ഫാദർ മുള്ളേഴ്‌സിലെ പാവങ്ങൾക്ക് താങ്ങായി ഒരു കൂട്ടം സന്യാസിനിമാർ

സി. സൗമ്യ DSHJ

മംഗലാപുരത്തുള്ള ഫാദർ മുള്ളേഴ്‌സ് ഹോസ്പിറ്റലിൽ ചെന്നാൽ രോഗത്തിനും പരാധീനതകൾക്കും നടുവിൽ എന്തെന്നറിയാതെ പകച്ചു നിൽക്കുന്ന അനേകം ജീവിതങ്ങളെ കാണാം. രോഗത്തിന്റെ ബുദ്ധിമുട്ടുകളും സാമ്പത്തിക പരാധീനതകളും അവരെ തളർത്തുമ്പോൾ അവർക്കിടയിൽ ആശ്വാസമാവുകയാണ് ഈശോയുടെ തിരുഹൃദയ പുത്രിമാരുടെ സന്യാസ സഭയിലെ സഹോദരങ്ങൾ.

വളരെ ദൂരെ നിന്നു പോലും എത്തുന്ന രോഗികൾ ഒരു നേരത്തെ ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടുമ്പോൾ അവർക്ക് അത്താണിയാവുകയാണിവർ. ആഴ്ചയിൽ അഞ്ചു ദിവസം ഭക്ഷണം വിളമ്പിക്കൊടുത്ത് തിരുഹൃദയ പുത്രിമാർ അവരുടെയിടയിൽ തന്നെയുണ്ട്. “2016-ലാണ് കരുണയുടെ വർഷമായി നാം ആചരിച്ചത്. ഈശോയുടെ കരുണാർദ്രസ്നേഹം പകർന്നു കൊടുക്കുവാനായി ആരംഭിച്ച ഈ സംരംഭം ഇന്നും തുടർന്നുകൊണ്ടു പോകുന്നുണ്ട്. അതിനു കാരണം ഈ ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും അവർക്ക് കൂട്ടായി വരുന്ന ബൈസ്റ്റാൻഡേഴ്സിനും ഭക്ഷണമില്ലാത്ത അവസ്ഥ ശ്രദ്ധയിൽപ്പെട്ടതു കൊണ്ടാണ്. ദൈവപരിപാലനയില്‍ മാത്രം ആശ്രയം വച്ചുകൊണ്ടാണ് ഈ സംരംഭം മുന്നേറുന്നത്” – പ്രൊവിൻഷ്യള്‍ സി. റോസ് മേരി ഡി.എസ്.എച്ച്‌.ജെ. പറഞ്ഞു.

നാല് വർഷമായി മുടങ്ങാതെ ഇവരുടെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടു പോകുന്നുണ്ട്. ഇവിടെയെത്തുന്ന അനേകർക്ക്‌ ഈ ഭക്ഷണം ആശ്വാസമാണ്. ആഴ്ചയിൽ തിങ്കൾ മുതൽ വെള്ളി വരെ ഉച്ചയ്ക്ക് സമൃദ്ധമായ ഭക്ഷണം ഇവർക്കു നൽകുന്നു. 500-ൽ കുറയാതെ അംഗങ്ങൾ ഓരോ ആഴ്ചയിലും ഈ സംരഭത്തിന്റെ ഗുണഭോക്താക്കളാകുന്നുണ്ട്. ഭക്ഷണം ഉണ്ടാക്കുന്നതിനും കൊടുക്കുന്നതിനും അത്മായ സഹോദരങ്ങളുടെ സഹായവും എടുത്തുപറയേണ്ട ഒന്നാണ്. ആരും എത്തിപ്പെടാത്ത മേഖലകളിലേയ്ക്കും വ്യക്തികളിലേയ്ക്കും ഇറങ്ങിച്ചെന്ന് കാലഘട്ടത്തിനനുസരിച്ച് മറുപടി കൊടുക്കാൻ സദാ സന്നദ്ധരാണ് ഈ തിരുഹൃദയ പുത്രിമാർ.

1831-ൽ ഇറ്റലിയിലെ ബെർഗമോയിൽ ആണ് ഈശോയുടെ തിരുഹൃദയ പുത്രിമാരുടെ സന്യാസ സഭ രൂപം കൊള്ളുന്നത്. വി. തെരേസ വെർസേരിയാലും മോൺ. ജോസഫ് ബെനാലിയോയാലും രൂപം കൊണ്ട ഈ ചെറിയ സമൂഹം വളരെ പെട്ടെന്നാണ് വളർന്നു പന്തലിച്ചത്. പെൺകുട്ടികൾക്ക് വളരെ തിക്താനുഭവങ്ങൾ നേരിടേണ്ടി വന്നപ്പോൾ കാലഘട്ടത്തിന്റെ ആവശ്യം കണക്കിലെടുത്ത് അവർക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുവാനും അവരെ മൂല്യബോധമുള്ളവരായി രൂപപ്പെടുത്തുവാനും തിരുഹൃദയ പുത്രിമാർക്ക് സാധിച്ചു. ആ ചെറിയ സമൂഹം പ്രതിസന്ധികളെ അവഗണിച്ചും മുന്നിട്ടിറങ്ങി. പിന്നീട് ബ്രസീൽ, ആഫ്രിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലേയ്ക്ക് തിരുഹൃദയ പുത്രിമാരുടെ മിഷൻ ചൈതന്യം വളരെ പെട്ടെന്ന് വ്യാപിച്ചു. ഉപവി പ്രവർത്തനങ്ങളിലൂടെ ഈശോയുടെ തിരുഹൃദയ സ്‌നേഹം പങ്കുവച്ചു കൊടുക്കുക എന്നതായിരുന്നു ഈ സന്യാസിനിമാർ മാർഗ്ഗദർശനമായി സ്വീകരിച്ചത്.

