ഡോണ്‍ ബോസ്‌കോയും ഞാനും – ബോബി ജോസ് കപ്പൂച്ചിന്‍

ബാല്യകാലത്തെ മധുരമാക്കിയ ഡോണ്‍ ബോസ്‌കോയെക്കുറിച്ച് ബോബിയച്ചന്‍

ജീവിതത്തില്‍ ആദ്യമായി വായിച്ചതും അങ്ങനെ അത്രയേറെ സ്‌നേഹിച്ചതും ആ പുണ്യവാളനെയായിരുന്നു – ഡോണ്‍ ബോസ്‌കോയെ. അത് ഒരു തടിച്ച പുസ്തകമായിരുന്നു. വിശേഷിച്ചും ഒരഞ്ചാം ക്ലാസ്സുകാരന്‍ കുട്ടിയെ സംബന്ധിച്ചിടത്തോളം. എന്നിട്ടും അതെത്രയാവര്‍ത്തി വായിച്ചെന്ന് ഓര്‍മ്മിച്ചെടുക്കാന്‍ പോലുമാവാത്ത വിധത്തില്‍ അത്രയും പ്രാവശ്യം! കുറച്ച് ദിവാസ്വപ്നങ്ങളുള്ള ഒരു കുട്ടിയോടൊപ്പം ബാലനായ ജോണിയാണ് ആദ്യം ഓടി വന്നത്. അരക്ഷിതമല്ലാത്ത ബാല്യമായിരുന്നെങ്കില്‍ പോലും നിരന്തരം അലയേണ്ടി വന്ന ആ ചെറിയ ജോണിയെ വളരെ എളുപ്പത്തില്‍ പിടി കിട്ടിയിരുന്നു.

ആടു മേയ്ക്കാന്‍ പറ്റിയ ഇടങ്ങളൊന്നുമായിരുന്നില്ല ഞങ്ങളുടേത്. എന്നിട്ടും സന്ധ്യയില്‍ കുട്ടികള്‍ ഒഴിഞ്ഞുപോയ മൈതാനത്തിനരികെ ഇരുന്ന ജോണിയോടൊപ്പം ദിവാസ്വപ്നം കാണും. എന്നും കലമ്പുന്ന കൂട്ടുകാരെ ഒരു ദിവസം വടി കൊണ്ടല്ല, സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തുമെന്ന് മനസ്സിനോട് മന്ത്രിക്കും. ചിലപ്പോള്‍ ആകാശത്ത് നോക്കി കിടക്കുമ്പോള്‍ നീലമേഘങ്ങള്‍ക്കിടയില്‍ നിന്നെങ്ങാനും പരിശുദ്ധ അമ്മ സംസാരിക്കുന്നുണ്ടോയെന്ന് കണ്ണും കാതും കൂര്‍പ്പിക്കും.

ചിലപ്പോഴൊക്കെ ജോണിയെ അനുകരിക്കാനുള്ള ശ്രമങ്ങളുമുണ്ടായിരുന്നു. ഇത്തിരി ചെപ്പടിവിദ്യയും മാന്ത്രികവുമുണ്ടെങ്കില്‍ കൂട്ടുകാരെ അത്ഭുതപ്പെടുത്താനും വീണ്ടെടുക്കാനും ആകുമെന്ന് വിചാരിച്ച് ശകലം പഠിക്കാന്‍ തീരുമാനിക്കുകയും ഒരൊറ്റ നമ്പര്‍ പോലും പഠിക്കാനാവാതെ ആ കളി പൂട്ടുകയും ചെയ്തു. ആദ്യകുര്‍ബാന സ്വീകരണത്തിന് ശേഷം പള്ളിമേടയില്‍ കുഞ്ഞുങ്ങള്‍ക്ക് കാപ്പികുടിയുണ്ടായിരുന്നു. രുചികരമായ ഒരു പലഹാരം പാത്രത്തില്‍ വിളമ്പി വച്ചിട്ടുണ്ട്. മനസ്സിലോര്‍ത്തു, ജോണി ആയിരുന്നെങ്കില്‍ മമ്മ ചുട്ട നല്ല അപ്പം കൂട്ടുകാര്‍ക്ക് കൊടുത്ത് മോശമപ്പം അവര്‍ക്ക് വിഷമം തോന്നാതിരിക്കാന്‍ അതാണെനിക്കിഷ്ടമെന്ന് പറഞ്ഞ് ഭക്ഷിച്ചേനെ. അതുകൊണ്ട് തന്നെ പാത്രത്തിലെ രുചികരമായ അപ്പത്തിന് കുര്‍ബ്ബാന സ്വീകരിച്ച അത്ര അടുപ്പമൊന്നും ഒരിക്കലും തോന്നാത്ത ഒരാള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചു. പകരം നല്ലതെന്ന് പറഞ്ഞ് തിരികെയെടുക്കാന്‍ ഒന്നുമില്ലാത്തത് കൊണ്ട് ആ വിശപ്പ് ഈശോയ്ക്ക് സമര്‍പ്പിച്ചു! ഡോണ്‍ ബോസ്‌കോയ്ക്ക് നന്ദി. എന്റെ ബാല്യകാലത്തെ മധുരമാക്കിയതിന്, അഴകുള്ള പ്രേരണകള്‍ നല്‍കിയതിന്, ശകാരം കൊണ്ടല്ല, സ്‌നേഹം കൊണ്ടാണ് ലോകത്തെ നേരിടേണ്ടതെന്ന് ഇളം പ്രായം തൊട്ടെ പറഞ്ഞ് തന്നതിന്. മറ്റൊരു വാക്കില്‍ ഭൂമിയെമ്പാടുമുള്ള ലക്ഷോപലക്ഷം കുഞ്ഞുങ്ങള്‍ക്ക് കൂട്ടു പോയത് പോലെ എന്റെ കൂടെയും നടന്നതിന്.

