ജോണ്‍സണ്‍ & ജോണ്‍സണ്‍ ബേബി പൗഡര്‍ ഉപയോഗിച്ചാല്‍ കാന്‍സര്‍ വരുമോ?

ജോണ്‍സണ്‍ & ജോണ്‍സണ്‍ ബേബി പൗഡര്‍ ഉപയോഗിച്ചാല്‍ കാന്‍സര്‍ വരുമോ? ഈ ബേബി പൗഡര്‍ വിദേശത്ത് നിരോധിക്കപ്പെട്ടതാണ് എന്നു പറയുന്നത് ശരിയാണോ? എല്ലാവരുടെയും സംശയവും ചോദ്യവുമാണിത്. അവയ്ക്കുള്ള കൃത്യമായ ഉത്തരം.

ഡോ. ജോജോ വി. ജോസഫ്

ഡവ് ഡ്രൈ ഷാംപൂവിനെക്കുറിച്ചുള്ള എന്റെ വീഡിയോ കണ്ട ആള്‍ക്കാര്‍ എന്നോടു ചോദിച്ച ചോദ്യമാണ് “സാർ, ജോണ്‍സണ്‍ & ജോണ്‍സണ്‍ ബേബി പൗഡര്‍ ഉപയോഗിച്ചാല്‍ കാന്‍സര്‍ വരുമോ” എന്നത്. അതുപോലെ തന്നെ അവരുടെ മറ്റൊരു സംശയമായിരുന്നു “ഈ ബേബി പൗഡര്‍ വിദേശത്ത് നിരോധിക്കപ്പെട്ടതാണ് എന്നു പറയുന്നത് ശരിയാണോ” എന്നത്. ഇതിനുള്ള ഉത്തരമായിട്ടാണ് ഈ ലേഖനം.

വിഷയത്തിലേക്ക് കടക്കുന്നതിനു മുമ്പ് ഓര്‍മ്മിക്കേണ്ട ഒരു കാര്യമുണ്ട് – നവജാതശിശുക്കളിലും ചെറിയ കുട്ടികളിലും ബേബി പൗഡര്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന പീഡിയാട്രിക് ഡോക്ടര്‍മാരുടെ സംഘടനയുടെ നിര്‍ദ്ദേശമാണത്.

തങ്ങളുടെ ബേബി പൗഡര്‍ അതായത് ടാൽക് ബേസ്‌ഡ് (Talc based) ആയിട്ടുള്ള ബേബി പൗഡര്‍ അമേരിക്കയിലും കാനഡയിലും വില്‍പന നിര്‍ത്തുകയാണ് എന്ന് 2020 മെയ് മാസത്തില്‍ അറിയിച്ചത് ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനി തന്നെയാണ്. ഈ രണ്ടു രാജ്യങ്ങളില്‍ നിന്നുമായി ഏതാണ്ട് 38,000 കേസുകള്‍ ഈ പ്രൊഡക്റ്റിനെതിരെ വിവിധ കോടതികളില്‍ എത്തിയതിനെ തുടര്‍ന്ന് ഡിമാന്‍ഡ് ഇല്ലാതായതാണ് വിൽപന നിർത്താനുള്ള കാരണമെന്നും അവര്‍ പറഞ്ഞിരുന്നു; എന്നാല്‍ നമ്മുടെ രാജ്യത്ത് വില്‍പന തുടരുകയും ചെയ്തു. എന്നാല്‍ 2022 ആഗസ്റ്റ് മാസത്തില്‍, 2023- ഓടു കൂടി ലോകം മുഴുവനും ജോണ്‍സണ്‍ & ജോണ്‍സണ്‍- Talc based Baby Powder നിര്‍ത്തലാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു.

എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് 

ബേബി പൗഡറില്‍ കാന്‍സറിനു കാരണമായ ആസ്ബെസ്റ്റോസ് (Asbestose) അടങ്ങിയിരിക്കുന്നു എന്നതാണ് ഈ പ്രശ്‌നങ്ങള്‍ക്കു കാരണം. അമിതമായ തോതില്‍ ആസ്ബെസ്റ്റോസ് അകത്തു ചെല്ലുന്നത് പ്രായമായവരില്‍ ഓവേറിയന്‍ (അണ്ഡാശയ) കാൻസറിനും ശ്വാസകോശ കാൻസറിനും വഴിതെളിക്കും.

