പ്രളയബാധിതരോടൊപ്പം; ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

പ്രകൃതിദുരന്തത്തില്‍ നഷ്ടമായ ജീവനുകള്‍ക്ക് നിത്യശാന്തി നേര്‍ന്ന് പ്രാര്‍ത്ഥിക്കാനും അവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരാനും, ദുരിതത്തില്‍ അകപ്പെട്ടവരെ തിരികെ സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാനും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് വീണ്ടും സാഹചര്യം ഉണ്ടാകണമെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആഹ്വാനം ചെയ്തു.

ഒരു വര്‍ഷം മുമ്പ് എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിച്ച വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗം എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ഇതര സംഘടനാ സംവിധാനങ്ങളും ഇത്തവണയും ജാതി-മത-ഭേദമന്യേ ഏവരെയും സഹായിക്കാന്‍ സേവനരംഗത്ത് ഉണ്ടാവും എന്നും അദ്ദേഹം അറിയിച്ചു.

പ്രകൃതിയുമായി ഇണങ്ങിജീവിക്കാന്‍ മനുഷ്യര്‍ മടി കാട്ടരുത്. പ്രകൃതി നേരിടുന്ന ആഘാതം സംബന്ധിച്ച അനുബന്ധ ശാസ്ത്രീയ നിരീക്ഷണങ്ങളും മുന്‍കരുതല്‍ ശുപാര്‍ശകളും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കണക്കിലെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.