ജീവിതം ഏകാന്തവും ഭാരമേറിയതുമാണെന്നു തോന്നുന്നുണ്ടോ?

ശാരീരിക ആരോഗ്യം പോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ് മാനസിക ആരോഗ്യവും. പ്രത്യേകിച്ച് ഈ കൊറോണക്കാലത്ത് പലവിധ പ്രശ്നങ്ങളാൽ കലുഷിതമാണ് നമ്മുടെ മനസ്സ്. ഏകാന്തതയും പ്രശ്നങ്ങളും ജീവിതത്തിൽ വലിയ പ്രശ്നങ്ങളായി മാറുന്നുവെങ്കിൽ തീർച്ചയായും നമ്മുടെ മാനസിക ആരോഗ്യനില കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിലേക്ക് ആകാനുണ്ടെന്ന കാര്യം മറക്കരുത്. മോശം ദിവസങ്ങളാണെന്നു നാം കരുതുന്ന നമ്മുടെ വിലപ്പെട്ട നിമിഷങ്ങളെ കൂടുതൽ അർത്ഥവത്തും മനോഹരവുമായ അനുഭവങ്ങളായി മാറ്റാനുള്ള വഴികൾ ഇതാ…

1. മാറ്റിവച്ച എന്തെങ്കിലും കാര്യങ്ങൾക്കായി സഹായം അഭ്യർത്ഥിക്കുക

ആരോടെങ്കിലും സഹായം ചോദിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ ഈ സുപ്രധാനമായ വൈദഗ്ധ്യം നമ്മുടെ വ്യക്തിപരമായ വളർച്ചയ്ക്കും നാം ഭാഗമായിരിക്കുന്ന സമൂഹത്തിന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും അത്യന്താപേക്ഷികമാണ്.

നമ്മുടെ വൻതോതിലുള്ള ഉത്തരവാദിത്വങ്ങൾ ചെയ്യാനും പൂർത്തീകരിക്കാനും മറ്റുള്ളവരുടെ സഹായം അഭ്യർത്ഥിക്കുന്നതിൽ തെറ്റൊന്നുമില്ല. അത് നമ്മുടെ മാനസിക ആരോഗ്യത്തിന് മികച്ച ഒരു ബൂസ്റ്റർ ആയി പ്രവർത്തിക്കുകയും ചെയ്യും. സഹായിക്കാൻ ആരെങ്കിലുമൊക്കെ നമുക്കുണ്ടെന്ന ബോധ്യം, ജീവിതത്തെയും അതിലെ പ്രതിസന്ധികളെയും വളരെ ഭാവാത്മകതയോടെ നേരിടാൻ നമ്മെ സഹായിക്കും.

2. മറ്റൊരാളുടെ ദിവസത്തെ പ്രകാശപൂരിതമാക്കുക

നമ്മുടെ പ്രശ്നങ്ങളെ ഇല്ലാതാക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗം മറ്റൊരാളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. നാം ഇഷ്ടപ്പെടുന്ന, നമ്മെ ഇഷ്ടപ്പെടുന്ന അനേകം ആളുകളുണ്ട്. നമ്മുടെ ഒരു മെസ്സേജ് കൊണ്ടോ ഒരു ബൊക്കെ കൊടുത്തോ എല്ലാം അവരെ അതിശയിപ്പിക്കാവുന്നതാണ്. മറ്റൊരാളുടെ കണ്ണുകളിൽ നമ്മുടെ ഒരു പ്രവൃത്തികൊണ്ട് സന്തോഷം വിരിയുന്നത് ഒരു മനുഷ്യൻ എന്ന നിലയിൽ ഈ ഭൂമിയിൽ ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും മികച്ച സന്തോഷങ്ങളിലൊന്നാണ്. ഒരു ദിവസത്തിൽ ആർക്കെങ്കിലുമൊക്കെ സന്തോഷം നൽകാനായാൽ അതിന്റെ പ്രതിഫലനം നമ്മുടെ ജീവിതത്തിലും തീർച്ചയായും ഉണ്ടാകും.