ഈ ബേബി പൗഡറില്‍ ആസ്ബെസ്റ്റോസ് എങ്ങനെ എത്തിയെന്ന് അറിയണമെങ്കില്‍ ഈ ബേബി പൗഡര്‍ ഏതാണ് എന്ന് മനസിലാക്കണം. നമ്മള്‍ പൗഡറുകളെ പൊതുവായി ടാല്‍കം പൗഡര്‍ എന്നാണ് വിളിക്കുന്നത്. അതായത്, നമ്മുടെ ബേബി പൗഡര്‍ എന്നത് വെറും ടാല്‍കം പൊടി മാത്രമാണ്. മഗ്നീഷ്യം സിലിക്കേറ്റ് എന്ന ധാതവസ്തുവിനെയാണ് നാം ടാല്‍ക് അല്ലെങ്കില്‍ ടാല്‍കം എന്നു വിളിക്കുന്നത്. ഇത് ചില പ്രദേശത്തെ ഖനികളില്‍ നിന്നും കുഴിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഈ ധാതുവിന്റെ ഈര്‍പ്പം വലിച്ചെടുക്കാനുള്ള കഴിവാണ് ഇത് പൗഡറുകളില്‍ ധാരാളമായി ഉപയോഗിക്കാനുള്ള കാരണം.

കോസ്മെറ്റിക്സ് (Cosmetics), ബേബി പൗഡര്‍ (Baby Powder), ക്രയോൺസ് (Crayons), സെറാമിക്സ് (Ceramics),(പെയിന്റ്) Paint Inseticides, (റൂഫിങ്ങിനു ഉപയോഗിക്കുന്ന വസ്തുക്കള്‍) Roofing Materials എന്നിവയിലെല്ലാം അവിഭാജ്യഘടകമാണ് ടാല്‍കം. ഇതു കൂടാതെ, നാം കഴിക്കുന്ന ചോക്ലേറ്റ് (Chocolate), ച്യുയിങ് ഗം (Chewing Gum), ഡ്രൈഡ് ഫ്രൂട്ട്സ് (Dried Fruits), ചീസ് (Cheese) എന്തിന് ഉപ്പു നിര്‍മ്മാണത്തിനു വരെ ഈ ടാല്‍ക് ഉപയോഗിക്കാറുണ്ട്. ധാന്യങ്ങള്‍ തമ്മില്‍ ഒട്ടിപ്പിടിക്കാതെ നല്ല തിളക്കമുള്ളവയായിരിക്കാനും ടാല്‍കം ഉപയോഗിക്കുന്നുണ്ട്.

ടാല്‍കിന്റെ കൂടെകലരുന്ന ആസ്ബെസ്റ്റോസ് (Asbestose) കാന്‍സറിനു കാരണമാകുന്നു 

ഇത്രയും സാധാരണയായി ഉപയോഗിക്കുന്ന ടാല്‍ക് എങ്ങനെ കാന്‍സറിനു കാരണമാകുന്നുവെന്ന് സംശയം തോന്നാം. എന്നാല്‍ ടാല്‍ക് അല്ല യഥാര്‍ത്ഥ വില്ലന്‍. ടാല്‍കിന്റെ കൂടെ കലരുന്ന ആസ്ബെസ്റ്റോസ് (Asbestose) ആണ് കാന്‍സറിനു കാരണമാകുന്നത്. എങ്ങനെയാണ് ടാല്‍കില്‍ ആസ്ബെസ്റ്റോസ് കലരുന്നത് എന്നു നോക്കാം.

ടാല്‍ക് അഥവാ മഗ്നീഷ്യം സിലിക്കേറ്റും (Hypotony Magnesium Silicate) ആസ്ബെസ്റ്റോസും (Asbestose) അടുത്തടുത്ത ധാതുക്കളാണ്. അതിനാല്‍ പലപ്പോഴും ടാല്‍കം ഖനികളില്‍ ആസ്ബെസ്റ്റോസിന്റെ സാന്നിധ്യം ഉണ്ടാകാറുണ്ട്. അങ്ങനെയാണ് ടാല്‍കത്തില്‍ ആസ്ബെസ്റ്റോസ് കലരുന്നത്.

വിദേശ രാജ്യങ്ങളില്‍ ഇവയുടെ അവസ്ഥ?

