ലോകത്തെ അതിശയിപ്പിച്ച 6 വ്യത്യസ്ത വ്യക്തികള്‍ 

ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ജീവിതത്തിനു തിരശീല വീണു, ഇനി എന്നേക്കൊണ്ട് ഒന്നും സാധിക്കില്ല എന്നൊക്കെ ചിന്തിക്കുന്നവര്‍, ഇവരെ ഒന്ന് അറിയണം. ജീവിതത്തിലെ ഓരോ ചുവടു വയ്പ്പും, ഏറെ പ്രയാസമേറിയത് ആയിരുന്നിട്ടും ആത്മവിശ്വാസം വെടിയാതെ, ശ്രദ്ധയോടെ മുന്നോട്ടു നീങ്ങുന്ന ചിലരാണ് ഇവര്‍. വ്യത്യസ്തര്‍ എന്ന് തന്നെ നമുക്ക് ഇവരെ വിളിക്കാം. ശരീരത്തിലും ആത്മാവിലും ഇഛാശക്തിയിലും ഒക്കെ വേറിട്ട ശൈലി ഉള്ളവര്‍.

ഡൌണ്‍ സിന്‍ഡ്രോം എന്ന ജനതിക രോഗം ബാധിച്ചിട്ടും അത് ജീവിതത്തിന്‍റെയോ അവസരങ്ങളുടെയോ ഒരു അവസാനം അല്ല എന്ന് അടിയുറച്ച് വിശ്വസിക്കുന്ന ഒരു പിടി വ്യക്തിത്വങ്ങള്‍. ഇത്തരത്തില്‍ ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച അനേകര്‍ക്ക് ഇവര്‍ മാതൃകയാണ്.

ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച ഒരുപാട് ആളുകള്‍ ഇന്ന് സമൂഹത്തില്‍ വിജയങ്ങള്‍ കൊയ്ത ചരിത്രം ഉണ്ട്. ഒരുപക്ഷേ എത്തിപ്പെടാന്‍ കഴിയാത്തത് എന്ന് ലോകം മുദ്ര കുത്തിയ ഫാഷന്‍റെ ലോകത്ത് വരെ ഇവര്‍ എത്തിയിട്ടുണ്ട്.

ഡൌണ്‍ സിന്‍ഡ്രോം എന്ന ജനതിക രോഗം ബാധിച്ചു, ജീവിതം ഏറെ ക്ലേശകരമായി മാറിയിട്ടും ലോകത്തെ കീഴടക്കിയ അഞ്ച് ആളുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1.  ജേമീ ബ്രീവര്‍

33-കാരിയായ ജേമി ബ്രീവര്‍ എന്ന നടിയെ അറിയാത്തവരായി ഒരുപക്ഷേ ആരും ഉണ്ടാവില്ല. ഡൌണ്‍ സിന്‍ഡ്രോം ഇവര്‍ക്ക് ലോകം കീഴടക്കുന്നതിന് ഒരു തടസ്സമേ ആയിരുന്നില്ല. അവര്‍ തന്റെ അഭിനയം എന്ന മോഹം പൂവണിയുന്നതിനായി അവര്‍ക്ക് കഴിയാവുന്നത് ഒക്കെ ചെയ്തു. അമേരിക്കന്‍ ഹോറര്‍ സ്റ്റോറി എന്ന സീരീസിലെ പ്രധാന കഥാപാത്രത്തിന്റെ മകളായിയാണ് അവര്‍ സിനിമയില്‍ എത്തുന്നത്. ഇന്ന് പല മുഖ്യധാര ഇംഗ്ലീഷ് സിനിമകളുടെയും ഭാഗമാണ് ഇവര്‍.

ന്യൂ യോര്‍ക്ക്‌ ഫാഷന്‍ വീക്കില്‍ ചുവടു വയ്ക്കാന്‍ കഴിഞ്ഞ ആദ്യത്തെ ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച സ്ത്രീ എന്ന ബഹുമതിയും ജേമിക്ക് മാത്രം അവകാശപ്പെടാവുന്ന ഒന്നാണ്. അന്താരാഷ്ട്ര മോഡലുകളുടെ ഏറ്റവും വലിയ ഫാഷന്‍ സ്വപ്നങ്ങളില്‍ ഒന്നാണ്, ന്യൂ യോര്‍ക്ക്‌ ഫാഷന്‍ വീക്ക്. ആ വേദിയില്‍ ചുവടു വയ്ക്കുക എന്നത് വിലമതിക്കാനാവാത്ത ഒരു നേട്ടമാണ്.

