ഉത്തർപ്രദേശിലെ മലയാളി ഝാന്‍സി റാണി – ഡോ. സിസ്റ്റര്‍ ജൂഡ് എം.എസ്.ജെ.

സന്ന്യാസം നേരെഴുത്ത് - 6

ഉത്തർപ്രദേശിലെ സാധാരണക്കാരായ ആളുകൾ താമസിക്കുന്ന ഒരു ഗ്രാമം – മൗ. പ്രാദേശികമായ ചികിത്സകളിലും പരമ്പരാഗതമായ ചികിത്സാ മുറകളിലും വിശ്വസിച്ചു പലരുടെയും ജീവൻ അപകടത്തിലായിരുന്ന അവരുടെ ഇടയിലേക്ക് നവീകരണത്തിന്റെ സന്ദേശവുമായി കടന്നെത്തിയ ഒരു യുവ മലയാളി കന്യാസ്ത്രി – സി . ഡോ. ജൂഡ്. അവരുടെ അവസ്ഥകൾ കണ്ട സിസ്റ്റര്‍ അവർക്കായി തന്റെ ജീവിതം ഉഴിഞ്ഞു വെച്ചു. ഒന്നും രണ്ടുമല്ല. നീണ്ട 40 വർഷങ്ങള്‍. നാൽപതുവർഷത്തെ സിസ്റ്ററിന്റെ പ്രവർത്തനങ്ങളെ ആദരിച്ചു കൊണ്ട് യു പി സർക്കാർ ഝാന്‍സി റാണി വീര പുരസ്‌കാരം സമ്മാനിച്ചു.

തന്റെ നാൽപ്പതുവർഷം  നീണ്ട സേവന ജീവിതത്തെക്കുറിച്ചു മലയാറ്റൂര്‍ സ്വദേശിയായ സി. ഡോ. സിസ്റ്റര്‍ ജൂഡ് ലൈഫ് ഡേയോട് പങ്കുവയ്ക്കുന്നു…

ദൈവപദ്ധതിക്കായി വാതിൽ തുറന്ന ദൈവവിളി 

മലയാറ്റൂര്‍ വെള്ളാനിക്കാരന്‍ ഡോ. ദേവസിയുടെയും അന്നംകുട്ടിയുടെയും പത്ത് മക്കളില്‍ ഒരാളാണ് സിസ്റ്റര്‍ ജൂഡ്. ദൈവത്തിന്റെ പദ്ധതിക്ക് ആമേൻ പറഞ്ഞു മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെയ്ന്റ് ജോസഫ് എന്ന സന്ന്യാസ സമൂഹത്തിൽ ചേരുമ്പോൾ പാവങ്ങൾക്കിടയിലെ ദൈവത്തിന്റെ കരസ്പർശമാകുവാൻ താൻ വിളിക്കപ്പെട്ടിരിക്കുകയാണെന്ന തിരിച്ചറിവ് ഇല്ലായിരുന്നു. എല്ലാം അപ്രതീക്ഷിതമായിരുന്നു അല്ലെങ്കിൽ ദൈവം തന്നെ നയിക്കുകയായിരുന്നു എന്ന് വിശ്വസിക്കാനാണ് സിസ്റ്ററിനിഷ്ടം. കാരണം ഉത്തർപ്രദേശിലെ അറിയപ്പെടാതെ കിടന്നിരുന്ന ഒരു ഗ്രാമത്തിലേക്ക് സിസ്റ്ററിനെ നയിച്ചത് ദൈവമാണ്.

ഡല്‍ഹിയിലെ ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജില്‍ നിന്ന് ഗൈനക്കോളജിയില്‍ എം.ഡി. കഴിഞ്ഞിറങ്ങിയ സി. ഡോ. ജൂഡിനെ  മറ്റൊരാൾക്ക് പകരമായി ആണ് കിഴക്കന്‍ യു.പിയിലെ മൗ എന്ന ഗ്രാമത്തിലെ ഫാത്തിമ ഡിസ്‌പെന്‍സറിയിലേക്ക് സഭാധികാരികൾ അയയ്ക്കുന്നത്, 1977 – ല്‍. സഭാധികാരികളുടെ തീരുമാനത്തിന് സമ്മതം മൂളി മൗ എന്ന ഗ്രാമത്തിലെയ്ക്ക് യാത്രയാകുമ്പോൾ “മൂന്നുമാസം അവിടെ  സേവനം ചെയ്യുക. അത് കഴിയുമ്പോൾ പുതിയ ആളുവരും. അപ്പോൾ മടങ്ങിപ്പോരുക” എന്ന നിർദ്ദേശമാണ് സിസ്റ്ററിനു ലഭിച്ചത്. മൂന്നു മാസത്തെ സേവനം കഴിഞ്ഞിട്ടും പകരം അവിടേയ്ക്കു വരുവാനുള്ള ആളെ ലഭിച്ചില്ല. അതിനാൽ വീണ്ടും സേവനം തുടർന്നു.  അങ്ങനെ അവർക്കൊപ്പമാകുവാനുള്ള ദൈവ നിയോഗത്തിനു മുന്നിൽ സിസ്റ്റര്‍ സമ്മതം പറയുകയായിരുന്നു.

