സ്വപ്നക്കാരൻ എന്നറിയപ്പെട്ടിരുന്ന വിശുദ്ധൻ

    സ്വപ്നങ്ങളിലൂടെ ദൈവം വി. ഡോൺ ബോസ്‌കോയോട് ധാരാളം സംസാരിക്കുകയും സന്ദേശങ്ങൾ നല്കുകയും ചെയ്തിരുന്നു. ‘സ്വപ്നക്കാരൻ’ എന്നൊരു പേരുതന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. അനേകം സ്വപ്നങ്ങൾ അദ്ദേഹം കണ്ടു. വലുതായപ്പോൾ മാർപാപ്പായുടെ നിർദ്ദേശപ്രകാരം അദ്ദേഹം തന്റെ സ്വപ്നങ്ങൾ എഴുതിവയ്ക്കുകയും ചെയ്തിരുന്നു.

    ഒൻപതാം വയസ്സിലാണ് ആദ്യത്തെ ദൈവികസ്വപ്നം ഉണ്ടാവുന്നത്. ഒരു മൈതാനത്ത് കുറെ കുട്ടികൾ കളിച്ചുകൊണ്ടിരിക്കുകയാണ്. ജോണും അവരോടൊപ്പം ഉണ്ട്. പെട്ടെന്ന് അവരുടെ ഇടയിൽ കളിയെചൊല്ലി ഒരു വഴക്കുണ്ടായി. അവർ പരസ്പരം ചീത്തവാക്കുകൾ പറയാൻ തുടങ്ങി. അവരുടെ സംസാരം കേട്ടപ്പോൾ ജോണിന് ദേഷ്യം വന്നു. അവൻ ചെന്ന് അവരോടു ദേഷ്യപ്പെട്ടു. ചീത്തവാക്കുകൾ പറയരുതെന്നു പറഞ്ഞു. അവർ അവനോടും എതിർത്തു സംസാരിക്കാൻ തുടങ്ങി.

    ഈ സമയം ഒരു ദിവ്യപുരുഷൻ ജോണിനെ മാടിവിളിച്ചു. മഹാശോഭയോടെ നിൽക്കുന്ന ആ ദിവ്യരക്ഷകന്റെ അടുക്കലേക്ക് അവൻ ചെന്നു. രക്ഷകൻ അവനോടു പറഞ്ഞു. ദേഷ്യപ്പെട്ടിട്ടല്ല സ്‌നേഹംകൊണ്ടും ക്ഷമകൊണ്ടും നീ അവരെ കീഴ്‌പ്പെടുത്തണം. പാപത്തിന്റെ ദോഷങ്ങളും, പുണ്യത്തിന്റെ ഫലങ്ങളും നീ അവരെ പറഞ്ഞു പഠിപ്പിക്കണം. ബാലനായ തനിക്ക് ഇതെങ്ങനെ സാധിക്കുമെന്നു ചിന്തിച്ചു നിൽക്കുമ്പോൾ സൗന്ദര്യവതിയായ ഒരു സ്ത്രീ അവന്റെ അടുക്കലേക്കു വന്നു. അവൾ കളിസ്ഥലത്തേക്കു വിരൽ ചൂണ്ടി പറഞ്ഞു.

    ‘നോക്കു ജോൺ, അവിടെ മുഴുവൻ പലതരം മൃഗങ്ങളാണ്. ഈ മൃഗങ്ങളിലുണ്ടാകുന്ന മാറ്റംകണ്ട് ഈ കുട്ടികളിലും നീ മാറ്റം വരുത്തണം. അവൻ നോക്കിനിൽക്കേ കളിസ്ഥലത്തിന്റെ ഒരു ഭാഗം നിറയെ മൃഗങ്ങൾ നിറഞ്ഞു. അല്പം കഴിഞ്ഞപ്പോൾ ഈ മൃഗങ്ങളെല്ലാം ആട്ടിൻകുട്ടികളായി രൂപാന്തരപ്പെട്ടു. അവ ഓടിച്ചാടി പച്ചവിരിച്ച മൈതാനിയിൽ മേയുവാൻ തുടങ്ങി. ഈ സ്വപ്നം അവൻ തന്റെ അമ്മയെ പറഞ്ഞുകേൾപ്പിച്ചു. അവൾ പറഞ്ഞു. ഭാവിയിൽ നീ ഒരു വൈദികനാകും. അപ്പോൾ അനേകം മൃഗീയതയുള്ള കുട്ടികളെ ഇതുപോലെ നീ മാറ്റിയെടുക്കണം എന്ന്.