ജോണ്‍സണ്‍ & ജോണ്‍സണ്‍- ന്റെ ടാല്‍ക് ബേബി പൗഡറില്‍ ആസ്ബെസ്റ്റോസ് കലര്‍ന്നിട്ടുണ്ടെന്നും അതിനാലാണ് തങ്ങള്‍ക്ക് കാന്‍സര്‍ ഉണ്ടായത് എന്നുമാണ് കമ്പനിക്കെതിരെയുള്ള കേസ്. കമ്പനി ഇത് നിഷേധിക്കുന്നുണ്ടെങ്കിലും സംശയത്തിന്റെ നിഴലിലാണ്. പല യുഎസ് കോടതികളും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും വിധി പ്രസ്താവിച്ചിട്ടുണ്ട്; ഇത് മേല്‍ക്കോടതിയും ശരിവച്ചിട്ടുണ്ട്. അതിനാല്‍ അതില്‍ സത്യമുണ്ടാവും എന്നാണ് എല്ലാവരും കരുതുന്നത്.

കൂടാതെ, 2018- ല്‍ റോയിട്ടേഴ്‌സ്, ന്യൂയോര്‍ക്ക് ടൈംസ് എന്നീ അന്താരാഷ്ട്ര ന്യൂസ് ഏജന്‍സികള്‍ നടത്തിയ പരിശോധനയില്‍ പലപ്പോഴും ഈ ബേബി പൗഡറില്‍ ആസ്ബെസ്റ്റോസ് കലര്‍ന്നിട്ടുണ്ടെന്ന് കമ്പനിക്ക് അറിയാമായിരുന്നുവെന്നും ഇത് പുറത്തുപറയാന്‍ പറ്റാത്തതിനാല്‍ പല കമ്പനി ജീവനക്കാരും മാനസിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്നും 2019- ല്‍ അവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബേബി പൗഡര്‍ ഒരു കോസ്മെറ്റിക് ആയതിനാല്‍ USFDA- ക്ക് ഇതില്‍ ഇടപെടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ 2019- ല്‍ USFDA ഒരു ടെസ്റ്റ് നടത്തി. ഒരു ബോട്ടിലില്‍ ആസ്ബെസ്റ്റോസും ഉണ്ടെന്ന് സ്ഥിരീകരിച്ച് ഏതാണ്ട് 33,000 ബോട്ടില്‍ കമ്പനിയെക്കൊണ്ട് തിരിച്ചു വിളിപ്പിക്കുകയുണ്ടായി. ഇതില്‍ നിന്നും നമുക്ക് മനസിലാകുന്നത് ടാല്‍കം ബേബി പൗഡര്‍ സേഫ് അല്ലാ എന്നാണ്.

എന്നാല്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ മാത്രമാണോ ഈ ആസ്ബെസ്റ്റോസ് കലര്‍ന്ന ടാല്‍കം പൗഡര്‍ വില്‍ക്കുന്നത്? ഈയിടെ നടന്ന ഒരു പഠനത്തില്‍ വിവിധ ബ്രാന്‍ഡുകളുടെ ഒരുമിച്ചു നടത്തിയ പരിശോധനയില്‍ ഏതാണ്ട് 20 ശതമാനം ടാല്‍കം പൗഡറുകളിലും ആസ്ബെസ്റ്റോസ് സാന്നിധ്യം കണ്ടെത്തി.

ടാല്‍ക് നല്ലതാണെങ്കിലും ആസ്ബെസ്റ്റോസ് കലരുമ്പോള്‍ അത് അപകടകാരിയായി മാറുന്നു. അതിനാല്‍ ടാല്‍കിന് പകരം ചോളപ്പൊടി (Corn Starch), കപ്പപ്പൊടി (Tapioca Starch) എന്നിവ ഉപയോഗിച്ച് പുതിയ പൗഡറുകള്‍ ഇറക്കാനാണ് കമ്പനികളുടെ ശ്രമം. ജോണ്‍സണ്‍ & ജോണ്‍സണ്‍ ആണെങ്കില്‍പ്പോലും ടാല്‍കം പൗഡര്‍ നിര്‍ത്തിയതിനു ശേഷം ചോളപ്പൊടി (Corn Starch) ഉപയോഗിച്ചുള്ള ബേബി പൗഡര്‍ ഇറക്കി നഷ്ടം നികത്താനാണ് ശ്രമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.