പത്രോസിന്റെ വിശ്വാസ പ്രഖ്യാപനം നടന്ന സ്ഥലത്ത് ആദ്യകാല ക്രിസ്ത്യൻ പള്ളി കണ്ടെത്തി

വടക്കൻ ഇസ്രായേലിലെ ബനിയാസിലെ പുരാതന വിജാതീയ ക്ഷേത്രത്തിന് മുകളിൽ ആദ്യകാല ക്രിസ്ത്യൻ പള്ളി പുരാവസ്തു ഗവേഷകർ കണ്ടെത്തി. കേസറിയ-ഫിലിപ്പി പ്രദേശത്താണ് പത്രോസിന്റെ വിശ്വാസ പ്രഖ്യാപനം നടന്നത്. അവിടെ ബനിയാസ് എന്നറിയപ്പെടുന്ന പ്രദേശത്താണ് പുരാതന പള്ളി കണ്ടെത്തിയിരിക്കുന്നത്.

മുൻകാലങ്ങളിൽ പാൻ ദേവന് വേണ്ടി ഇവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നു. ആ ക്ഷേത്രത്തിന് മുകളിൽ പണിതിട്ടുള്ള വിശുദ്ധ പത്രോസിന്റെ നാമത്തിലുള്ള ദേവാലയത്തിന്റെ ഭാഗങ്ങൾ ആണ് പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. നാലോ അഞ്ചോ നൂറ്റാണ്ടിലാണ് പള്ളി ആരംഭിച്ചതെന്ന് ഖനനത്തിന് നേതൃത്വം നൽകിയ ഹൈഫ സർവകലാശാല പ്രൊഫ. ആദി എർലിച് പറഞ്ഞു.

വിജാതീയ ക്ഷേത്രം പണിത പാറയുടെ ഒരു ഭാഗത്തിൽ നിന്ന് പുരാതന കാലത്ത് സൃഷ്ടിക്കപ്പെട്ട ഒരു മലഞ്ചെരിവ്, ഗുഹ, നീരുറവകൾ, ടെറസ് എന്നിവ ഈ ഖനനത്തിലൂടെ കണ്ടെത്തി. ഏകദേശം മൂന്നാം നൂറ്റാണ്ടിൽ ഗുഹയ്ക്ക് സമീപം പാൻ ദേവനെ ആരാധിക്കാൻ തുടങ്ങി. ഏകദേശം ബി. സി 20 -ലാണ് ക്ഷേത്രം പണികഴിപ്പിച്ചത്. എ.ഡി 320 മുതൽ ഒരു പ്രധാന ക്രിസ്ത്യൻ കേന്ദ്രമായി ഇത് മാറി.

കണ്ടെത്തലുകളിൽ പള്ളിയുടെ മൊസൈക് തറ അലങ്കരിക്കുന്ന ചെറിയ കുരിശുകളും ഉണ്ടായിരുന്നു. നാലാം നൂറ്റാണ്ടിന്റെ മധ്യത്തിൽ കോൺസ്റ്റന്റെയിന്റെ ഭരണത്തിനുശേഷം ക്രിസ്ത്യൻ ഐക്കണോഗ്രഫിയിൽ കുരിശിന്റെ ചിഹ്നം വ്യാപകമായി ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.