സ്വപ്നങ്ങള്‍ ഉള്ളവരാകുക

ഫാ ജി കടൂപ്പാറയിൽ എം സി ബി എസ്

സ്വപ്നം കാണുക, സ്വപ്നം കാണുക, സ്വപ്നം കാണുക. നിങ്ങളുടെ സ്വപ്നങ്ങള്‍ ചിന്തകളായി മാറും. ചിന്തകള്‍ നിങ്ങളെ പ്രവൃത്തികളിലേയ്ക്ക് നയിക്കും.

സ്വപ്നം കാണാത്തവരായി ആരുണ്ട്? കുഞ്ഞുന്നാളിലെ രാത്രികാലങ്ങളില്‍ എത്രയോ സ്വപ്നങ്ങള്‍ നാം കണ്ടിരിക്കുന്നു. ചില സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകാറുണ്ട്. കാലം കടന്നുപോയപ്പോള്‍ മനസ്സിലായി, ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങള്‍ കാണണമെന്ന്. സ്വപ്നം കാണുന്നവനേ ജീവിത വിജയം ഉണ്ടാകുകയുള്ളു എന്ന് വലിയവരായ പലരുടെയും ജീവിതങ്ങള്‍ സാക്ഷ്യപ്പെടുത്തി. ശരിയാണ്, ഇന്നത്തെ സ്വപ്നങ്ങളാണ് നാളത്തെ യാഥാര്‍ത്ഥ്യങ്ങള്‍.

ബ്രസീലിയന്‍ നോവലിസ്റ്റായ പൗലോ കൊയ്‌ലോയുടെ ആത്മീയത നിറഞ്ഞുനില്ക്കുന്ന ‘ആല്‍ക്കെമിസ്റ്റ്’ എന്ന നോവലില്‍ ആവര്‍
ത്തിച്ചു കാണുന്ന ഒരാശയമുണ്ട്: സഫലമാകാന്‍ തക്കവണ്ണം ഒരു സ്വപ്നം മനസ്സിലുണ്ടെങ്കിലേ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകൂ. മനസ്സിലുള്ള സ്വപ്നം പൂര്‍ത്തിയാക്കാന്‍ കഷ്ടപ്പാടുകളും പ്രതിസന്ധികളും തരണം ചെയ്ത് മുമ്പോട്ടു പോവുകയാണ് നോവലിലെ നായകനായ സാന്റിയാഗോ. ഒടുവില്‍, ആട്ടിടയനായ അയാള്‍ അതില്‍ വിജയിക്കുന്നു.

വിതയ്ക്കുമ്പോള്‍ വിതക്കാരന്റെ മനസ്സില്‍ ഒരു സ്വപ്നമുണ്ട്. വിത്തെല്ലാം നിറകതിരുകളായി വിളഞ്ഞു നില്ക്കുന്ന ഒരു സ്വപ്നം. അതിന്റെ സാക്ഷാത്ക്കാരത്തിനായിട്ടാണ് പിന്നീട് അവന്റെ ചെയ്തികളെല്ലാം. നനയ്ക്കലും വളം നല്കലും കളപറിക്കലും എല്ലാം സ്വപ്നത്തില്‍ നിന്നു യാഥാര്‍ത്ഥ്യത്തിലേക്കുള്ള ഇടദൂരത്തു സംഭവിക്കുന്നതാണല്ലോ. ഒടുവില്‍ തന്റെ മനസ്സിലുള്ളത് പാടത്ത് കതിരണിഞ്ഞു നില്ക്കുമ്പോള്‍ അവനു ചാരിതാര്‍ത്ഥ്യമായി. ജീവിതത്തിന് അര്‍ത്ഥമായല്ലോ. പരീക്ഷണശാലയില്‍ രാവും പകലും ഒരുപോലെ ചിലവഴിക്കുന്ന ശാസ്ത്രകാരനും ഇടവകയിലേയ്ക്ക് സ്ഥലംമാറ്റം കിട്ടിവന്ന വൈദികനും മക്കളെക്കുറിച്ച് മാതാപിതാക്കള്‍ക്കും വ്യത്യസ്തങ്ങളായ സ്വപ്നങ്ങളുണ്ട്.
സ്വപ്നങ്ങള്‍ തകര്‍ന്നിടത്ത് നില്ക്കുന്നവരുണ്ട്. നാളെയെപ്പറ്റി ഒത്തിരി ഒത്തിരി സ്വപ്നങ്ങള്‍ കണ്ടിട്ട് ഒന്നും യാഥാര്‍ത്ഥ്യമാകാതെ പോകുമ്പോള്‍ വിറങ്ങലിച്ചു നില്ക്കുന്ന നിഷ്‌കളങ്ക മനസ്സുകള്‍. സാക്ഷാത്ക്കാരത്തിന്റെ വഴിയിലും ചിലപ്പോള്‍ പടിവാതിലിലും സ്വപ്നങ്ങള്‍ തകരുമ്പോള്‍ ജീവിതം തകര്‍ന്നുപോയി എന്നു വിലപിക്കുന്നവര്‍ നമുക്കു സുപരിചിതരാണല്ലോ.