    കന്നുകാലികളെ മേയിച്ച് ജീവിച്ചുപോന്ന നാളുകളിൽ അവന് മറ്റൊരു സ്വപ്നം ഉണ്ടായി. ഒരു കുന്നിൻ ചെരുവിൽ ഒരുപാട് ആട്ടിൻകൂട്ടങ്ങൾ. ആടുകളുടെ മുന്നിൽ പ്രഭതൂകുന്ന പുഞ്ചിരിയുമായി ഒരു സ്ത്രീ. ജോൺ ആ സ്ത്രീയെ സൂക്ഷിച്ചു നോക്കിയപ്പോൾ അവൾ അവനെ വിളിച്ചു. അവൻ ഓടിച്ചെന്നു. ആ സ്ത്രീ അവനോട് പറഞ്ഞു. ജോൺ ഈ ആടുകളെ ചെന്നായ് പിടിക്കാതെ സംരക്ഷിക്കണം. അതിന് ഞാൻ നിന്നെ സഹായിക്കും. അവൻ എന്തെങ്കിലും തിരിച്ചു ചോദിക്കുന്നതിനുമുമ്പ് ആ സ്ത്രീ അപ്രത്യക്ഷയായി.

    പിന്നീട് ജോൺ, ഡോൺ ബോസ്‌കോ ആയപ്പോൾ പരിശുദ്ധ അമ്മ അവനെ എങ്ങനെ സഹായിച്ചുവെന്നു ജീവചരിത്രത്തിൽനിന്നു നമുക്ക് മനസ്സിലാക്കാം. ജോൺ ‘കീയേരി’യിലുള്ള ഒരു പബ്ലിക് സ്‌കൂളിൽ ചേർന്നു. ലൂസി മാത്ത എന്ന സ്ത്രീയുടെ വീട്ടിൽ നിന്നുകൊണ്ടാണ് അവൻ പഠിച്ചത്. കുറഞ്ഞ ചിലവിൽ അവിടെ താമസിക്കുവാൻ അവൾ അനുവദിച്ചു. പഠനം കഴിഞ്ഞുളള സമയം ജോൺ ഒരു ചാക്കുമായി വീടുകൾ കയറിയിറങ്ങി പഴയ പാത്രങ്ങൾ ശേഖരിച്ച് പഠനത്തിനുള്ള പണം കണ്ടെത്തി. ഒരു ക്ലാസ്സ് താഴ്ത്തിയാണ് സ്‌കൂളിൽ ചേർത്തതെങ്കിലും നാലുമാസം കൊണ്ട് പഠന സാമർത്ഥ്യം നിമിത്തം രണ്ട് ക്ലാസ്സ് കയറ്റം കിട്ടി.

    അവന്റെ ഓർമ്മശക്തിയിലും കഴിവിലും അദ്ധ്യാപകർ സന്തുഷ്ടരായി. അവധിക്കാലത്ത് വീട്ടിലെത്തി കന്നുകാലികളെ മേയ്ക്കാൻ അവൻ അമ്മയെ സഹായിക്കും. അവധി കഴിയുമ്പോൾ സ്‌കൂളിലേക്ക് തിരികെ പോകും. പരീക്ഷ കഴിഞ്ഞ ഉടനെ ജോൺ സെമിനാരിയിൽ ചേരാൻ തീരുമാനിച്ചു. രൂപതാ വൈദികനോ, സന്യാസവൈദികനോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ അവന് സാധിക്കുന്നില്ല. അമ്മയുടെ ഉപദേശം സ്വീകരിച്ചപ്പോൾ അവളുടെ പ്രതികരണം ഇതായിരുന്നു.

    ‘ദൈവനിശ്ചയം പോലെ നീ ചെയ്തുകൊള്ളുക. ഒരു കാര്യം മാത്രമേ എനിക്കു പറയാനുള്ളു, നിന്റെ ആത്മരക്ഷയാണ് എനിക്ക് പ്രധാനപ്പെട്ടത്. പണം സമ്പാദിച്ച് ആത്മാവിനെ നഷ്ടപ്പെടുത്തുന്ന ഒരു വഴിയാണ് നീ തിരഞ്ഞെടുക്കുന്നതെങ്കിൽ ഞാൻ ഒരിക്കലും നിന്റെ അടുക്കൽ വരില്ല’. അമ്മയുടെ വാക്കുകൾ ജോണിന്റെ ഹൃദയത്തിൽ ആഴമായി പതിച്ചു. ഒരു വ്യക്തത ലഭിക്കാതെ വന്നപ്പോൾ ജോൺ ടൂറിനിലുള്ള ഫാ. ജോസഫ് കഫാസയെ കണ്ട് അഭിപ്രായം ആരാഞ്ഞു. ഇടവക വികാരിയുമായി ചർച്ചകൾ നടത്തി. അവസാനം ഒരു ഇടവകവൈദിനാകുവാൻ തീരുമാനിച്ചു.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.