പ്രാർത്ഥനയ്ക്കിടെ നാം ഉറങ്ങിയാൽ നമ്മുടെ കാവൽമാലാഖ ജപമാല പൂർത്തിയാക്കുമോ ?

“ജപമാല പ്രാർത്ഥനയ്ക്കിടെ നാം ഉറങ്ങിപ്പോവുകയാണെങ്കിൽ, നമ്മുടെ കാവൽമാലാഖ നമുക്കായി അത് പൂർത്തിയാക്കും” എന്നത് തലമുറകളായി വിശ്വസിക്കപ്പെട്ടു വരുന്ന ഒരു പാരമ്പര്യമാണ്. ജപമാല പ്രാർത്ഥന പൂർത്തിയാക്കുവാൻ കഴിയാതെ ഉറക്കത്തിലേയ്ക്കു വഴുതിവീഴുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം നൽകുന്ന ഒരു വിശ്വാസമാണിത്. ഇത് എത്രമാത്രം ശരിയാണ്..? ഈ പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ..? നാം പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യമാണ്.

കത്തോലിക്കാ സഭയുടെ പഠനങ്ങൾ അനുസരിച്ച് മനുഷ്യജീവിതം തുടക്കം മുതൽ ഒടുക്കം വരെ മാലാഖമാരുടെ ജാഗ്രതയോടെയുള്ള പരിചരണവും മദ്ധ്യസ്ഥതയും കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. ഓരോ വിശ്വാസിക്കും ഒരു മാലാഖയെ സംരക്ഷകനും ഇടയനുമായി ദൈവം നിയോഗിച്ചിരിക്കുന്നു. ഇവരാണ് നമ്മുടെ കാവൽമാലാഖമാർ. കാവൽമാലാഖമാർ ദൈവത്തിന്റെ ദാസന്മാരും ദൂതന്മാരുമാണ്. അവർ നമ്മുടെ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ നമ്മെ സംരക്ഷിക്കാനും നയിക്കുവാനും നിത്യജീവനിലേയ്ക്ക് എത്തിക്കുവാനും, ദൈവത്തിന്റെ വഴിയിലാണ് നാം ചരിക്കുന്നത് എന്ന് ഉറപ്പ് വരുത്തുവാനും നിയോഗിക്കപ്പെട്ടവരാണ്. ഇവരുടെ പ്രധാന ദൗത്യം, തന്നെ ഭരമേല്പിച്ചിരിക്കുന്ന ഒരു വ്യക്തിയെ സ്വർഗ്ഗത്തിലേയ്ക്ക് എത്തിക്കുക എന്നതു തന്നെ.

സ്വർഗ്ഗത്തിലേയ്ക്കുള്ള പാതയില്‍ നമ്മെ സഹായിക്കാൻ കഴിയുന്ന ശക്തമായ ഒരു പ്രാർത്ഥനയാണ് ജപമാല. വിശ്വാസത്തോടും സ്നേഹത്തോടും കൂടി പ്രാർത്ഥിക്കുമ്പോൾ ജപമാലയ്ക്ക് നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്താൻ കഴിയും. എന്നിരുന്നാലും, ചിലപ്പോൾ ജപമാല ചൊല്ലുമ്പോൾ ഉറങ്ങിപ്പോകാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തിൽ കാവൽമാലാഖ നമ്മുടെ ജപമാല പ്രാർത്ഥന ഏറ്റെടുക്കുമോ..?

കാവല്‍മാലാഖാമാർക്ക് നമ്മുടെ ചിന്തകളിലേയ്ക്ക് പ്രവേശിച്ച് അവ മനസിലാക്കുവാന്‍ കഴിയില്ല. നമ്മുടെ മനസിലൂടെ കടന്നുപോകുന്ന ചിന്തകളെ ദൈവത്തിനു മാത്രമേ പൂർണ്ണമായും മനസിലാക്കുവാൻ കഴിയുകയുള്ളൂ. സ്വർഗ്ഗത്തിലേയ്ക്ക് കൊണ്ടുപോകാൻ എന്തും ചെയ്യും എന്നത് സത്യമാണെങ്കിലും നമ്മുടെ ചിന്തകളെ മനസിലാക്കുവാൻ മാലാഖയ്ക്കു കഴിവില്ലാത്തതിനാൽ നാം ജപമാല പൂർത്തിയാക്കുവാൻ അവരോടു സഹായം ചോദിക്കേണ്ടതുണ്ട്. അതായത് നമ്മുടെ ആവശ്യങ്ങൾ നാം നമ്മുടെ കാവൽമാലാഖയോട് തുറന്നുചോദിക്കണം എന്ന്.

സദാസമയം പ്രാർത്ഥനയിലും ദൈവസ്തുതിയിലും ചിലവിടുന്ന മാലാഖാമാർക്ക് ഇത് വളരെ ഇഷ്ടമാണ്. അതിനാൽ തന്നെ അവർ നമുക്കായി ജപമാല ചൊല്ലി പൂർത്തിയാക്കും. ഭൂമിയിൽ നമുക്ക് ചെയ്യാൻ കഴിയുന്നതിനേക്കാൾ നന്നായി ജപമാല പ്രാർത്ഥിക്കാൻ അവർക്ക് കഴിയും. അതേസമയം, ഇത് ദുരുപയോഗം ചെയ്യുവാൻ ശ്രമിക്കരുത്. കാവൽമാലാഖ നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട് ആയതിനാൽ ഞാൻ പ്രാർത്ഥിക്കുന്നില്ല എന്ന് കരുതരുത്. അങ്ങനെ കരുതിയാൽ ജപമാല പ്രാർത്ഥനയിലൂടെ നമ്മിൽ വന്നുചേരേണ്ട നന്മകളും കൃപകളും നമുക്ക് നഷ്ടമാകും.

ഇനി ഒരു തവണ നിങ്ങൾ ജപമാല ചൊല്ലുമ്പോൾ ഉറങ്ങിപ്പോവുകയാണെങ്കിൽ മാലാഖയോട് എനിക്കുവേണ്ടി ഈ പ്രാർത്ഥന പൂർത്തിയാക്കണമേ എന്ന് അപേക്ഷിക്കാം. മാലാഖ നിങ്ങൾക്കായി അത് പൂർത്തിയാക്കുക തന്നെ ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.