യാത്മികമായി മുന്നേറണം. കിട്ടുന്നവരാകട്ടെ, യേശു നല്‍കുന്ന വലിയ കൃപയ്ക്ക് നന്ദി പറയുക്കയും വേണം.

ജീവിതത്തിലാദ്യമായി നിരാഘോഷമായി ആചരിക്കപ്പെടുന്ന വലിയ ആഴ്ച്ചയും ഉയിര്‍പ്പ് തിരുനാളും വരുന്നു. ഇത്തവണ ചടങ്ങള്‍ക്കല്ല, ഉത്ഥിതനു മാത്രമാണ് പ്രാമുഖ്യം. അവിടെയാണ് ഫോക്കസ്. ഉത്ഥിതനായ യേശു കടന്നുവന്ന് കോവിഡിനെ കീഴടക്കട്ടെ. നിങ്ങള്‍ക്ക് ഉയിര്‍പ്പു തിരുനാളിന്റെ സ്‌നേഹാംശംസകള്‍.

മാര്‍ ജേക്കബ്‌ തൂങ്കുഴി
തൃശ്ശൂര്‍ അതിരൂപത മുന്‍ മെത്രാപ്പോലീത്ത