ജറുസലേമിലെ കഴുതക്കുട്ടി

നിശയുടെ നിശ്ശബ്ദതയില്‍ കണ്ണടച്ചുകിടന്നിട്ടും യേശുവിന്റെ ഉള്ളം ശാന്തമായില്ല. പകലിന്റെ ചൂടില്‍ ജനക്കൂട്ടം നല്‍കിയ ഊഷ്മള സ്വീകരണത്തിന്റെ, അവരുയര്‍ത്തിയ മരച്ചില്ലകളുടെ, വിരിച്ച മേല്‍ക്കുപ്പായങ്ങളുടെ നേര്‍ത്തസ്വരം ഇപ്പോഴും ചെവിയില്‍ മുഴങ്ങുകയാണ്. യഥാര്‍ത്ഥത്തില്‍ അവര്‍ ഉയര്‍ത്തിയത് മരച്ചില്ലകളല്ല, തങ്ങളുടെ സ്വപ്നങ്ങളായിരുന്നു. വഴിയില്‍ വിരിച്ചത് മേല്‍വസ്ത്രങ്ങളായിരുന്നില്ല. പിന്നെയോ അവരുടെ ജീവിതങ്ങളായിരുന്നു.

എന്നാലും തുടര്‍ച്ചയായി അവര്‍ പാടിയത്, ആര്‍ത്തുവിളിച്ചത് ഒരേ ഒരു വാക്കാണ്.

‘ഓശാന.’

അതോര്‍ത്ത്, അവര്‍ ചൊല്ലിയ വാക്കിന്റെ അര്‍ത്ഥവ്യാപ്തി ഓര്‍ത്ത്, മനസ്സിന്റെ കോണില്‍ ഉയരുന്ന നേര്‍ത്ത അങ്കലാപ്പിന്റെ ചൂട് ആരെ അറിയിക്കാന്‍.

രക്ഷിക്കണം. എല്ലാവരെയും രക്ഷിക്കണം. ശരിയാണ്. പക്ഷേ അതിന് തന്റെ ജീവന്‍ പകരം കൊടുക്കണം. കൊടുക്കാം. മനുഷ്യരക്ഷയ്ക്ക് സ്വശരീരവും രക്തവും അര്‍പ്പിക്കാം. എന്നാലും ഓര്‍ക്കുമ്പോള്‍ ഹൃദയം പൊള്ളുന്ന അനുഭവം.

അസ്വസ്ഥമനസ്സോടെ യേശു എഴുന്നേറ്റു. നോക്കിയപ്പോള്‍ കണ്ടത് കണ്ണടച്ച് തളര്‍ന്നുറങ്ങുന്ന ശിഷ്യരെയാണ്. അവരുടെ ഇടയിലൂടെ ഇരുള്‍ വകഞ്ഞുമാറ്റി അവന്‍ പുറത്തേക്കിറങ്ങി. മരച്ചില്ലകളുടെ ഇടയിലൂടെ കാണുന്ന കീറിയ ആകാശം. അതില്‍ പാതി ജീവനോടെ ദുഃഖിതനായ ചന്ദ്രന്‍. മുമ്പില്‍ നീണ്ടുകിടക്കുന്ന ഒറ്റയടിപ്പാതയിലൂടെ യേശു പതിയെ നടന്ന് മുമ്പോട്ടു നീങ്ങി. വിജനമായ വീഥി.

ഒരു ശബ്ദം കേട്ടതുപോലെ. ആരെങ്കിലും വിളിക്കുന്നതാണോ! അവന്‍ തിരിഞ്ഞുനിന്നു. അകലെ നിന്ന് ആരോ ഓടിവരികയാണ്. അടുത്തു വരുന്തോറും ആളെ വ്യക്തമായി. കൃത്യമായി മനസ്സിലായതോടെ, അമ്പരപ്പായി. അത്ഭുതമായി! ദേ ബഥാനിയായിലെ കഴുതക്കുട്ടി! പകല്‍ താന്‍ കയറിയിരുന്ന കഴുതയുടെ ഒപ്പമുണ്ടായിരുന്ന കുട്ടിക്കഴുത! വിടര്‍ന്ന കണ്ണുകളോടെ അവന്‍ ആഗതനെ നോക്കി നിന്നു. അതിശയം വാക്കുകള്‍ക്കു വഴി മാറി.

