ഓരോ കത്തോലിക്കനും ഒരു മിഷനറിയായി മാറേണ്ടതുണ്ട്: പാപ്പാ

മാമ്മോദീസായിലൂടെ ലഭിച്ച വിവേകത്താൽ ഓരോ കത്തോലിക്കനും ഒരു മിഷനറിയാകുവാനും സുവിശേഷം പകരുവാനും വിളിക്കപ്പെട്ടിരിക്കുന്നു എന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ഒക്ടോബർ 20-ന് ആചരിക്കുന്ന മിഷൻ ഞായറിനോടനുബന്ധിച്ചു നൽകിയ സന്ദേശത്തിലാണ്, ഓരോ കത്തോലിക്കനും ഒരു മിഷനറി ആകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പാപ്പാ ചൂണ്ടിക്കാട്ടിയത്.

മാമ്മോദീസായും സഭയിലെ അംഗത്വവും രക്ഷയിലേയ്ക്ക് നമ്മെ നയിക്കുന്ന ഘടകങ്ങളാണ്. ഒപ്പംതന്നെ കത്തോലിക്കർക്ക് സമാധാനവും സഹവർത്തിത്വവും ലോകത്തിലേയ്ക്ക് ചൊരിയുവാനുള്ള കടമ കൂടിയുണ്ട്. സുവിശേഷം പകരുക എന്നതും മാമ്മോദീസയിലൂടെ നമുക്ക് ലഭിച്ച ദാനങ്ങൾ മറ്റുള്ളവർക്ക് നൽകുക എന്നതും ക്രിസ്തീയവ്യക്തിത്വത്തിന്റെ ഭാഗമാണ്. ദൈവമക്കൾ എന്ന ദൗത്യം ഏറ്റെടുക്കുവാനും ജനനം മുതൽ മരണം വരെ മനുഷ്യജീവനോടുള്ള ആർദ്രത പുലർത്തുവാനുമുള്ള വിളിയാണിത്.  പാപ്പാ വ്യക്തമാക്കി.

കത്തോലിക്കാനായിരിക്കുക എന്നത് ഒരു വിളിയാണ്. നമ്മുടെ സ്വാർത്ഥതയുടെ, സ്വന്തം എന്ന് കരുതുന്നവയുടെ ഇടങ്ങളിൽ നിന്ന് ദൈവത്തിന്റെ സുവിശേഷം പകരുവാൻ ഇറങ്ങിത്തിരിക്കുന്നതിനുള്ള വിളി. മാമ്മോദീസയിലൂടെ നമുക്ക്  ലഭിക്കുന്ന വിശ്വാസവും സമ്മാനവും – അത് വിൽക്കാൻ കഴിയുന്ന ഒരു വസ്തുവല്ല. എന്നാൽ, വിശ്വാസത്തെ പ്രഘോഷിച്ചുകൊണ്ടും ജീവിതമാതൃകയിലൂടെയും ആ ദാനം അനേകരിലേയ്ക്ക് പകരുവാൻ നമുക്ക് കഴിയും. പാപ്പാ ഓർമ്മിപ്പിച്ചു.