കൂദാശാ സ്വീകരണത്തിന് കുഞ്ഞുങ്ങൾക്ക് ശരിയായ പരിശീലനം നൽകാൻ ഡബ്ലിൻ രൂപത

കത്തോലിക്കാ സ്‌കൂളുകളിൽ മാത്രമല്ല, ഇടവകകളിലും കുടുംബങ്ങളിലും കൂദാശകൾ സ്വീകരിക്കാൻ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാൻ തീരുമാനമെടുത്ത് ഡബ്ലിൻ അതിരൂപത. കത്തോലിക്കാ സ്‌കൂളുകളിൽ പഠിക്കാത്ത വിദ്യാർത്ഥികളെയും മികച്ചരീതിയിൽ കൂദാശകൾ സ്വീകരിക്കാൻ ഒരുക്കുന്നതിനുവേണ്ടിയാണ് നടപടിയെന്ന് ആർച്ച്ബിഷപ്പ് ഡിയാർമുയിഡ് മാർട്ടിൻ പറഞ്ഞു.

കത്തോലിക്കാ സ്‌കൂളുകളിൽ കൂദാശ സ്വീകരണ ഒരുക്കങ്ങൾ നല്കുന്നുണ്ടെങ്കിലും നിരവധി കത്തോലിക്ക കുട്ടികളാണ് മറ്റ് സ്‌കൂളുകളിൽ പഠിക്കുന്നത്. അതുകൊണ്ട് അതത് ഇടവകകളിലും കുടുംബങ്ങളിലും പരിശീലനം ഉറപ്പാക്കാണം. എന്നാൽ ഈ നിർദ്ദേശം ഒറ്റരാത്രികൊണ്ട് നടപ്പാക്കാൻ കഴിയുന്നതല്ല. ഇടവകകളിൽ ഇത് നടപ്പിലാക്കാൻ നിരവധി കാര്യങ്ങൾ ക്രമീകരിക്കേണ്ടതുണ്ട്. ബിഷപ്പ് ഓർമിപ്പിച്ചു.

വിശ്വാസ രൂപീകരണത്തിനായി കത്തോലിക്കാ സ്‌കൂളുകളിൽ ഒരു ദിവസം 30 മിനിറ്റ് വരെ നീക്കിവെച്ചിട്ടുണ്ട്. പുതിയ നീക്കം എല്ലാ വിദ്യാർത്ഥികൾക്കും ഒരുപോലെ ഗുണകരമാണ്. അതേസമയം സ്‌കൂളുകളിലെ കൂദാശസ്വീകരണ പരിശീലനങ്ങളെ ആത്മീയമെന്നതിനേക്കാൾ സാമൂഹിക സംഭവമായിട്ടാണ് പലരും പരിഗണിക്കുന്നതെന്ന് അധ്യാപകരും മതനേതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂദാശകളുടെ പ്രാധാന്യം സാമൂഹികമല്ല, മറിച്ച് അവ വിശ്വാസത്തിന്റെ നിമിഷങ്ങളാണെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടിയത്.