ബ്രസീലിലെ പാവങ്ങളുടെ അമ്മ വിശുദ്ധ പദവിയിലേക്ക്

മരിയ ജോസ്

അമ്മ മരിച്ച കുട്ടി. ആ വേദനകളിൽ നിന്നും കരകയറാൽ അവളുടെ ആന്റി അവളുമായി ഒരു യാത്ര നടത്തി. ബ്രസീലിലെ തീർത്തും പാവപ്പെട്ടവരും അവശരും ആയ ജനങ്ങൾ തിങ്ങി പാർക്കുന്ന ഇടങ്ങളിലേയ്ക്ക്. അവരെ കണ്ടപ്പോൾ അവരുടെ യാതനകൾ കണ്ടപ്പോൾ ആ കുഞ്ഞു ബാലികയുടെ കണ്ണുകൾ നിറഞ്ഞു. അവർക്കായി ജീവിക്കണം എന്നതായിരുന്നു അവളുടെ പിന്നീടുള്ള ചിന്തയും ആഗ്രഹങ്ങളും എല്ലാം. ആ ബാലിക വളർന്നു. ബ്രസീലിലെ പാവങ്ങളുടെ പ്രയപ്പെട്ട സന്യാസിയായി മാറി. ആ സന്യാസിനിയാണ് ദൂൾച്ചേ ലോപ്പസ് പോന്തെസ് അഥവാ വാഴ്ത്തപ്പെട്ട സിസ്റ്റർ ദൂൾച്ചേ. നാളുകൾക്കിപ്പുറം ആ സന്യാസിനിയുടെ ജീവിതമാതൃകയെ അംഗീകരിച്ചു കൊണ്ട് സഭ ഇവരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുകയാണ്. ഈ നിമിഷത്തിൽ വാഴ്ത്തപ്പെട്ട ഡൽ‌സ് ദൂൾച്ചേ ലോപ്പസ് പോന്തെസിന്റെ വിശുദ്ധ ജീവിതത്തെ അടുത്തറിയാം…

1914 ൽ ബ്രസീലിലെ ഒരു സമ്പന്ന കുടുംബത്തിലാണ് സിസ്റ്റർ ദൂൾച്ചേ ജനിക്കുന്നത്. ജനന സമയത്ത് മാതാപിതാക്കൾ നൽകിയ പേര് മരിയ റീത്ത എന്നായിരുന്നു. വളരെ സന്തുഷ്ടമായ കുടുംബ ജീവിതം. അതിനിടയിലാണ് അപ്രതീക്ഷിതമായി അമ്മയുടെ വിയോഗം സംഭവിക്കുന്നത്. അത് ആറ് വയസ് മാത്രമുള്ള ആ കുഞ്ഞു ബാലികയെ ഏറെ വേദനിപ്പിച്ചു. അമ്മ നഷ്ടപ്പെട്ട വേദനകൾ പേറിയുള്ള ഒരു ബാല്യമായിരുന്നു പിന്നീട്  അവളുടേത്.

കൗമാരത്തിലേക്ക് കടന്ന മരിയയേയും കൂട്ടി ഒരിക്കൽ അടുത്ത ബന്ധു ഒരു യാത്ര നടത്തി. അതും ബ്രസീലിലെ ഏറ്റവും ദരിദ്രരായ ആളുകളുടെ ഇടയിലേക്ക്. യാചകരാലും ദരിദ്രരായ ആളുകളാലും നിറഞ്ഞ തെരുവുകൾ. വൃത്തിഹീനമായ ചുറ്റുപാട്. മൊത്തത്തിൽ വേദനിപ്പിക്കുന്ന കാഴ്ചകളായിരുന്നു അവിടെ മരിയയെ കാത്തിരുന്നത്. ആ കാഴ്ചകൾ അവളെ വളരെയധികം സ്വാധീനിച്ചു. തെരുവുകളിൽ വേദനിച്ചു കഴിയുന്ന ഇത്തരം പാവപ്പെട്ട ആളുകൾക്കായി തന്റെ ജീവിതം ഒഴിഞ്ഞു വയ്ക്കണം എന്ന വലിയ ആഗ്രഹവുമായി ആണ് അവൾ തിരികെ വീട്ടിൽ എത്തിയത്.

പാവങ്ങളെ സഹായിക്കണം. അതിന് പ്രത്യേക ഒരു അവസരത്തിനായി അവൾ നോക്കിയിരുന്നില്ല. തനിക്കു കിട്ടിയ അവസരങ്ങളെല്ലാം അവൾ ഉപയോഗിച്ചു. തന്റെ പക്കൽ വന്ന യാചകരുടേയും അടുത്തുള്ള പാവങ്ങളുടേയും കാര്യത്തിൽ പ്രത്യേകം കരുതൽ നൽകി, ആകുന്ന സഹായങ്ങൾ ചെയ്തു പൊന്നു. അങ്ങനെ മുന്നോട്ട് പോകുന്നതിനിടയിലാണ് ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം ‘മിഷനറി സിസ്റ്റേഴ്സ് ഓഫ് ഇമ്മാക്കുലേറ്റ് കൺസപ്‌ഷൻ ഓഫ് ദി മദർ ഓഫ് ഗോഡ്’ എന്ന സന്യാസ സമൂഹത്തിൽ അംഗമാകുവാനുള്ള അനുവാദം പിതാവ് അവൾക്കു നൽകുന്നത്. ഏറെ സന്തോഷത്തോടെ സന്യാസ ജീവിതത്തിലേയ്ക്ക് പ്രവേശിച്ച അവൾ  തന്റെ അമ്മയുടെ പേരാണ് സ്വീകരിച്ചത്. മരിയ അങ്ങനെ സി. ദൂൾച്ചേയായി മാറി.