അങ്ങയോടൊപ്പം നടന്ന് എനിക്ക് ഡൊമിനിക് സാവിയോ ആകണമെന്നായിരുന്നു ആഗ്രഹം. അത്രയും സൗമ്യത പറ്റാത്തത് കൊണ്ട് പിന്നെ അങ്ങ് സ്‌നേഹപൂപര്‍വ്വം ജനറല്‍ മിക്കിയെന്ന് വിളിച്ചിരുന്ന ആ പരുക്കന്‍ ബാലനെങ്കിലും ആകാനായിരുന്നു ശ്രമം. ഏഴാം ക്ലാസ്സിലെത്തിയപ്പോള്‍ മണ്ണുത്തിയില്‍ ഡോണ്‍ ബോസ്‌കോയുടെ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഇടമുണ്ടെന്ന് അറിഞ്ഞ് അവിടെ ചേരണമെന്ന് പറഞ്ഞ് വീട്ടില്‍ ശാഠ്യം പിടിച്ചതും ഓര്‍മ്മയുണ്ട്.

അതൊന്നും നടന്നില്ല. ചെറുപ്പക്കാരോട് എങ്ങനെ സംവദിക്കണമെന്ന് നാല്‍പതുകളുടെ ആദ്യത്തിലെത്തിയ എന്നെ ഇപ്പോഴും ഓര്‍മ്മിപ്പിക്കുന്നത് ഡോണ്‍ ബോസ്‌കോയാണ്. എന്തിനാണ് നമ്മള്‍ അവരോട് കലമ്പുന്നത്? എത്ര നല്ലവരാണ് ഈ ഇളമുറക്കാര്‍! ഒഴുക്കിലെ ഒരില കണക്കുള്ള അവരുടെ ജീവിതത്തെ വളരെ ചെറിയൊരു സ്പര്‍ശനം കൊണ്ട് വഴി തിരിച്ചു വിടാനാവുമെന്ന് ചില ആത്മവിശ്വാസങ്ങള്‍ക്ക് കാരണം ഡോണ്‍ബോസ്‌കോയാണ്, ആ കരത്തില്‍ ഞാനൊന്നു കൂടി മുത്തിക്കോട്ടെ. കുറച്ച് ബൈബിള്‍ പഠനമൊക്കെ കഴിയുമ്പോള്‍ ക്രിസ്തു പറയുന്ന തൊഴുത്തില്‍ പെടാത്ത ആട്ടിന്‍പറ്റങ്ങളോടൊപ്പമായിരുന്നു ഡോണ്‍ബോസ്‌കോ എന്നുമെന്ന് എനിക്കിപ്പോള്‍ മനസ്സിലാകുന്നുണ്ട്. എല്ലാവരും നല്ലവരൊടൊപ്പമാണ്. ഏതെങ്കിലും തരത്തില്‍ ഇടറിപ്പോയവരോടോ പാളം തെറ്റിയവരോടോ ആര്‍ക്കുമില്ല മമത. പള്ളി കാലാകാലങ്ങളായി ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഒരപരാധവും അതാണ്. നല്ലവരോട് പിന്നെയും പിന്നെയും നല്ലത് പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ തങ്ങളുടെ പതിവ് രീതികളോട് സമരസപ്പെടാതെ നില്‍ക്കുന്നവരോട് അതപകടകരമായ അകലം സൂക്ഷിക്കുന്നു. നിര്‍ഭാഗ്യവശാല്‍ അതിനിപ്പോഴും കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഡോണ്‍ ബോസ്‌കോയെ തിരികെ വിളിക്കുകയാണ്, ഈ വര്‍ത്തമാനകാല പ്രതിസന്ധിയെ നേരിടാനുള്ള ഏകവഴിയെന്ന് തോന്നുന്നു.

