മറ്റുള്ളവർക്ക് സേവനം ചെയ്യുവാനാണ് ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നത്: പാപ്പാ 

മറ്റുള്ളവരെ ഉപയോഗപ്പെടുത്തി കാര്യം നേടുവാനല്ല, മറ്റുള്ളവർക്ക് സേവനം ചെയ്യുവാനാണ് ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. സാന്താ മാർത്തയിലെ വിശുദ്ധ കുർബാനയിൽ സന്ദേശം നൽകവെയാണ് പാപ്പാ ക്രിസ്ത്യാനികളുടെ ജീവിതശൈലിയെക്കുറിച്ച് ഓർമ്മപ്പെടുത്തിയത്.

ഈശോ, തന്റെ ശിഷ്യന്മാർക്ക് രോഗികളെ സുഖപ്പെടുത്തുന്നതിനും മരിച്ചവരെ ഉയിർപ്പിക്കുന്നതിനും പാപങ്ങൾ മോചിക്കുന്നതിനും പിശാചുക്കളെ ഓടിക്കുന്നതിനുമുള്ള അവകാശം നൽകി. അത് മറ്റുള്ളവർക്ക് സേവനം ചെയ്യുന്നതിനു വേണ്ടിയായിരുന്നു. അതിനാൽ തന്നെ ശിഷ്യന്മാരുടെ ഈ ദൗത്യത്തിലേയ്ക്ക് സേവനം ചെയ്തുകൊണ്ട് കടന്നുപോകുവാനുള്ള ദൗത്യത്തിലേയ്ക്കാണ് ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നത് – പാപ്പാ ചൂണ്ടിക്കാട്ടി.

ക്രിസ്തീയജീവിതം സേവനത്തിനായുള്ളതാണ്. പലപ്പോഴും ദൈവജനത്തെ സേവിക്കേണ്ടവർ അവരെ ഉപയോഗിക്കുന്ന കാഴ്ചയാണ് കാണുന്നത്. അത് വേദനാജനകമാണ്. ദൈവവിളി എന്നാൽ സേവിക്കലാണ്; ഉപയോഗിക്കലല്ല. നിങ്ങൾക്ക് ദാനമായി ലഭിച്ചത് ദാനമായി നൽകുക എന്നാണ് ഈശോ പഠിപ്പിച്ചത്. ഇത് പുരോഹിതഗണത്തിനുള്ള ഒരു നിർദ്ദേശമാണ് – പാപ്പാ വ്യക്തമാക്കി.

ദൈവത്തിന്റെ കൃപയെ ഉപയോഗിച്ച് ബിസിനസ്സ് നടത്തുന്ന വൈദികർ, തങ്ങളുടെ തന്നെ ആത്മീയജീവിതത്തിനും സഭാമക്കൾക്കും നാശം വരുത്തുകയാണ് എന്ന് പാപ്പാ താക്കീത് നൽകി. ക്രിസ്തുവുമായുള്ള സൗഹൃദം പുരോഹിതരെ, മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നതിന് പ്രേരിപ്പിക്കുകയും നല്ല ഇടയന്മാരായി അജഗണത്തിന്റെ നന്മയ്ക്കും അവരെ ദൈവത്തിലേയ്ക്ക് ആനയിക്കുന്നതിനുമായി പ്രവർത്തിപ്പിക്കുകയും ചെയ്യുമെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