ഇന്ത്യയിൽ 1980 ജനുവരി18-ന് കേരളത്തിലെ കോട്ടയം ജില്ലയിലെ കുടമാളൂരിലാണ് ഇവരുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചത്. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരിലേയ്ക്ക് ശ്രദ്ധ കേന്ദ്രികരിച്ചു കൊണ്ടായിരുന്നു ഈ സന്യാസിനിമാർ ഇവിടെ തങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആതുരസേവനം, കുടുംബ നവീകരണം, സമൂഹത്തിൽ നിന്നും പുറന്തള്ളപ്പെടുന്ന മാനസിക രോഗികളുടെ സംരക്ഷണം, അനാഥരായ പെൺകുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം എന്നീ ശുശൂഷകളിലൂടെ ഇന്ന് ഇന്ത്യയിൽ 14 സമൂഹങ്ങളിലായി നൂറോളം സന്യാസിനിമാർ ശുശ്രൂഷ ചെയ്യുന്നു. ദൈവപരിപാലനയിൽ മാത്രം ആശ്രയിച്ചു മുന്നോട്ടുപോകുന്ന ഈ സമൂഹം ഇന്ത്യയിൽ കേരളം, കർണാടക, ഛത്തിസ്ഘട്ട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി തങ്ങളുടെ സേവനം അനുഷ്ഠിച്ചു വരുന്നു.

യുവജനങ്ങളുടെ വളർച്ചക്കും സമുദ്ധാരണത്തിനും ഈ സന്യാസിനിമാർ ഏറെ ശ്രദ്ധ ചെലുത്തുന്നു. വഴിതെറ്റിപ്പോകുന്ന യുവതലമുറയെ തിരികെ കൊണ്ടുവരുന്നതിനും അതിലൂടെ ഒരു നല്ല തലമുറയെ വാർത്തെടുക്കുന്നതിനും ഇവർ പരിശ്രമിക്കുന്നു. കുടുംബങ്ങളുടെ നവീകരണം ഇന്ന് വളരെ അത്യന്താപേക്ഷിതമാണ്. “മദ്യപാനികളായ ആളുകളെ ചികിത്സക്കായി പറഞ്ഞുവിടുന്നതിനും അവരുടെ കുടുംബങ്ങളെ കൗൺസലിംഗിലൂടെ വളർത്തിയെടുക്കുന്നതിനും അങ്ങനെ പ്രാർത്ഥനയിലൂടെ ഇവരെ തിരികെ കൊണ്ടുവരുന്നതിനുമാണ് ഞങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്” – ഇതിനു നേതൃത്വം നൽകുന്ന സി. മരീന ചാക്കോനാൽ പറയുന്നു.

മാധ്യമങ്ങളിലെ അന്തിചർച്ചകളിൽ സന്യാസത്തെ സംബന്ധിച്ച കുറെയേറെ സംശയങ്ങളും അതിലേറെ തെറ്റിദ്ധാരണകളും വലിച്ചിഴക്കപ്പെടുമ്പോൾ സന്യാസം നിശബ്ദമാക്കപ്പെടുന്നില്ല. ആരാലും അറിയപ്പെടാതെ നിരവധി പേർക്ക് അത്താണിയായി മാറുന്നവരുണ്ട്. നന്മയുടെ വറ്റാത്ത കരങ്ങൾ വിരിക്കുന്ന അനേകം സമർപ്പിത ജീവിതങ്ങളുണ്ട്. ഈശോയുടെ തിരുഹൃദയ പുത്രിമാരുടെ സന്യാസ സഭയിലെ സഹോദരിമാർ വ്യത്യസ്ത വഴികളിലൂടെയാണ് അനേകർക്ക്‌ താങ്ങാവുന്നത്.

ദൈവം ഇന്ന് അനേകരെ വിളിച്ചുകൊണ്ടിരിക്കുന്നു, തൻ്റെ സുവിശേഷം ജീവിക്കുവാനും അതിനു സാക്ഷികളാകുവാനും. കാലഘട്ടത്തിന്റെ വ്യത്യസ്തത മനസിലാക്കി ഈശോയുടെ ഉപവി പങ്കുവയ്ക്കുവാൻ തിരുഹൃദയ പുത്രിമാർ ഇന്നും ഇവിടെയുണ്ട്. തങ്ങളുടെ കഴിവും സമയവും ദൈവവേലയ്ക്കായി നിസ്വാർത്ഥമായി പങ്കുവെച്ചു കൊണ്ട്…

സി. സൗമ്യ DSHJ