ചിലപ്പോള്‍ മുഖക്കണ്ണാടിയില്‍ നോക്കുേമ്പാഴായിരിക്കും നിരാശ നിറഞ്ഞ മുഖം കാണേണ്ടിവരുന്നത്. അതേ, നമ്മളും ചില സ്വപ്നങ്ങള്‍ തകര്‍ന്നിടത്താണ് നില്ക്കുന്നത്. അത് സ്‌നേഹത്തിന്റെയോ സമ്പത്തിന്റെയോ ജോലിയുടെയോ പ്രണയത്തിന്റെയോ.
മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നവരും നമുക്കൊപ്പമുണ്ട്. പഴയനിയമത്തിലെ യൗസേപ്പിന്റെ സ്വപ്നങ്ങളെ തകര്‍ക്കാന്‍ സഹോദരങ്ങള്‍ ശ്രമിക്കുന്നു (ഉല്പ. 37:5-11).

നിറകണ്ണുകളോടെ, തലതാഴ്ത്തി നിന്ന ശിഷ്യനോട് ഗുരു ചോദിച്ചു:
”എന്തേ കരയുന്നു?”
അവന്റെ മൗനം നീണ്ടപ്പോള്‍ മറ്റു ശിഷ്യന്മാര്‍ പറഞ്ഞു:
”അവന്റെ വിലപ്പെട്ടത് എന്തോ നഷ്ടപ്പെട്ടുപോയി.”
അതു കേട്ടതോടെ ഗുരുവിന്റെ വാക്കുകള്‍ കരുണാര്‍
ദ്രമായി.
”നഷ്ടപ്പെട്ടതാണെങ്കില്‍ വിഷമിക്കേണ്ട, വീണ്ടും നേടിയെടുക്കാമല്ലോ.” ഗുരു ആശ്വസിപ്പിച്ചു.
അപ്പോള്‍ കണ്ണുകള്‍ തുടച്ചുകൊണ്ട് അവന്‍ പറഞ്ഞു:
”ശരിയാണു ഗുരോ, എന്റെ വസ്ത്രമായിരുന്നു നഷ്ടപ്പെട്ടതെങ്കില്‍ എനിക്ക് പുതിയൊരെണ്ണം നെയ്‌തെടുക്കാമായിരുന്നു. എന്റെ ഭക്ഷണമാണ് നഷ്ടപ്പെട്ടിരുന്നതെങ്കില്‍ ഞാന്‍ പട്ടിണി കിടന്നേനെ. എന്റെ പാനപാത്രമാണ് പോയിരുന്നതെങ്കില്‍ ഞാന്‍ മറ്റൊന്ന് ഇരന്നു വാങ്ങിയേനെ. പക്ഷേ ഗുരോ എനിക്കു നഷ്ടപ്പെട്ടത് എന്റെ സ്വപ്നങ്ങളാണ്. എന്റെ സ്വപ്നങ്ങളൊക്കെ ആരോ മോഷ്ടിച്ചു.”
സ്വപ്നം നഷ്ടപ്പെട്ടവനെ ആശ്വസിപ്പിക്കുക ശ്രമകരമായ ജോലിയാണ്
ചിലര്‍ കണ്ട സ്വപ്നങ്ങളുടെ വിരിയലുകളാണ് നമ്മുടെ ജീവിതങ്ങള്‍. നമ്മുടെ മാതാപിതാക്കളുടെ സുന്ദരസ്വപ്നങ്ങളുടെ പൂര്‍ത്തീകരണമാണല്ലോ നമ്മള്‍. മുന്‍തലമുറയുടെ സ്വപ്നത്തിന്റെ ഫലമായിട്ടാണ് ഇന്ന് ലോകം ഇങ്ങനെയായിരിക്കുന്നത്. ദുഃസ്വപ്നങ്ങളോ, പകല്‍ക്കിനാവുകളോ, പാഴ്ക്കിനാവുകളോ അല്ല നാം കാണേണ്ടത്.

