ഗാർഹിക പീഡനം പൈശാചികമായ തിന്മയാണ്: ഫ്രാൻസിസ് പാപ്പാ

സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനം പൈശാചികമായ തിന്മയാണ് എന്ന് ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ച ഒരു ടെലിവിഷൻ പരിപാടിക്കിടയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ഭർത്താവിനാൽ പോലും വീട്ടിൽ മർദ്ദിക്കപ്പെടുന്ന, പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. സ്വയം പ്രതിരോധിക്കാൻ കഴിയാത്ത ഒരാളുടെ ബലഹീനതയെ മുതലെടുക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം പൈശാചികമാണ്” – പാപ്പാ പറഞ്ഞു. ഡിസംബർ 19 -ന് ഇറ്റാലിയൻ ചാനലായ റ്റി ജി 5 -ൽ ‘പോപ്പ് ഫ്രാൻസിസും അദൃശ്യജനങ്ങളും’ എന്ന 45 മിനിറ്റ് നീണ്ട പ്രത്യേക പരിപാടിയിൽ, വീടും ജോലിയും നഷ്ടപ്പെട്ട ജിയോവന്നയുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വർഷങ്ങളോളം തെരുവിൽ കിടന്നുറങ്ങിയ ഭവനരഹിതയായ മരിയയുമായും കോവിഡ് പകർച്ചവ്യാധി മൂലം ഒറ്റപ്പെട്ട 18 വയസ്സുകാരി മാരിസ്റ്റെല്ലയുമായും രണ്ട് ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ട് 25 വർഷം ജയിലിൽ കഴിഞ്ഞ പിയർഡോനാറ്റോയുമായും പാപ്പാ സംസാരിച്ചു. ഈ ക്രിസ്തുമസ് കാലത്ത് യേശുവിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേക്ഷകരോട് അഭ്യർത്ഥിച്ചുകൊണ്ടാണ് പാപ്പാ പരിപാടി അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.