‘എന്താ കഴുതക്കുട്ടീ ഈ രാത്രിയില്‍?’

വിയര്‍പ്പില്‍ കുളിച്ച് കിതച്ചു കൊണ്ട് കുട്ടിക്കഴുത പറഞ്ഞു:

‘ഈശോയെ രക്ഷിക്കണേ. (ഓശാന).’

പകല്‍ ജനക്കൂട്ടം വിളിച്ചുപറഞ്ഞതും ഇതേ വാക്യമാണല്ലൊ എന്ന് യേശു മനസ്സിലോര്‍ത്തു. അതു കേട്ടു കേട്ട് മനഃപാഠമാക്കിയ കഴുത ഉറക്കത്തില്‍ സ്വപ്നം കണ്ട് ഓടിവന്നതായിരിക്കും. ഇത്രയും ചിന്തിച്ചപ്പോഴേക്കും കഴുത അലമുറയിട്ട് തുടങ്ങി.

‘ഈശോയെ രക്ഷിക്കണേ.’

യേശു അവനെ ആശ്വസിപ്പിച്ചു.

‘നീ കാര്യം എന്തെന്നു പറയൂ. നമുക്ക് പരിഹാരമുണ്ടാക്കാം.’

കഴുതക്കുട്ടി ദുഃഖത്തോടെ തന്റെ സങ്കടങ്ങള്‍ യേശുവിന്റെ മുമ്പില്‍ കുടഞ്ഞിട്ടു.

‘ഈശോയേ, ഇന്നു പകല്‍ മുഴുവനും നീ കയറിയിരുന്ന് യാത്ര ചെയ്തത് എന്റെ അമ്മയുടെ പുറത്താണ്. ഇത്രയും നാള്‍ പ്രത്യേകിച്ച് ഒരു പണിയുമില്ലാതെ ചുമടൊന്നും എടുക്കാതെ നിന്നിരുന്നയാളാണ് എന്റെ അമ്മ. എന്നാല്‍ ഇന്നു വൈകുന്നേരം യജമാനന്‍ അമ്മയെ ചുമട് എടുപ്പിക്കുവാനായി ചന്തയിലേക്കു കൊണ്ടുപോയി. കുട്ടിക്കഴുത ഇത്രയും പറഞ്ഞൊപ്പിച്ചു.’

‘ഇതാണോ നിന്റെ പ്രശ്‌നം!’

യേശുവിന്റെ ചോദ്യത്തില്‍ അലിവുകലര്‍ന്നിരുന്നു. ചില നിശ്ശബ്ദനിമിഷങ്ങള്‍ക്കുശേഷം കഴുതക്കുട്ടി തുടര്‍ന്നു:

‘ഇതല്ല എന്റെ പ്രധാനവിഷമം. കാര്യം ഇതാണ്. നാളെമുതല്‍ എന്നെക്കൂടി ചന്തയില്‍ ചുമടെടുപ്പിക്കാനായി കൊണ്ടുപോകാന്‍ യജമാനന്‍ നിശ്ചയിച്ചിരിക്കുകയാണ്. എനിക്കതിനോട് ഒട്ടും താല്പര്യമില്ല. അവിടെ നിന്ന് നീ എന്നെ രക്ഷിക്കണം.’

പറഞ്ഞുനിര്‍ത്തിയതേ ഏങ്ങലടികള്‍ ഉയര്‍ന്നു. ആശ്വസിപ്പിക്കാനായി, വാത്സല്യത്തോടെ അവന്റെ മുഖത്ത് തലോടിക്കൊണ്ട് യേശു പറഞ്ഞു.

