അഗതികൾക്കുള്ള പെൻഷനും റേഷനും നിർത്തലാക്കരുത്‌: സീറോമലബാർ അത്മായ ഫോറം

അഗതികൾക്കുള്ള റേഷനും ക്ഷേമപെന്‍ഷനും കേരള സർക്കാർ നിർത്തലാക്കുന്നത് നിസ്സഹായരായ നമ്മുടെ സമൂഹത്തിലെ ഒരു വലിയ കൂട്ടം ആളുകളെയാണ് ബാധിച്ചിരിക്കുന്നത്. ബാലഭവനുകൾ, അഭയ ഭവനുകൾ, വൃദ്ധസദനങ്ങൾ, ഭിന്നശേഷിക്കാരുടെ താമസകേന്ദ്രങ്ങൾ, പാലിയേറ്റീവ് കെയർ സെന്‍ററുകൾ തുടങ്ങിയവയിൽ ഏകദേശം ഒരു ലക്ഷത്തോളം പേരെയാണ് ഇത് ബാധിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ സഹായം ലഭിക്കാത്ത വയോജന കേന്ദ്രങ്ങള്‍, കന്യാസ്ത്രീ മഠങ്ങള്‍, അഗതിമന്ദിരങ്ങള്‍, ആതുര ആശ്രമങ്ങള്‍, ധര്‍മ്മാശുപത്രികള്‍, ക്ഷേമസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ പട്ടിണിയിലാകും.

ഏറ്റവുമധികം സഹായമര്‍ഹിക്കുന്ന നിരാലംബരായ ഈ മനുഷ്യരെ അവഗണിക്കുന്ന ഇത്തരം നടപടികൾ തികച്ചും അപലപനീയമാണ്. ഇതിലൂടെ അര്‍ഹമായ നീതി ഇവര്‍ക്ക് നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. ക്ഷേപെന്‍ഷനുകള്‍ കൊടുക്കേണ്ടതും അഗതികളെ സംരക്ഷിക്കേണ്ടതും സര്‍ക്കാരുകളുടെ  ഉത്തരവാദിത്വമാണ്. കരുതലും ചികിത്സയും ആശ്രയവും നൽകി ഇവരെ സാമൂഹിക മുഖ്യധാരയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ഉദ്യമമാണ് ക്രൈസ്തവസഭകളും ഇതരതലത്തിലുള്ള അഗതിമന്ദിരങ്ങളും അഭയഭവനുകളും നിർവ്വഹിക്കുന്നത്.

സർക്കാരിന്റെ പൊതുവിതരണ വകുപ്പ് സൗജന്യനിരക്കിൽ നല്കിവന്നിരുന്ന അരിയുടെയും ഗോതമ്പിന്റെയും വിതരണം നിർത്തുന്നത് കടുത്ത അനീതിയാണ്. വെൽഫെയർ സ്കീമിൽപെടുത്തി കേന്ദ്രത്തിൽ നിന്നു ലഭിക്കുന്ന ഉൽപന്നങ്ങളായിരുന്നു ഇവ. വെൽഫെയർ സ്കീമിൽ കേന്ദ്രവിഹിതം ഇനി ലഭിക്കില്ലെന്ന കാരണത്താലാണ് പദ്ധതി നിർത്തലാക്കുന്നത് എന്നാണ് പൊതുഭരണവകുപ്പ് പറയുന്നത്. ഈ സ്ഥാപനങ്ങളുടെ അവസ്ഥ എന്തെന്നു മനസിലാക്കാതെയാണ് ഇപ്പോൾ റേഷനും പെൻഷനും നിർത്തലാക്കുന്നത്.