പുതിയ ദൗത്യവുമായിൽ മൗവിലേയ്ക്ക് 

യു.പിയിലെ മൗ എന്ന ഗ്രാമത്തിലെ ഫാത്തിമ ഡിസ്‌പെന്‍സറിയിലേക്ക് സിസ്റ്റര്‍ ഡോ. ജൂഡ് സിസ്റ്റർ കടന്നു ചെല്ലുമ്പോൾ അവിടുത്തെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. ഒരു ചെറിയൊരു ഡിസ്പെന്സറിയായിരുന്നു അവിടെ ഉണ്ടായിരുന്നത്. അവർക്കു അത് തന്നെ ധാരാളമായിരുന്നു എന്ന് വേണമെങ്കിൽ പറയാം. കാരണം ആ ഗ്രാമവാസികളിൽ ഭൂരിഭാഗവും നിരക്ഷരരായിരുന്നു. ആശുപതിയിൽ പോകുന്ന പതിവൊന്നും അവർക്കിടയിൽ ഉണ്ടായിരുന്നില്ല. മാരകമായ എന്തെങ്കിലും അസുഖം ബാധിച്ചാൽ മാത്രമേ ആശുപത്രിൽ എത്തുകയുണ്ടായിരുന്നുള്ളു. മറ്റു രോഗങ്ങൾക്കും പ്രസവത്തിനും ഒക്കെ നാട്ടു വൈദ്യന്മാരെയും മറ്റും ആശ്രയിക്കുകയായിരുന്നു അവരുടെ  പതിവ്.  അത് പലപ്പോഴും പലരുടെയും ജീവൻ തന്നെ അപകടത്തിലാക്കിയിരുന്നു.

അവരിലേക്ക്‌ ശരിയായ ചികിത്സയുടെ ആവശ്യകത പകർന്നു നൽകാന്‍ സിസ്റ്റര്‍ ഏറെ ശ്രമിച്ചു. അത് അവരെ, അസുഖം വന്നാൽ ആശുപത്രിയിൽ പോയി  ചികിത്സ തേടുക ആവശ്യമാണെന്ന ബോധ്യത്തിലേയ്ക്ക് കൊണ്ടുവന്നു. അത്യാഹിതം സംഭവിച്ചാൽ ഈ ഡിസ്‌പെൻസറി മാത്രമായിരുന്നു അവർക്കു ആശ്രയം. കിടത്തി ചികിത്സിക്കുന്നതിന് സൗകര്യം ഉള്ള ആശുപതിയിൽ എത്തിക്കുവാനായി ഏകദേശം നൂറ്റി ഇരുപതോളം കിലോമീറ്ററുകൾ സഞ്ചരിക്കണമായിരുന്നു. ആ സാഹചര്യത്തിൽ ആശുപത്രി നവീകരിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഒരു ബെഡിൽ നിന്ന് തുടങ്ങി ഇന്ന് 352 കിടക്കകളും വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുമുള്ള വലിയ ആശുപത്രിയായി ഇത് മാറി. അത്യാഹിത വിഭാഗത്തില്‍പ്പോലും 52 കിടക്കകളുണ്ട്. 32 ഡോക്ടർമാർ ഇന്ന് ഈ ആശുപത്രിയിൽ സേവനം ചെയ്യുന്നുണ്ട്. മാത്രമല്ല ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ചികിത്സ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ആശുപത്രിയും അധികൃതരും പ്രത്യേകം ശ്രദ്ധിക്കുന്നു. ഈ വളർച്ചകൾക്കെല്ലാം പിന്നിൽ ദൈവത്തിന്റെ വലിയ അനുഗ്രഹമാണെന്നു വിശ്വസിക്കുകയാണ് സിസ്റ്റർ.

ശുശ്രൂഷാനുഭവങ്ങൾ

മികച്ച സൗകര്യങ്ങൾ ഉള്ള വലിയ ആശുപത്രിയിൽ എത്തുന്നതിനായി മണിക്കൂറുകൾ യാത്ര ചെയ്യണം എന്നത് കൊണ്ടുതന്നെ എമർജൻസി വിഭാഗത്തിൽ വരുന്ന ഭൂരിഭാഗവും കേസുകളും ഈ ആശുപത്രിൽ തന്നെ കൈകാര്യം ചെയ്യണമായിരുന്നു. വീട്ടിലോ പ്രാദേശിക വൈദ്യന്‍മാരുടെയടുത്തോ പ്രസവം നടത്തിയ ശേഷം തകര്‍ന്ന ഗര്‍ഭപാത്രവും രക്തസ്രാവവുമായി നിരവധി രോഗികൾ ഉണ്ടായിരുന്നു. അവർക്കായി ഒരു ദിവസത്തിലെ തന്റെ മുഴുവൻ സമയവും മാറ്റിവയ്ക്കുവാൻ സിസ്റ്റർ തയ്യാറായിരുന്നു. പലപ്പോഴും ഗുരുതരാവസ്ഥയിലാണ് ഇത്തരം സ്ത്രീകളെ ആശുപത്രിയിൽ എത്തിക്കുക. അവരെ കൈവെടിയാതെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടു വരുവാൻ സിസ്റ്ററിനു കഴിഞ്ഞിട്ടുണ്ട്.

