ഈസ്റ്റര്‍ സമാധാനത്തിന്റെ ഉത്സവം- മാര്‍ ആന്‍ഡ്രൂസ് താഴത്ത്

യേശുവിന്റെ മരണശേഷം പേടിച്ച് കതകടച്ചിരിക്കുന്ന ശിഷ്യന്‍മാര്‍ക്ക് ഉത്ഥിതനായ ക്രിസ്തു ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോള്‍ പറഞ്ഞ വാക്കുകളാണ് “നിങ്ങള്‍ക്ക് സമാധാനം!” തുടര്‍ന്നും ഓരോ പ്രാവശ്യം ശിഷ്യസമൂഹത്തിന് പ്രത്യക്ഷപ്പെടുമ്പോഴും ഉത്ഥിതന്‍ ആശംസിക്കുന്നത് ഈ സമാധാനം തന്നെയാണ്. 2000 വര്‍ഷങ്ങള്‍ക്കിപ്പുറം നാം ഉയിര്‍പ്പുതിരുനാള്‍ ആഘോഷിക്കുമ്പോഴും ഉത്ഥിതന് ആശംസിക്കുവാനുള്ളത് ഇത് തന്നെയാകും,”‘നിങ്ങള്‍ക്ക് സമാധാനം!” ഉയിര്‍പ്പുതിരുന്നാളിന്റെ സന്ദേശം സമാധാനത്തിന്റേതാണ്.

സമാധാനം ആഗ്രഹിക്കാത്തവരായി ആരുമില്ല. ഈ ലോകത്തില്‍ എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും, സമാധാനമില്ലെങ്കില്‍ എന്തു ഫലം. അതുകൊണ്ടുതന്നെ കുട്ടികളും മുതിര്‍ന്നവരും, പാവപ്പെട്ടവരും പണക്കാരും ആഗ്രഹിക്കുന്നത് സമാധാനത്തോടെ ജീവിക്കുവാനാണ്. എന്നാല്‍ എത്ര ആഗ്രഹിച്ചിട്ടും പലപ്പോഴും ലഭിക്കാതെ പോകുന്നതും സമാധാനമാണ്. പലതും വെട്ടിപിടിക്കുവാന്‍ നെട്ടോട്ടമോടുന്നതിനിടയില്‍ യഥാര്‍ത്ഥ സമാധാനം ലഭിക്കാതെ പോകാറുണ്ടോ?

മനുഷ്യന്റെ സ്വാര്‍ത്ഥതയുടെ അനന്തരഫലങ്ങളായ യുദ്ധങ്ങളും, ഭീകരവാദവും, അക്രമരാഷ്ട്രീയവും, ലഹരിവസ്തുക്കളും നമ്മുടേയും ജീവിതത്തെ അസ്വസ്ഥമാക്കാറുണ്ട്. പലപ്പോഴും ദൈവത്തിന്റെ സ്ഥാനത്ത് തന്നെതന്നെയോ, ധനത്തെയോ, അധികാരത്തെയോ, വ്യക്തികളേയോ പ്രതിഷ്ഠിക്കുമ്പോള്‍ ഒന്നിലും സംതൃപ്തിയില്ലാത്ത അവസ്ഥ സംജാതമാവുക സ്വാഭാവികമാണ്.
സമാധാന-സന്തോഷ അനുഭവം വീണ്ടെടുക്കാന്‍ ക്രിസ്തു കാണിച്ചുതരുന്ന വഴി ആത്മത്യാഗത്തിന്റെയും, ശത്രുസ്‌നേഹത്തിന്റെയും പാതയാണ് ഉത്ഥാനവിജയം സ്വന്തമാക്കുവാന്‍ സഹനാനുഭവങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട് എന്നാണ് ക്രസ്തു പഠിപ്പിക്കുന്നത്. ഗോതമ്പുമണി നിലത്തു വീണ് അഴിയുമ്പോഴാണ് പുതുനാമ്പെടുത്ത് ഫലം ചൂടുന്ന ഗോതമ്പുചെടിയാവുകയെന്ന ഉപമയും, പ്രസവവേദന അനുഭവിക്കുന്ന സ്ത്രീ കുഞ്ഞു ജനിച്ചു കഴിയുമ്പോള്‍ സന്തോഷിക്കുന്നു എന്നുപറയുന്ന ഉദാഹരണവും, ‘നിങ്ങളുടെ ദുഖം സന്തോഷമായി മാറും’ എന്നുള്ള വചനവുമൊക്കെ ഈ സത്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. യേശുവിന്റെ ത്യാഗമാണ് ദൈവത്തിന് മനുഷ്യരോടുള്ള സ്‌നേഹത്തിന്റെ സാക്ഷ്യപത്രം; അതിന്റെ പൂര്‍ണ്ണതയാണ് ഉത്ഥാനം. കുരിശില്ലാതെ കിരീടമില്ല; ദു:ഖവെള്ളി ഉത്ഥാനത്തിലേക്ക് നയിക്കുന്നു. അതിനാല്‍ യേശുപറയുന്നു ”നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തില്‍ വിശ്വസിക്കുവിന്‍, എന്നിലും വിശ്വസിക്കുവിന്‍” (യോഹ 14:1) ”ഞാന്‍ ജീവനും പുനരുത്ഥാനവുമാകുന്നു” (യോഹ 11:25) എന്ന്.

ഈ ഉയിര്‍പ്പുതിരുന്നാളില്‍ തന്റെ പീഡാസഹന-മരണോത്ഥാനത്തിലൂടെ നേടിയെടുത്ത സമാധാന അനുഭവം നമുക്കായ് വച്ചുനീട്ടുന്ന യേശുക്രിസ്തുവിന്റെ അനുഗ്രഹസ്പര്‍ശം നമുക്ക് സ്വന്തമാക്കാം. ദാരിദ്യംകൊണ്ടും, രോഗങ്ങള്‍ക്കൊണ്ടും, ചൂഷണങ്ങള്‍ക്കൊണ്ടും വേദനിക്കുന്നവര്‍ക്ക് ഈസ്റ്റര്‍ സമാധാനം ലഭിക്കുന്ന പ്രതീക്ഷയുടെ തിരുന്നാളാകട്ടെ എന്നാംശംസിക്കുന്നു. ഉത്ഥിതനായ യേശുക്രിസ്തു എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

മാര്‍ ആന്‍ഡ്രൂസ് താഴത്ത്
തൃശ്ശൂര്‍ അതിരൂപത മെത്രാപ്പോലീത്ത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