പാവങ്ങളുടെ ഡോക്ടര്‍, ഹൊസെ ഗ്രിഗോറിയോ ഹെര്‍ണാണ്ടസ് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

പാവങ്ങളുടെ ഡോക്ടര്‍ എന്നു വിളിപ്പേരുള്ള ഡോ. ഹൊസെ ഗ്രിഗോറിയോ ഹെര്‍ണാണ്ടസ് വെനസ്വേലയിലെ തലസ്ഥാന നഗരിയായ കാരക്കസില്‍ വച്ച് ഏപ്രില്‍ 30-ന് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തപ്പെടും. മോഷ്ടാക്കളുടെ ആക്രമണത്തിനിരയായി തലയ്ക്ക് വെടിയേറ്റ വെനസ്വേലന്‍ പെണ്‍കുട്ടിക്ക് ഇദ്ദേഹത്തിന്റെ മാദ്ധ്യസ്ഥത്താല്‍ ലഭിച്ച രോഗസൗഖ്യമാണ് വാഴ്ത്തപ്പെട്ട പദവിക്ക് കാരണമായത്.

കാരക്കസില്‍ രാവിലെ 10.00 -ന് അര്‍പ്പിക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയും വെനസ്വേലയിലെ മുന്‍ അപ്പസ്‌തോലിക സ്ഥാനപതിയുമായ കര്‍ദ്ദിനാള്‍ പിയാത്രോ പരോളിന്‍ മുഖ്യകാര്‍മ്മികനായിരിക്കും. കാരക്കാസിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ കര്‍ദ്ദിനാള്‍ ബല്‍ത്താസര്‍ പൊറാസ്, കാരക്കാസ് ആര്‍ച്ച്ബിഷപ്പ് എമരിത്തൂസ് കര്‍ദ്ദിനാള്‍ ജോര്‍ജ് ഉറോസ, വെനസ്വേലയിലെ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ബിഷപ്പ് ആള്‍ഡോ ജോര്‍ഡാനോ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുന്ന തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനായി ഡോക്ടര്‍മാരെയും ഭിന്നശേഷിക്കാരെയും പ്രത്യേകം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പാവപ്പെട്ടവരോട് പ്രത്യേക കരുതലുണ്ടായിരുന്ന അദ്ദേഹം, ആശുപത്രിയില്‍ പോകാന്‍ കഴിവില്ലാത്തവരെ വീട്ടില്‍ പോയി ചികിത്സിക്കുമായിരുന്നു. അവരില്‍ നിന്ന് ഫീസും വാങ്ങിയിരുന്നില്ല. രണ്ട് തവണ സെമിനാരിയില്‍ ചേര്‍ന്ന് വൈദികപഠനം ആരംഭിച്ചെങ്കിലും അനാരോഗ്യം മൂലം തിരിച്ചുപോന്നു. രോഗികളില്‍ ക്രിസ്തുവിനെ ദര്‍ശിച്ച് ആതുരസേവനരംഗത്ത് കൂടുതല്‍ വ്യാപൃതനാകണമെന്ന ചിന്തയായി പിന്നീട്.

1918-ല്‍ പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ഫ്‌ളൂവില്‍ ഇദ്ദേഹം നടത്തിയ സേവനവും ശ്രദ്ധേയമാണ്. കാറപകടത്തില്‍ 1919 ജൂണ്‍ 29-നാണ് ഇദ്ദേഹം മരണപ്പെട്ടത്. 1949-ലാണ് അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചത്. 1985-ല്‍ ധന്യരുടെ നിരയിലേക്ക് ഉയര്‍ത്തപ്പെട്ടു. ഒക്ടോബര്‍ 26 ആണ് തിരുനാള്‍ ദിനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.