കാലവര്‍ഷക്കെടുതി നാടൊന്നിച്ച് നേരിടും; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്: മുഖ്യമന്ത്രി

കാലവര്‍ഷക്കെടുതി നാടൊന്നിച്ച് നേരിടുമെന്നും തെറ്റായ പ്രചാരണങ്ങള്‍ നടത്തി ആളുകളെ ഭയപ്പെടുത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കാലവര്‍ഷം ശക്തിപ്പെട്ട എല്ലാ ജില്ലകളിലും സമഗ്രമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന്‌ അദ്ദേഹം അറിയിച്ചു. മഴക്കെടുതി വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്തെ എട്ട് ജില്ലകളിലായി 80ഓളം ഉരുള്‍പ്പൊട്ടലുകളാണ് രണ്ട് ദിവസത്തിനിടെ ഉണ്ടായത്. കവളപ്പാറ ഭൂതാനം കോളനിയിലും, വയനാട് മേപ്പാടി പുത്തുമലയിലുമാണ് വലിയ ആഘാതമുണ്ടാക്കിയ ഉരുള്‍പൊട്ടലുകളെന്നും മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ സ്വന്തം ജീവന്‍ മറന്നുകൊണ്ടുള്ള രക്ഷാപ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വിവിധ വകുപ്പ് ജീവനക്കാരും അര്‍പ്പണബോധത്തോടെ തങ്ങളുടെ ചുമതല നിറവേറ്റുന്നുണ്ട് – മന്ത്രി അറിയിച്ചു.

വയനാട്ടില്‍ രാവിലെ മഴയ്ക്ക് കുറവുണ്ടായിരുന്നെങ്കിലും ഉച്ചയ്ക്കുശേഷം മഴ വീണ്ടും കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ബാണാസുരയുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുകയാണ്. ഇന്ന് രാവിലെ എട്ടു മണി മുതല്‍ ഇവിടെ റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മിതമായ രീതിയില്‍ ജലം, ഇവിടെ നിന്ന് പുറത്തേയ്ക്കൊഴുക്കാനാണ് പദ്ധതി. അതുകൊണ്ട് പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. എറണാകുളത്ത് മഴയ്ക്ക് ശമനമുണ്ട്. പത്തനംതിട്ടയില്‍ കനത്ത മഴയാണ്. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. തിരുവല്ലയില്‍ 15 ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം സംസ്ഥാനം വലിയൊരു ദുരന്തമുഖത്ത് നില്‍ക്കുന്ന സന്ദര്‍ഭത്തിലും അപൂര്‍വ്വം ചിലര്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു. നാടൊരു വലിയ ദുരിതം നേരിടുമ്പോള്‍ ആളുകളില്‍ അനാവശ്യമായി ഭീതി പടര്‍ത്തുന്ന സമീപനമാണ് ഇവര്‍ക്കുള്ളത്. അത്തരം ആളുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.