3. വിറ്റാമിൻ ‘ഡി’ കഴിക്കുക

നമ്മുടെ ശരീരത്തിന് എല്ലാ വിറ്റാമിനുകളും ആവശ്യമാണ്. വിവിധ തരത്തിലുള്ള ഭക്ഷണങ്ങളിലൂടെ നമുക്കത് ലഭിക്കാറുണ്ടെങ്കിലും എല്ലാവരുടെയും ഭക്ഷണരീതികൾ വ്യത്യസ്തമായതിനാൽ ശരീരത്തിൽ അതിന്റെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. വിറ്റാമിൻ ‘ഡി’യുടെ കാര്യവും അങ്ങനെ തന്നെ. നമുക്ക് ഏറ്റവും ആവശ്യമായ ഒന്നാണിത്. സൂര്യപ്രകാശത്തിൽ ധാരാളം വിറ്റാമിൻ ‘ഡി’ അടങ്ങിയിരിക്കുന്നു. ശരീരത്തിന് ആവശ്യമായത് ലഭിക്കുമ്പോൾ തീർച്ചയായും നമ്മുടെ മനസ്സും വളരെ ഉന്മേഷഭരിതമാകും.

4. ദിനചര്യയിൽ മാറ്റം വരുത്തുക

നേരത്തെ ഉറങ്ങാൻ ശ്രമിക്കുക. രാത്രി എട്ടു മണിക്ക് ശേഷം ഫോൺ ഉപയോഗിക്കാതിരിക്കുക. ഇത്തരത്തിലുള്ള ചെറിയ മാറ്റങ്ങൾ വരുത്തുന്നത് നമുക്ക് ശരിയായ വിശ്രമവും ഉന്മേഷവും പ്രധാനം ചെയ്യും. തലച്ചോറിന് ആവശ്യത്തിന് വിശ്രമം ലഭിച്ചാൽ ദിവസം മുഴുവൻ നമുക്ക് പ്രവർത്തനനിരതമാകുവാനും സാധിക്കും.

5. ദൈനംദിന ഉത്തരവാദിത്വങ്ങളിൽ കൂടുതൽ ശ്രദ്ധാലുവായിരിക്കുക

നാം ചെയ്യുന്ന ഏറ്റവും ചെറിയ കാര്യങ്ങൾ പോലും അതീവശ്രദ്ധയോടെ ചെയ്യുക. ഏറ്റവും ഉത്തരവാദിത്വത്തോടെയും വൃത്തിയോടും കൂടി നമ്മുടെ ജോലികൾ ചെയ്തുതീർക്കാൻ ശ്രമിക്കുക. ‘ചെറിയ കാര്യങ്ങളിൽ വിശ്വസ്തത പാലിക്കുന്നവർ വലിയ കാര്യങ്ങളിലും വിശ്വസ്തനായിരിക്കും’ എന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നു.

6. ചെറിയ സൗന്ദര്യങ്ങളെ പോലും ആസ്വദിക്കുക

നമ്മുടെ പൂന്തോട്ടത്തിൽ വിരിഞ്ഞ ഒരു ചെറിയ പൂവിന്റെ സൗന്ദര്യം ആസ്വദിക്കാൻ നാം മറന്നുപോയാൽ ജീവിതത്തിന്റെ സൗന്ദര്യത്തെയും സന്തോഷത്തെയും നമുക്കൊരിക്കലും ആസ്വദിക്കാൻ സാധിക്കില്ല. അതിനാൽ മുമ്പിലുള്ള ഏറ്റവും ചെറിയ കാര്യങ്ങളുടെ മനോഹാരിത പോലും നമ്മുടെ കാഴ്ചയിലും മനസ്സിലും നിലനിൽക്കട്ടെ. ഇത് ജീവിതത്തിലെ ഉയർച്ച-താഴ്ചകളെ നന്ദിയോടെ കാണാൻ നമ്മെ സഹായിക്കുന്ന ഒരു ഘടകമാണ്.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.