സഭാ നിയമങ്ങൾ സാധാരണക്കാരിൽ എത്തിച്ച മഹത് വ്യക്തിത്വം ഫാ. ജോസ് ചിറമേൽ

എറണാകുളം ആങ്കമാലി അതിരൂപത വൈദികനും, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ഓര്‍ഡിനറി ട്രിബ്യൂണലിന്റെ പ്രസിഡന്റും, സീറോ മലബാര്‍ സഭയുടെ പോസ്റ്റുലേറ്റര്‍ ജനറലുമായിരുന്നു  നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട റവ. ഡോ. ജോസ് ചിറമേല്‍. 2014 മുതല്‍ കാക്കനാട്ടുള്ള സീറോ മലബാര്‍ സഭയുടെ കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ അദ്ദേഹം താമസിച്ച് തന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ചു വരികയായിരുന്നു.

1980 -ല്‍ വൈദികപട്ടം സ്വീകരിച്ച ബഹുമാനപ്പെട്ട ജോസച്ചന്‍, റോമിലെ പൊന്റിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റി
എന്നിവിടങ്ങളില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കി.
സഭാനിയമത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ആഴമായ അറിവ് സഭയുടെ വിവിധ
തലങ്ങളില്‍ പ്രയോജനപ്പെടുത്തുവാന്‍ അദ്ദേഹം കഠിനാദ്ധ്വാനം ചെയ്തു.

പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും സഭാനിയമസംബന്ധമായ വിഷയങ്ങള്‍
അദ്ദേഹം സാധാരണക്കാര്‍ക്കും നിയമ വിദഗ്ദര്‍ക്കും ഒരു പോലെ സ്വീകാര്യമായ
രീതിയില്‍ കൈകാര്യം ചെയ്തിരുന്നു. സഭ നിയമങ്ങളെക്കുറിച്ചു നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചു. എല്ലാം സാധാരണക്കാർക്ക് മനസിലാകുന്ന വിധത്തിൽ. അനുദിന ജീവിതത്തിലെ സംഭവങ്ങൾ കോർത്തിണക്കിയായിരുന്നു അദ്ദേഹം സഭാ നിയമങ്ങൾ വ്യാഖാനിച്ചിരുന്നത്. അതുകൊണ്ടു തന്നെ വൈദികർക്കും അല്മയർക്കും ആ പുസ്‌തകങ്ങൾ വലിയ സഹായകരമായിമാറി.

പൂനെ പേപ്പൽ സെമിനാരി, ധര്‍മ്മാരാം കോളേജ് ബാംഗ്ലൂര്‍, സെന്റ് പീറ്റേഴ്സ് സെമിനാരി ബാംഗ്ലൂര്‍ എന്നിവടങ്ങളില്‍ കാനോൻ നിയമ പ്രൊഫസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഏവർക്കും മനസിലാകുന്ന വിധം ലളിതമായിരുന്നു അദ്ദേഹത്തിന്റെ ക്‌ളാസുകൾ. പഠിപ്പിക്കുന്ന വിദ്യാർത്ഥികളോടുള്ള അദ്ദേഹത്തിന്റെ  സ്നേഹവും എടുത്തുപറയത്തക്കതാണ്.

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ഓര്‍ഡിനറി ട്രിബ്യൂണലിന്റെ പ്രസിഡണ്ട്, സഭയുടെ പോസ്റ്റുലേറ്റര്‍ ജനറല്‍ എന്ന നിലകളില്‍ പ്രവര്‍ത്തിച്ചുവരവെയാണ് ക്യാന്‍സര്‍ രോഗബാധിതനാകുന്നതും ദൈവസന്നിധിയിലേയ്ക്ക് വിളിക്കപ്പെട്ടതും.