നമുക്ക് ചുറ്റുമുള്ളത് ആരാണെന്നാണ് നമ്മളെ തിരിച്ചറിയാനുള്ള മാനദണ്ഡം. ക്രിസ്തുവിന് ചുറ്റും ആരായിരുന്നു. ദരിദ്രര്‍ എന്ന് വിളിക്കപ്പെടുന്നവര്‍. അത്താഴപ്പട്ടിണിക്കാര്‍ മാത്രമല്ല ദരിദ്രര്‍. ഏതെങ്കിലും തരത്തില്‍ കുറവനുഭവിക്കുന്നവര്‍.

അറിവുള്ളവര്‍ ആദരിക്കപ്പെടുന്ന സമൂഹത്തില്‍ പഠിക്കാത്തവര്‍ ദരിദ്രരാണ്. അനുസരണയുള്ള മക്കളുള്ള നാട്ടില്‍ വീട് വിട്ട് പോകുന്ന കുറുമ്പന്‍ പൈതങ്ങളും ദരിദ്രര്‍ തന്നെ. പുരുഷന് മേല്‍ക്കോയ്മയുള്ള സമൂഹത്തില്‍ സ്ത്രീയും ദരിദ്ര. ധാര്‍മ്മികതയുടെ നാട്യങ്ങളണിഞ്ഞ് നില്‍ക്കുന്നവരുടെ നാട്ടില്‍ പാപി ദരിദ്രന്‍. ആരോഗ്യം ഉള്ള ഇടങ്ങളില്‍ രോഗിയും അങ്ങനെ തന്നെ. വൃദ്ധരും ഒരര്‍ത്ഥത്തില്‍ അത് തന്നെ.

ദൈവമെ അവരൊക്കെയായിരുന്നു ക്രിസ്തുവിനും ക്രിസ്തുവിന് പകരക്കാരനായി നിന്ന ബോസ്‌കോ അച്ചന്റെയും ചുറ്റിലും എപ്പോഴും.

ഡോണ്‍ ബോസ്‌കോയുടെ കഥയൊക്കെ വായിച്ച് ബാല്യം പ്രകാശിച്ച് എന്റെ ചുറ്റില്‍ ഇപ്പോള്‍ ആരാണ്? – പള്ളി പെരുന്നാള്‍ ഏറ്റ് നടത്തുന്ന ബാര്‍മുതലാളി, വൈകുന്നേരങ്ങളില്‍ വോളിബോള്‍ കളിക്കാനെത്തുന്ന കരുത്തുറ്റ ചെറുപ്പക്കാര്‍, പാട്ട് പാടുന്ന ക്വയറിലെ മാലാഖ പെണ്‍കുട്ടികള്‍, ഉജാലയുടെ പരസ്യത്തിലെന്നപോലെ വെള്ളവസ്ത്രം ധരിച്ച് നില്‍ക്കുന്ന ഭകതര്‍, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് (ഏതെങ്കിലും ഗ്രൂപ്പ്). ദൈവമെ ആത്മനിന്ദ കൊണ്ട് തല താഴുന്നു. ഇല്ല, പുണ്യാളന്റെ കരം ഞാന്‍ ചുംബിക്കില്ല. ഞങ്ങളത്രയും അരികില്‍ നിന്നുകൊണ്ട് അകന്നുപോയല്ലോ, ഒരിക്കല്‍ ഡോണ്‍ ബോസ്‌കോ ചേര്‍ത്ത് നിര്‍ത്തിയത് പോലെ എനിക്ക് ചുറ്റുമുള്ള least, last, lost എന്ന് വിശേഷിപ്പിക്കപ്പെടുന്നവരൊട് വ്യക്തമായ അടുപ്പം കണ്ടെത്താനും നിലനിര്‍ത്താനും കഴിയുമ്പോള്‍ മാത്രമേ അതിനുള്ള ധാര്‍മ്മിക അവകാശം ഉണ്ടാകുകയുള്ളൂ എന്നെനിക്കറിയാം. ആ വലിയ ദൂരം നടന്നു തീര്‍ക്കാതെ ഇത്തരം ആഭിമുഖ്യങ്ങള്‍ പുലര്‍ത്തുന്നത് പോലും ഒരപരാധമായി മാറുമെന്ന് ഞാന്‍ ഭയപ്പെടുന്നു. മനുഷ്യനിലും ദൈവത്തിലും അസാധാരണമായി വിശ്വസിച്ച ആ വിശുദ്ധനില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് ഞാനതിന് തയ്യാറാകും.

ഫാദര്‍ ബോബി ജോസ് കട്ടിക്കാട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.