ആദ്യസമയങ്ങളിൽ ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതെ മറ്റു ആശുപത്രിയിലേയ്ക്ക് അയയ്ക്കുമായിരുന്നു. ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികളെ ഈ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുവാനും മികച്ച ചികിത്സ നൽകുവാനും സിസ്റ്റർ നിർദ്ദേശം നൽകി. അങ്ങനെ കൂട്ടായ പരിശ്രമത്തിന്റെയും പ്രാർത്ഥനയുടെയും ഫലമായി നിരവധി രോഗികൾ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു. ഒരിക്കൽ ഗര്‍ഭപാത്രം തകര്‍ന്ന് നാഡിമിടിപ്പും രക്തസമ്മര്‍ദ്ദവും ഇല്ലാതെ വന്ന ഒരു രോഗിയെ ആശുപത്രിയിൽ എത്തിച്ചു. മറ്റു സാദ്ധ്യതകൾ ഒന്നും ഇല്ലാതിരിക്കെ ആ അപകടസാധ്യത നേരിട്ടുകൊണ്ട് സിസ്റ്റർ നടത്തിയ ശസ്ത്രക്രിയയിലൂടെ അവരെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടു വരുവാൻ കഴിഞ്ഞു. എല്ലാം ഭേദമായിക്കഴിഞ്ഞു അവർ മടങ്ങിയെത്തി. സിസ്റ്ററിനോട് പറഞ്ഞു.” എന്റെ ജീവൻ തിരികെ തന്നതു നിങ്ങളാണ്. ദൈവമാണ് നിങ്ങൾ” എന്ന്.

പതിനഞ്ചോളം ശസ്ത്രക്രിയകൾ നടത്തിയ ദിവസങ്ങളുണ്ട് എന്ന് ഇന്ന് സിസ്റ്റർ ഓർക്കുന്നു. ഏതൊക്കെ എങ്ങനെ നടന്നു എന്നു ചോദിച്ചാൽ സിസ്റ്റർ മുകളിലേയ്ക്കു നോക്കും. എന്നിട്ട് ചിരിച്ചുകൊണ്ട് പറയും. “എല്ലാം അവിടുത്തെ അനുഗ്രഹം”.

പുരസ്കാരങ്ങൾ 

നാൽപതു വർഷത്തെ സിസ്റ്ററിന്റെ സ്തുത്യർഹമായ സേവനത്തെ അംഗീകരിച്ചു കൊണ്ടാണ് യു പി സർക്കാർ ഝാന്‍സി റാണി വീര പുരസ്‌കാരം സിസ്റ്ററിനു സമ്മാനിക്കുന്നത്.  ടിന അംബാനിയുടെ നേതൃത്വത്തിൽ 2009-ൽ സീനിയർ സിറ്റിസൺ പുരസ്‌കാരം ലഭിച്ചിരുന്നു. 2012 – ൽ കാത്തലിക് ഹോസ്പിറ്റൽസ് അസോസിയേഷൻ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സിസ്റ്ററിനെ തേടി എത്തിയിരുന്നു.

സിസ്റ്ററിന്റെ നീണ്ട നാൽപതു വർഷത്തെ സേവനം സിസ്റ്ററിനെ നാട്ടുകാരുടെ സ്വന്തം ഡോക്ടറമ്മയാക്കി മാറ്റി. ഇന്നും മുന്നൂറോളം രോഗികളാണ് സിസ്റ്ററിന്റെ അടുക്കൽ എത്തുന്നത്. നൂറുപേരെ കഴിഞ്ഞാൽ ബാക്കി ഉള്ളവരെ സിസ്റ്റർ അസിസ്റ്റന്റ് ഡോക്ടറുടെ അടുക്കലേക്കു അയയ്ക്കും. പ്രായം പഴയതുപോലെ ഓടാൻ അനുവദിക്കുന്നില്ല എന്നത് തന്നെ കാരണം. 72 വയസ്സിന്റെ നിറവിൽ ഇനിയും അനേകരെ ശുശ്രൂഷിക്കാൻ ആരോഗ്യം നൽകണമേ എന്ന പ്രാർത്ഥനയിലാണ് ഈ അമ്മ. പ്രായം ചുളിവുകൾ വീഴ്ത്തിയ ശരീരത്തിൽ പ്രായത്തെ തോൽപ്പിക്കുന്ന ചുറുചുറുക്കുള്ള മനസുമായി തന്റെ യാത്ര തുടരുകയാണ് സി. ഡോ. ജൂഡ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.