2.  ഇസബെല്ലാ സ്പ്രിംഗ്മുഹൽ

തന്റെ വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യാനുള്ള കഴിവില്‍ മാത്രം ആശ്രയിച്ച് ജീവിതം പൊരുതി നേടിയ ഫാഷന്‍ ഡിസൈനര്‍. ഡൌണ്‍ സിന്‍ഡ്രോം എന്ന രോഗത്തെ ആലോചിച്ചു വിഷമിക്കുകയല്ല, മറിച്ച് തനിക്ക് ദൈവം തന്ന കഴിവിനെയാണ് ഇസബെല്ല വളമിട്ടു വളര്‍ത്തിയത്. ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച പെണ്‍കുട്ടി എന്തിനു ഇത്തരം ആഗ്രഹങ്ങളുമായി ഫാഷന്‍ സ്കൂളില്‍ പഠിക്കാന്‍ എത്തണം എന്ന സംശയം സ്ഥാപനത്തിന് ഉണ്ടായി. അതോടെ ഫാഷന്‍ സ്കൂള്‍ എന്ന ആഗ്രഹത്തിന്റെ വാതിലുകള്‍ അവള്‍ക്കു മുന്നില്‍ കൊട്ടി അടയ്ക്കപ്പെട്ടു. പക്ഷേ ഇസബെല്ല അങ്ങനെ ഒന്നും തോല്‍ക്കാന്‍ ഒരുക്കമല്ലായിരുന്നു. ഇന്ന് ന്യൂ യോര്‍ക്ക്‌ ഫാഷന്‍ വീക്കില്‍ വരെ അവരുടെ ഡിസൈനര്‍ വസ്ത്രങ്ങള്‍ അണിഞ്ഞ സുന്ദരികള്‍ ചുവടു വയ്ച്ചു കഴിഞ്ഞു. 2016-ല്‍ ബി. ബി. സി നടത്തിയ ലോകത്തെ മികച്ച സ്വാധീനം ചെലുത്തുന്ന 100 വനിതകളുടെ പട്ടികയില്‍ ഇസബെല്ലാ സ്പ്രിംഗ്മുഹലും ഉണ്ടായിരുന്നു.

3.  ക്രിസ് ബുര്‍കെ

ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച ഒരു അമേരിക്കന്‍ നടനാണ് ക്രിസ്. ലൈഫ് ഗോസ് ഓണ്‍ എന്ന സീരീസിലെ ചാള്‍സ് ‘കോര്‍കി’ എന്ന കഥാപാത്രമാണ്‌ ക്രിസിന്റെ എക്കാലത്തെയും മികച്ച കഥാപാത്രം. ഈ 53-കാരന്‍ അഭിനയത്തിന് ഒപ്പം സംഗീതത്തില്‍ കൂടി ചുവടു വയ്പ്പ് നടത്തിയിട്ടുണ്ട്. നാടന്‍ പാട്ടുകളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ക്രിസ് 1994 മുതൽ ദേശീയ ഡൗൺ സിൻഡ്രോം സൊസൈറ്റിയുടെ ഗുഡ്വില്‍ അംബാസിഡര്‍ ആണ്.

4.  പാബ്ലോ പിനെഡ

ആദ്യമായി ഒരു ഡിഗ്രി സ്വന്തമാക്കിയ, ഡൌണ്‍ സിന്‍ഡ്രോം ബാധിതന്‍ എന്ന അംഗീകാരം, പാബ്ലോയ്ക്ക് സ്വന്തമാണ്. പാബ്ലോ ഒരു സ്പാനിഷ്‌ നടനാണ്‌. അദ്ദേഹത്തിന് ‘യോ താമ്ബീന്‍’ എന്ന സിനിമയിലെ അഭിനയത്തിന് അന്താരാഷ്ട്ര അവാര്‍ഡുകള്‍ വരെ ലഭിച്ചിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ പരിപാടികളിലും അവര്‍ക്ക് പ്രചോദനം നല്‍കാനുള്ള ക്ലാസ്സുകളിലും ഒക്കെ സജീവ സാന്നിധ്യമാണ് പാബ്ലോ.

5.  ആന്‍ജെല ബാച്ചില്ലര്‍

ആന്‍ജെല ഒരു രാഷ്ട്രീയക്കാരിയാണ്. അവര്‍ സ്പാനിഷ് നഗരത്തിലെ കൌണ്‍സിലര്‍ ആയിരുന്നു. പീപ്പിള്‍സ് പാര്‍ട്ടിയുടെ ഒരു അംഗം കൂടിയാണ് അവര്‍. ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച സ്പേയിനിലെ ആദ്യ കൌണ്‍സിലര്‍ കൂടിയാണ് അവര്‍. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ് ആന്‍ജെല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.