രക്ഷകനെക്കുറിച്ചുള്ള യുഗങ്ങളുടെ സ്വപ്നപൂവണിയലിനാണല്ലോ യേശുജനനത്തിലൂടെ ബേത്‌ലഹേം സാക്ഷ്യം വഹിച്ചത്. പിതാവിന് പുത്രനെപ്പറ്റി ഏറെ സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു, യേശുവിനും. അവയൊക്കെ യാഥാര്‍ത്ഥ്യമാകും എന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് അവന്‍ പീഡ സഹിച്ചതും മരിച്ചതും. പരസ്പരം സ്‌നേഹിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മനുഷ്യരെ അവന്‍ സ്വപ്നം കണ്ടു – ഭൂമിയിലെ ദൈവരാജ്യത്തെപ്പറ്റി.
ഉത്പത്തിപ്പുസ്തകം ഒരു രീതിയില്‍ നോക്കിയാല്‍ സ്വപ്നങ്ങളുടെ പുസ്തകമാണ്. വരാനിരിക്കുന്ന രക്ഷകനെപ്പറ്റിയുള്ള സ്വപ്നങ്ങള്‍ ഏദനില്‍ നിന്ന് ആരംഭിക്കുന്നു (ഉല്‍പ. 3:15). പൂര്‍വ്വയൗസേപ്പിന്റെ സ്വപ്നങ്ങള്‍ (ഉല്‍പ. 37:5-11), പാനപാത്രവാഹകന്റെയും പാചകക്കാരന്റെയും സ്വപ്നങ്ങള്‍ (ഉല്‍പ. 40:1-23), ഫറവോയുടെ സ്വപ്നം (ഉല്‍പ. 41:1-36) – അങ്ങനെ നീളുക
യാണ്.

പുതിയനിയമത്തിലെ യൗസേപ്പും മൂന്നു സ്വപ്നങ്ങള്‍ കാണുന്നതായി വചനം സാക്ഷ്യം നല്കുന്നു. യേശുവിന്റെ ജനനത്തെക്കുറിച്ചും (മത്താ. 1:20), ഈജിപ്തിലേക്കുള്ള പലായനത്തെക്കുറിച്ചും (മത്താ. 2:13-18), ഇസ്രായേലിലേയ്ക്ക് മടങ്ങുന്നതിനെക്കുറിച്ചും (മത്താ.2:19-23). എല്ലാം യാഥാര്‍ത്ഥ്യമാകുന്ന സ്വപ്നങ്ങളാണ്.
സഫലമാകാന്‍ പറ്റിയ സ്വപ്നങ്ങള്‍ കാണുക. എങ്കില്‍ ജീവിതത്തിനു ലക്ഷ്യബോധം ഉണ്ടാകും, ഗതിതെറ്റാതെ യാത്ര തുടരാനാകും. സന്തോഷത്തോടെ അന്ത്യത്തിലെത്താനാകും. യേശുവിനെപ്പോലെ, പൂര്‍വ്വയൗസേപ്പിനെപ്പോലെ സ്വപ്നങ്ങള്‍ കാണുക. സ്വപ്നങ്ങള്‍ തകരുമ്പോള്‍ ജീവിതം ഇനിയും ബാക്കിയുണ്ട് എന്ന് പ്രതീക്ഷ വയ്ക്കുക. അപരന്റെ സ്വപ്നങ്ങളിലേ
യ്ക്ക് ഇരുള്‍ കടത്തിവിടാതിരിക്കുക, സ്വപ്നങ്ങള്‍ മോഷ്ടിക്കാതിരിക്കുക.

ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.