ശ്രീലങ്കയിലെ ഈസ്റ്റർദിന ആക്രമണത്തിൽ അനുശോചനം രേഖപ്പെടുത്തി മാർപാപ്പ അടക്കമുളള ലോകനേതാക്കൾ

“പ്രാർത്ഥനയ്ക്കായി ഒത്തുചേർന്ന അവസരത്തിൽ ആക്രമണത്തിന് വിധേയരായി പരിക്കേറ്റ ശ്രീലങ്കയിലെ ക്രൈസ്തവരോടുള്ള ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിക്കുന്നു.” സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വച്ച് നൽകിയ ഈസ്റ്റർദിന സന്ദേശത്തിനൊടുവിൽ പാപ്പാ പറഞ്ഞു. ദേവാലയങ്ങൾക്കും ഹോട്ടലുകൾക്കും നേരെ നിരന്തരം ഉണ്ടാവുന്ന ആക്രമണങ്ങൾ നിരാശാജനകവും അത്യന്തം ദുഃഖകാരണവുമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദാരുണമായ രീതിയിൽ ആക്രമണത്തിന് വിധേയരായ എല്ലാവരെയും കർത്താവിന്റെ മുമ്പിൽ സമർപ്പിക്കുന്നതായും പാപ്പാ കൂട്ടിച്ചേര്‍ത്തു.

“ഏറ്റവും ദുഃഖകരമായ ഒരു ദിവസം” എന്നാണ് കൊളംബോ ആർച്ചുബിഷപ്പ്, കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് പറഞ്ഞത്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കുമായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ എത്തിക്കണമെന്ന് സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എന്നിവർ തങ്ങളുടെ രാജ്യം നിങ്ങളോട് തോൾചേര്‍ന്നു നിൽക്കുന്നു എന്ന് ശ്രീലങ്കൻ നേതൃത്വത്തെ അറിയിച്ചു. അമേരിക്കൻ ജനതയുടെ അനുശോചനമറിയിച്ചും സഹായങ്ങള്‍ വാഗ്ദാനം ചെയ്തും അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും രംഗത്തെത്തി. ആക്രമണം ഭയാനകമാണെന്നും ആക്രമണത്തിന് വിധേയരായവരോടുള്ള സഹതാപം രേഖപ്പെടുത്തുന്നതായും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ആവർത്തിച്ചു.

ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ, ജർമ്മൻ ചാൻസിലർ ആഞ്ചല മെർക്കൽ തുടങ്ങി നിരവധി ലോകനേതാക്കൾ ശ്രീലങ്കയിലെ അതിദാരുണവും ഭീകരവുമായ ആക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി.