സുവിശേഷത്തിന്റെ രുചി ജനങ്ങളിലെത്തിക്കുക – ഫ്രാന്‍സിസ് പാപ്പ

റോം: കഴിഞ്ഞ 800 വര്‍ഷങ്ങളായി ലോകമെങ്ങും സുവിശേഷത്തിന്റെ അഗ്നിയും ഉപ്പുമായി മാറിയ ഡൊമിനിക്കന്‍ സഭാംഗങ്ങളുടെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പയുടെ അനുമോദനം. ”സുവിശേഷവത്ക്കരണവും സത്പ്രവര്‍ത്തികളും ദൈവത്തെ മഹത്വപ്പെടുത്തുന്നു” എന്നായിരുന്നു പാപ്പയുടെ വാക്കുകള്‍. അധ:പതനത്തിലായിരുന്ന ഒരു ജനതയുടെ മധ്യത്തില്‍ സുവിശേഷത്തെ എത്തിച്ചത് പ്രശംസിക്കപ്പെടേണ്ടതാണെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു. ജനുവരി 21 ന് ചേര്‍ന്ന ഡൊമിനിക്കന്‍ സന്യാസ സഭയുടെ എണ്ണൂറാം വാര്‍ഷികാഘോഷ വേളയിലായിരുന്നു പാപ്പ ഇപ്രകാരം പറഞ്ഞത്.

ഡൊമിനിക്കന്‍ സന്യാസ സഭാ സ്ഥാപകന്‍ വിശുദ്ധ ഡൊമിനിക്ക് തന്റെ ജീവിതം കൊണ്ട് മാതൃക നല്‍കിയ വിശുദ്ധ വ്യക്തിത്വമാണെന്ന് ഫ്രാന്‍സിസ് പാപ്പ അനുസ്മരിച്ചു. ” സത്പ്രവര്‍ത്തികള്‍ മൂലമാണ് നാം പിതാവായ ദൈവത്തെ മഹത്വപ്പെടുത്തുന്നത്. ക്രിസ്തുവിന്റെ വെളിച്ചവും ഉപ്പുമായി മാറി ഈ സഭ എണ്ണൂറ് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഈ സന്യാസ സഭയുടെ സുവിശേഷവ്ത്ക്കരണം പ്രശംസിക്കപ്പെടേണ്ടതാണ്.”

ഉപയോഗിച്ച് വലിച്ചെറിയുന്ന ഒരു മാനസികാവസ്ഥയിലേക്ക് ഇന്നത്തെ ലോകം മാറിക്കൊണ്ടിരിക്കുകയാണെന്ന് ഫ്രാന്‍സിസ് പാപ്പ ചൂണ്ടിക്കാണിച്ചു. ഈ അവസ്ഥയില്‍ ലോകത്ത് സംഭവിക്കുന്ന നന്മകളില്‍ നാം പിതാവായ ദൈവത്തോടും പരിശുദ്ധാത്മാവിനോടും നന്ദിയുള്ളവരായിരിക്കണം. ഉപ്പില്ലാത്ത ഭക്ഷണം എന്തിന് കൊള്ളാം? ഉപ്പിന്റെ രുചി ഇല്ലാതാകുന്നത് പോലെയാണ് സഭയില്‍ സുവിശേഷത്തിന്റെ അഭാവം. ഡൊമിനിക്കന്‍ സഭാ പ്രവര്‍ത്തനങ്ങള്‍ക്ക് സുവിശേഷത്തിന്റെ രുചി ജനങ്ങളിലെത്തിക്കാനുള്ള ശക്തിയുണ്ടെന്നും അവരെ നന്മയിലേക്ക് നയിക്കാന്‍ സാധിക്കുമെന്നും പാപ്പ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.