
മിലാന്: അമേരിക്ക അഫ്ഗാനിസ്ഥാനിൽ പ്രയോഗിച്ച ബോംബിന് നൽകിയ പേരിൽ അമ്മ(മദർ) എന്ന വാക്കുപയോഗിച്ചതിനെതിരേ ഫ്രാൻസിസ് മാർപാപ്പ. ലോകത്തെ വിനാശകാരിയായ ബോംബെന്നു പ്രഖ്യാപിച്ച് നിർമിച്ച ബോംബിന് അമേരിക്ക നൽകിയ പേര് ‘മദര്‍ ഓഫ് ഓള് ബോംബ്സ്’ എന്നായിരുന്നു. ഇതിൽനിന്ന് മദർ എന്ന വാക്ക് ഉപേക്ഷിക്കണമെന്നാണ് മാർപാപ്പ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പേര് കേട്ടപ്പോള്‍ തനിക്ക് ലജ്ജ തോന്നിയെന്ന് വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണത്തിൽ മാര്‍പാപ്പ പറഞ്ഞു.
ജീവന് നല്കുന്ന ആളാണ് അമ്മ. ബോബ് ജീവനെടുക്കുന്ന വസ്തുവും. അത് നൽകുന്നത് മരണത്തെയാണ്. എന്നിട്ടും ബോംബിനെ അമ്മയെന്നു വിളിക്കാൻ എങ്ങനെ തോന്നി. എന്താണ് നമ്മുടെ ലോകത്തു സംഭവിച്ചുകൊണ്ടിരിക്കുന്നത്. എത്രമാത്രം തലതിരിഞ്ഞ ചിന്തയാണിത്-മാർപാപ്പ ചോദിച്ചു.
ജിബിയു43 അഥവാ മാസ്സീവ് ഓര്‍ഡ്നന്‍സ് എയര്‍ ബ്ലാസ്റ്റ് (എംഒഎബി) എന്ന ബോംബിനെയാണ് മദർ ഒാഫ് ഒാൾ ബോംബ്സ് എന്ന് വിശേഷിപ്പിച്ചത്. അഫ്ഗാനിസ്ഥാനിലെ ഐഎസ് തീവ്രവാദ കേന്ദ്രത്തില്‍ അമേരിക്കന്‍ വ്യോമസേന ഈ ബോംബ് പ്രയോഗിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി 24നു കൂടിക്കാഴ്ച നടത്താനിരിക്കെയാണ് അമേരിക്കയുടെ ബോംബിനെ വിമര്‍ശിച്ചുകൊണ്ട് മാർപാപ്പ രംഗത്തെത്തിയിരിക്കുന്നത്.
കടപ്പാട്: ദീപിക