ഡോ. ജോസ് ജെയിംസ് കേരള സംസ്ഥാന ആസൂത്രണ ബോർഡ് സ്‌പോർട്‌സ് വർക്കിംഗ് ഗ്രൂപ്പ് കോ-ചെയർപേഴ്ണായി നിയമിതനായി

കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച സ്‌പോർട്‌സ് വർക്കിംഗ് ഗ്രൂപ്പിൽ ഡോ. ജോസ് ജെയിംസിനെ കോ-ചെയർപേഴ്ണായി നിയമിച്ചു. കോട്ടയം അതിരൂപതാ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനാണ് ഡോ. ജോസ് ജെയിംസ്. ഡോ. ശർമിള മേരി ജോസഫ് ഐഎഎസ് ഗവൺമെന്റ് സെക്രട്ടറിയായുള്ള ഗ്രൂപ്പിലാണ് കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുൻ രജിസ്ട്രാർ കൂടിയായ ഡോ. ജോസ് ജെയിംസിന് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.

14-ാം പഞ്ചവത്സര പദ്ധതി കാലയളവിൽ സംസ്ഥാനത്തെ കായികവിദ്യാഭ്യാസ പരിപാടികളും പ്രവർത്തനങ്ങളും ക്രമീകരിക്കുന്നതിനാവശ്യമായ കായികനയ രൂപീകരണ പ്രക്രിയയ്ക്ക് പ്രസക്തമായ വിഷയങ്ങളോ, മേഖലകളോ നിർദ്ദേശിക്കുന്നതിനായാണ് സ്‌പോർട്‌സ് വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുള്ളത്. നിലവിലുള്ള കായികവിദ്യാഭ്യാസം പുനസംഘടിപ്പിക്കാനുള്ള വഴികൾ നിർദ്ദേശിക്കുക, സ്‌പോർട്‌സും കായികവിദ്യാഭ്യാസവും സ്‌കൂളിൽ സംയോജിപ്പിക്കുന്നതിനും കായികപ്രതിഭകളെ നേരത്തേ കണ്ടെത്തുന്നതിനുമായി നിർദ്ദേശങ്ങൾ നൽകുക, കുട്ടികളെയും യുവാക്കളെയും അവരുടെ പ്രത്യേകത അനുസരിച്ച് പരിപാലിക്കുക, കായികമേഖല വിനോദസഞ്ചാര മേഖലയുമായി ബന്ധിപ്പിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകുക തുടങ്ങിയവയാണ് കമ്മിറ്റിയുടെ പ്രധാന ചുമതലകൾ.

ഡോ.ബിനു പി. വർഗീസ് സാമൂഹ്യസേവന വിഭാഗം മേധാവി കൺവീനറായും റീന ജെ. റിസർച്ച് അസിസ്റ്റന്റ് കേരള സംസ്ഥാന ആസൂത്രണ ബോർഡ് കോ-കൺവീനറായും 23 പ്രൊഫഷണലുകളും അഡ്മിനിസ്‌ട്രേറ്റർമാരും വിദഗ്ധരും അടങ്ങുന്നതാണ് കമ്മറ്റി. ശ്രീ. പി.ആർ ശ്രീജേഷ്, ശ്രീ. ഐ.എം വിജയൻ, ശ്രീമതി. പി.ടി. ഉഷ, പ്രൊഫ. സണ്ണി തോമസ്, ശ്രീ. ജോർജ് തോമസ്, ശ്രീ. രാധാകൃഷ്ണൻ നായർ തുടങ്ങി പ്രമുഖരായ വ്യക്തികൾ ഗ്രൂപ്പിൽ അംഗങ്ങളാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.