ആമസോണ്‍ സിനഡിന്‍റെ പ്രബോധനരേഖയുടെ കരടുരൂപം അവതരിപ്പിച്ചു

ഒക്ടോബര്‍ 21-ാο തീയതി തിങ്കളാഴ്ച രാവിലെ വത്തിക്കാനിലെ സിനഡ് ഹാളില്‍ ഫ്രാന്‍സിസ് പാപ്പായുടെ അദ്ധ്യക്ഷതയില്‍ സംഗമിച്ച 14-ാമത് പൊതുസമ്മേളനത്തില്‍ ആമസോണ്‍ സിനഡ് പ്രബോധനരേഖയുടെ കരടുരൂപം അവതരിപ്പിക്കപ്പെട്ടു. സിനഡിന്‍റെ ജനറല്‍ റിലേറ്റര്‍ (General Relator) എന്ന തസ്തികയുള്ള ബ്രസീലിലെ സാവോ പാവളോ അതിരൂപതാദ്ധ്യക്ഷനും ആമസോണിയന്‍ സഭാ പ്രവിശ്യ കൂട്ടായ്മയുടെ (Repam – Pan Amazonian Ecclesial Network) പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ ക്ലാവുദിയോ ഹ്യൂമ്സാണ് കരടുരൂപം അവതരിപ്പിച്ചത്. 184 സിനഡ് പിതാക്കന്മാരും, വിദഗ്ദരും, നിരീക്ഷകരും, തദ്ദേശജനതകളുടെ പ്രതിനിധികളും ഇതില്‍ സന്നിഹിതരായിരുന്നു.

രണ്ടാഴ്ച നീണ്ട ചര്‍ച്ചകളുടെയും പഠനത്തിന്‍റെയും ഫലമായി പുറത്തുവന്ന കരടുരൂപം ഇനിയും വിവിധ ഭാഷകളുടെയും, സംസ്കാരങ്ങളുടെയും, സഭാപ്രവിശ്യകളുടെയും ചെറിയ ഗ്രൂപ്പുകളില്‍ (Circoli Minoris) ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. അവിടെ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങളും ഭേദഗതികളും കൂട്ടിയിണക്കി ഒക്ടോബര്‍ 23, 24 (ബുധന്‍, വ്യാഴം) ദിവസങ്ങളില്‍ സിനഡ് കമ്മീഷനും പ്രത്യേക സെക്രട്ടറിമാരും ചേര്‍ന്നു പ്രവര്‍ത്തിച്ച് സിനഡ് രേഖയുടെ അന്തിമരൂപം തയ്യാറാക്കി ഒക്ടോബര്‍ 25, വെള്ളിഴ്ച  ചേരുന്ന 15-ാമത് പൊതുസമ്മേളനത്തില്‍ സമര്‍പ്പിക്കും.

ശനിയാഴ്ച 26-ന് ഉച്ചതിരിഞ്ഞു ചേരുന്ന 16-ാമത് പൊതുസമ്മേളനത്തില്‍ സിനഡ് രേഖയുടെ അന്തിമരൂപം സിനഡ് പിതാക്കന്മാരുടെ വോട്ടെടുപ്പിന് വിധേയമാക്കും.  അതിനു ശേഷമായിരിക്കും അന്തിമ ഭേദഗതികള്‍ക്കും പ്രകാശനത്തിനുമായി ആമസോണ്‍ സിനഡ് രേഖയുടെ അന്തിമരൂപം ഫ്രാന്‍സിസ് പാപ്പായ്ക്കു സമര്‍പ്പിക്കുക. സിനഡ്, ഒക്ടോബര്‍ 27-ാο തീയതി ഞായറാഴ്ച സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