മനുഷ്യനോട് ചേർത്തു നിർത്തി ദൈവശാസ്ത്രത്തെ വ്യാഖ്യാനിച്ച രായനച്ചൻ

ആരെയും ആകർഷിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു രായനച്ചൻ. ദൈവശാസ്ത്രം അത് മനുഷ്യനോട് ചെന്നു നിൽക്കുന്നതാവണം എന്ന് ശഠിക്കുകയും അതിലൂടെ ലളിതമായ രീതിയിൽ വ്യാഖ്യാനിക്കുകയും ചെയ്ത ദൈവശാസ്ത്രജ്ഞൻ. അദ്ദേഹത്തിൻറെ ജീവിതം വളരെ ലളിതമായ ഒന്നായിരുന്നു. ഭൂമിയിലെ കുഞ്ഞു കാര്യങ്ങളിൽ പോലും ദൈവത്തിന്റെ കരവേല കണ്ടെത്തിയ മഹാ മനുഷ്യനായിരുന്നു അദ്ദേഹം.

1920 ജൂലൈ 23ന് കൊല്ലം ജില്ലയിലെ കുമ്പളത്ത് ക്രൂസ് രായന്റെയും ആഗ്‌നസിന്റെയും നാലാമത്തെ മകനായി ജനിച്ചു. 1939 നവംബര്‍ 30 ന് ഈശോസഭയില്‍ ചേര്‍ന്നു. 1955ൽ വൈദികപട്ടം സ്വീകരിച്ചു. തത്വശാസ്ത്രത്തിൽ പഠനം പൂർത്തിയാക്കിയ ശേഷം കേരള സർവകലാശാലയിൽനിന്ന് ഒന്നാം റാങ്കിൽ ബിഎ മലയാളം പാസായി. റോമിൽനിന്നു തിയോളജിയിൽ ഡോക്ടറേറ്റ് നേടി. 1960 മുതൽ 71 വരെ കേരളത്തിലെ ഐക്കഫ് (ഓൾ ഇന്ത്യ കാത്തലിക് യൂണിവേഴ്സിറ്റി ഫെഡറേഷൻ) പ്രസ്ഥാനത്തിന്റെ ചാപ്ലിനായി. സംസ്ഥാനത്തെ ക്യാംപസുകളിൽ ഐക്കഫ് കെട്ടിപ്പടുക്കാൻ നിർണായക പങ്കുവഹിച്ചു.

എക്യുമെനിക്കൽ അസോസിയേഷൻ ഓഫ് തേഡ് വേൾഡ് തിയോളജിയൻസിന്റെ സ്ഥാപകാംഗമാണ്. ഡൽഹി വിദ്യാജ്യോതി കോളജ് ഓഫ് തിയോളജി അധ്യാപകനായും പ്രിൻസിപ്പലായും സേവനം ചെയ്തു. ‌ബൗദ്ധികതലത്തിൽ മാത്രം ചർച്ച ചെയ്യപ്പെട്ടിരുന്ന ദൈവശാസ്ത്രത്തെ സാധാരണക്കാരായ വിശ്വാസികളുടെ കാഴ്ചപ്പാടിലേക്കു പുനരാഖ്യാനം ചെയ്യുന്നതിനു കഠിനപരിശ്രമമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയത്.

ഏക ദൈവ സങ്കല്‍പ്പത്തിനു ഉടമയായിരുന്നു അദ്ദേഹം. ഒരേ ഒരു ദൈവം. ആ ദൈവം ഈ ലോകത്തെ സൃഷ്ടിച്ചു.സ്നേഹിക്കാൻ പഠിപ്പിച്ചു. അത്രതന്നെ. എവിടെ പാരമ്പര്യങ്ങൾ ഉണ്ടോ, എവിടെ യഥാർത്ഥ ദൈവാന്വേഷണം നടക്കുന്നു അവിടെയാണ് ദൈവം എന്നു പഠിപ്പിച്ചിരുന്ന വ്യക്തിയാണ് രായനച്ചൻ. മതത്തിന്റെ പേരിൽ തമ്മിൽ തല്ലുന്നതിനെയും അതിനെ ദുരുപയോഗിക്കുന്നതിനെയും അച്ചൻ ശക്തമായി എതിർത്തിരുന്നു.

കം ഹോളി സ്പിരിറ്റ്, ഹോളി സ്പിരിറ്റ് റിന്യൂ ദ ഫേസ് ഓഫ് ദ എര്‍ത്ത്, ദി ആംഗര്‍ ഓഫ് ഗോഡ്, ഇന്‍ ക്രൈസ്റ്റ് ദി പവര്‍ ഓഫ് വിമന്‍ തുടങ്ങീ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. 2010 മുതല്‍ കാലടിയിലുള്ള ഈശോസഭയുടെ ആശ്രമമായ സമീക്ഷയില്‍ വിശ്രമ ജീവിതത്തിലായിരുന്നു. രായനച്ചന്റെ ജീവിതം മുഴുവൻ ഒരു പ്രാർത്ഥനയായിരുന്നു. ഹൃദയതാളം നിലയ്ക്കുന്നത് വരെ തുടർന്ന ഒരു പ്രാർത്ഥന. അദ്ദേഹം മണ്മറയുമ്പോൾ സഭയ്ക്ക് നഷ്ടപ്പെടുന്നത് പകരം വയ്ക്കാനാവാത്ത വ്യക്തിത്വം. അദ്ദേഹത്തിന് ലൈഫ് ഡേയുടെ പ്രണാമം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.