ഓരോ സര്‍ക്കാരും ജനനന്മ മുന്‍നിര്‍ത്തി കാലാകാലങ്ങളില്‍ നല്‍കുന്ന ഓരോ സഹായങ്ങളും ഫണ്ടുകളും ആനുകൂല്യങ്ങളും ഔദാര്യമല്ല, അവകാശമാണ്. എപ്പോഴെങ്കിലും സമൂഹത്തിലെ ചെറിയ ഒരു വിഭാഗത്തിനെങ്കിലും അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുണ്ടെങ്കില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന സമത്വം എന്ന ഈ ആശയത്തിന് ഗൗരവമായ അപചയം സംഭവിക്കുന്നുണ്ട്. നല്‍കപ്പെടുന്ന ആനുകൂല്യങ്ങളും സഹായങ്ങളും സമൂഹത്തിലെ അര്‍ഹിക്കുന്ന എല്ലാവര്‍ക്കുമായി വീതിക്കപ്പെടുമ്പോഴാണ് സാംസ്‌കാരിക പുരോഗതിയിലെത്തിയ സമൂഹമായി നാം മാറുന്നത്. അര്‍ഹതയുള്ളവരുടെ അവകാശങ്ങള്‍ എന്തെങ്കിലും കാരണങ്ങളുടെ പേരില്‍ നിഷേധിക്കുമ്പോള്‍ ഭരണഘടനയുടെ അന്തസത്തയാണ് ചോദ്യം ചെയ്യപ്പെടുക.

മാനസികമായ വെല്ലുവിളികൾ നേരിടുന്നവരെ, അവർ ഏത്‌ നിലയിലുള്ളവരാണെങ്കിലും സംരക്ഷിക്കാൻ – ഓണത്തിനോ, ക്രിസ്തുമസിനോ, പിറന്നാളുകൾക്കോ – അവർക്ക് നൽകുന്ന ഒരു നേരത്തെ ഭക്ഷണത്തിലൂടെ ഉത്തരവാദിത്വങ്ങൾ അവസാനിച്ചെന്നു കരുതരുത്. ഓരോ അന്തേവാസിക്കും സർക്കാർ നിശ്ചയിച്ച റേഷനരിയും ഗോതമ്പും  ലഭിച്ചിട്ട് മാസങ്ങളായിയിരിക്കുന്നു. അതിനു പിറകെയാണ് ഇടിത്തീ പോലെയുള്ള ഇവ നിർത്തലാക്കുന്ന തീരുമാനം വരുന്നത്. അശരണരും രോഗികളുമടങ്ങുന്ന ഒരു വിഭാഗത്തിന്റെ വിലാപം വനരോദനമായി മാറുന്നത് പ്രബുദ്ധകേരളത്തിന് തീരെ യോജിച്ചതല്ല.

ആതുരശുശ്രൂഷാ സ്ഥാപനങ്ങളും അഗതിമന്ദിരങ്ങളും മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ പ്രതിസന്ധികളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. മറ്റുള്ളവരുടെ സഹാനുഭൂതിയും കാരുണ്യവും ആശ്രയിച്ചു കഴിയുന്ന പല സ്ഥാപനങ്ങളും വിഷമഘട്ടങ്ങള്‍ തരണം ചെയ്യാന്‍ ത്രാണിയില്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. ഇങ്ങനെയുള്ള സ്ഥാപനങ്ങളുടെ സംരക്ഷണം സമൂഹത്തിന്റെ ആവശ്യമാണ്. ആയതിനാല്‍ ഈ വിധമുള്ള സ്ഥാപനങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ നടത്തപ്പെടുന്നുണ്ട് എന്ന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകൾ ഉറപ്പു വരുത്തണം.

അഗതികളുടെയും അനാഥരുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമുള്ള നിയമം നിലവിലുള്ള സംസ്ഥാനത്ത്, സർക്കാർ തന്നെ അത്‌ ലംഘിക്കുന്നത് ശരിയാണോ? എത്രയും വേഗം നിസ്സംഗതയുടെയും അനാസ്ഥയുടെയും ഫലമായി അന്നവും പെൻഷനും  മുട്ടുന്ന അന്തേവാസികളുടെ കാര്യത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പുനർവിചിന്തനത്തിന് തയ്യാറാകണം.

ടോണി ചിറ്റിലപ്പിള്ളി

ടോണി ചിറ്റിലപ്പിള്ളി, അത്മായ ഫോറം സെക്രട്ടറി, സീറോമലബാർ സഭ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.