‘അല്ല. ചുമടെടുക്കുക എന്നത് നിന്റെ കടമയല്ലേ. തൊഴിലല്ലേ. അതു നീ ചെയ്യണം. ചെയ്യേണ്ട ജോലിയില്‍ നിന്ന് ഒളിച്ചോടുന്നത് പാപമാണ്.’

പ്രതീക്ഷിച്ച ഉത്തരം കിട്ടാത്തതുകൊണ്ട് കഴുതയുടെ മുഖമിരുണ്ടു, പേശികള്‍ വലിഞ്ഞുമുറുകി. കോപത്താല്‍ വിറച്ചുകൊണ്ട് പറഞ്ഞു:

‘എന്നെ രക്ഷിക്കാമോ എന്നാണ് ചോദിച്ചത്. അല്ലാതെ ഉപദേശമല്ല. പറ്റില്ലെങ്കില്‍ കാര്യം പറയണം.’

യേശു സൗമ്യമായി അവനു മറുപടി നല്‍കി.

‘ചെയ്യരുതാത്തത് ചെയ്യേണ്ടിവരുന്ന സന്ദര്‍ഭങ്ങളിലാണ് രക്ഷിക്കേണ്ടത്. ഇവിടെ നീ ചെയ്യേണ്ടത് ചെയ്യാതിരിക്കാനാണ് ശ്രമിക്കുന്നത്. അപ്പോള്‍ ഇവിടെ രക്ഷപെടുത്തലിന് അര്‍ത്ഥമില്ല. അതുകൊണ്ട് നീ പോയി ചുമടെടുക്കാന്‍ തയ്യാറാകുക.’

വികാരത്തള്ളലിന്റെ പരകോടിയിലെത്തിയ കഴുതക്കുട്ടി ആക്രോശിച്ചു.’ഇന്നു ജനം മുഴുവന്‍ രക്ഷിക്കണേ, രക്ഷിക്കണേ എന്നു നിന്നോട് വിളിച്ചുപറയുന്നതു കേട്ടിട്ടാണ് ഞാന്‍ നിന്റെ അടുത്തുവന്നത്. ഒരു കഴുതയായ എന്നെ രക്ഷിക്കാന്‍ കഴിയാത്ത നീ എങ്ങനെയാണ് ഈ ജനത്തെ മുഴുവന്‍ രക്ഷിക്കുക. നിന്റെ അടുത്തു വന്ന എന്നെ തല്ലണം.’

പുച്ഛത്തോടെ കഴുതക്കുട്ടി അമര്‍ത്തിച്ചവിട്ടി തിരിച്ചു നടന്നു ബഥാനിയായിലേക്ക്. അപ്പോള്‍ അവനെ നോക്കി യേശു ആരംഭിച്ചു:

‘സ്വന്തം സുഖവും സന്തോഷവും കാത്തുസൂക്ഷിക്കാന്‍ വേണ്ടിമാത്രം രക്ഷിതാവിനെ തേടുന്നത് പാപമാണ്. അര്‍ച്ചനയ്ക്കായി പൂക്കളിറുക്കുമ്പോള്‍ സമീപേ നില്‍ക്കുന്ന മുള്ളുകളെ ശപിക്കുന്നത് വഞ്ചനയാണ്; സ്രഷ്ടാവിനോടും, തന്നോടുതന്നെയും. കടമനിര്‍വ്വഹണത്തിനുവേണ്ടി സഹിക്കുന്ന വേദനകള്‍ വിശുദ്ധമാണ്, അതിന്റെ ഭാരം ലഘുവും.’

പക്ഷേ അതു കേള്‍ക്കാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. ഒരു ചെറിയ ഉള്‍ച്ചിരിയോടെ അവന്‍ എതിരെ നടന്നുനീങ്ങി. ആ ചിരിയില്‍ അവന്റെ തിരുവത്താഴവും, കുരിശുമരണവും, പിന്നെ ഉത്ഥാനവും നിഴലിച്ചിരുന്നു.

ഡോ. ജി. കടൂപ്പാറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.