സന്യാസിനി ആയതിനു ശേഷവും സിസ്റ്റർ പാവങ്ങളോടുള്ള തന്റെ പ്രത്യേക പരിഗണന തുടർന്നു. സാൽവഡോറിലെ തെരുവുകളിൽ രോഗബാധിതരായി കഴിഞ്ഞിരുന്ന നിരവധി ആളുകൾ ഉണ്ടായിരുന്നു. അവർക്കൊക്കെ ചികിത്സയും  ഭക്ഷണവും അഭയവും നൽകുവാൻ സിസ്റ്ററിനു കഴിഞ്ഞു. എന്നാൽ ആദ്യം ഉണ്ടായിരുന്ന അഭയ കേന്ദ്രത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികം ആളുകൾ എത്തിയതോടെ മറ്റൊരു സംവിധാനം തേടേണ്ടി വന്നു. അതിനായി സഹായം അഭ്യർത്ഥിച്ചപ്പോൾ സുപ്പീരിയർ സിസ്റ്റർ അവിടെയുണ്ടായിരുന്ന കോഴി വളർത്തുന്ന കേന്ദ്രം ഉപയോഗപ്പെടുത്തിക്കൊള്ളാൻ അനുവാദം നൽകി. പകരം അവിടെ ഉള്ള കോഴികളെ നോക്കണം എന്ന ആവശ്യവും മുന്നോട്ടു വച്ചു. വളരെ സന്തോഷത്തോടെ സിസ്റ്റർ അത് സ്വീകരിച്ചു. തന്റെ രോഗികൾക്കായി, പ്രിയപ്പെട്ടവർക്കായി അങ്ങനെ ആരംഭിച്ച ആ സ്ഥാപനമാണ് ഇന്ന് ബ്രസീലിലെ പാവങ്ങളുടെ അഭയകേന്ദ്രമായി മാറിയിരിക്കുന്ന സാന്റോ അന്റോണിയോ ഹോസ്പിറ്റൽ. സിസ്റ്റർ ദൂൾച്ചേ തുടങ്ങിവച്ച കാരുണ്യ പ്രവർത്തനം ഇന്നും ഈ ആശുപത്രിയിലൂടെ തുടരുന്നു.

അവിടം കൊണ്ടും തീർന്നില്ല സിസ്റ്ററിന്റെ പ്രവർത്തനങ്ങൾ. ബ്രസീലിലെ പാവപ്പെട്ട തൊഴിലാളികളുടെ ഉന്നമനത്തിനായും പ്രവർത്തിച്ചു തുടങ്ങി. അതിനായി ആരംഭിച്ച സാൻ ഫ്രാൻസിസ്‌കോ വർക്കേഴ്സ് യൂണിയൻ ബ്രസീലിലെ ആദ്യ ക്രൈസ്തവ തൊഴിലാളി  പ്രസ്ഥാനമായിരുന്നു . കൂടാതെ 1959 – ൽ സ്ഥാപിച്ച ജീവകാരുണ്യ സന്നദ്ധ സംഘടന അധികം വൈകാതെ തന്നെ ബ്രസീലിലെ അറിയപ്പെടുന്നതും ധാരാളം ആളുകൾ ആദരവോടെ കാണുന്നതും ആയ ഒന്നാക്കി മാറ്റുവാൻ സിസ്റ്ററിനു കഴിഞ്ഞു. പാവങ്ങൾക്കിടയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ, സേവനങ്ങൾ നടത്തിയ സിസ്റ്ററിനെ 1988 – ൽ ബ്രസീലിയാൻ പ്രസിഡന്റ് ജോസ് സാർനെ നോബൽ സമ്മാനത്തിനു ശുപാർശ ചെയ്തിരുന്നു.

വിശ്രമം ഇല്ലാതെയുള്ള പ്രവർത്തനം അവരുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ച സിസ്റ്റർ ഡൽ‌സ് 1992- ൽ തന്റെ എഴുപത്തി ഏഴാമത്തെ വയസിൽ നിര്യാതയായി. തന്റെ ജീവിത കാലത്ത് രണ്ടു തവണ ജോൺ പോൾ രണ്ടാമൻ പാപ്പയെ കാണുവാൻ ഉള്ള ഭാഗ്യം സിസ്റ്ററിനു ലഭിച്ചിരുന്നു. 2011 – ൽ സി. ദൂൾച്ചേ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി.

മരിയ ജോസ്  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