സൗഖ്യദായകന്റെ കരസ്പർശവുമായി ഒരു ഡോക്ടറമ്മ

സുനിഷാ വി.എഫ്.

ദൈവത്തിനും മനുഷ്യർക്കുമിടയിലെ ഒരു മധ്യസ്ഥയായി ദൈവം തിരഞ്ഞെടുത്ത സന്യാസിനി, ഒരു ഡോക്ടർ കൂടിയായാലോ? അതാണ് ഡോ. സി. ലാൻസി മരിയ എസ് ഡി! ചങ്ങനാശ്ശേരി വടക്കേക്കര  കൊല്ലംപറമ്പിൽ വീട്ടിൽ കെ. സി ജോസഫ്- ത്രേസ്സ്യാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകളായ സിസ്റ്റർ ലാൻസി എസ് ഡി.  സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിറ്റ്യൂട്ട് ചങ്ങനാശ്ശേരി പ്രൊവിൻസിലെ അംഗമായിരുന്നെങ്കിലും പിന്നീട് മിഷൻ പ്രവർത്തനങ്ങൾക്കായി ജീവിതം സമർപ്പിക്കുകയായിരുന്നു. കാൽ നൂറ്റാണ്ടിലേറെയായി ഡോക്ടറായി മിഷൻ മേഖലകളിൽ സേവനമനുഷ്ഠിച്ച സിസ്റ്റർ തന്റെ ആതുര ശുശ്രൂഷാ രംഗത്തെ അനുഭവങ്ങൾ ഈ ഡോക്‌ടേഴ്‌സ് ഡേയിൽ ലൈഫ് ഡേയോട് പങ്കുവെയ്ക്കുകയാണ്. വായിച്ചറിയാം ഒരു കരുണയുടെ മാലാഖയുടെ ജീവിതം.

പഠന കാലത്തെ മിഷൻ സന്നദ്ധത 

1990 – ൽ സഭാവസ്ത്രം സ്വീകരിച്ച സിസ്റ്റർ ഒരു വർഷത്തിന് ശേഷമാണ് എംബിബിഎസ് പഠനത്തിനായി പോകുന്നത്. ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളേജിലെ പഠന സമയത്തു തന്നെ മിഷൻ പ്രവർത്തനങ്ങൾക്കായി ജീവിതം സമർപ്പിക്കാൻ തന്റെ സന്നദ്ധത അറിയിച്ചിരുന്നു. അങ്ങനെ 1996 – ൽ പഠനം പൂർത്തിയാക്കി. പിന്നീട് ഒരു വർഷത്തെ ഹൌസ് സർജൻസിയും കഴിഞ്ഞതിനു ശേഷം രണ്ടു മാസം തമിഴ്‌നാട്ടിലെ കുന്നൂരിലെ സഹായമാതാ ഹോസ്പിറ്റലിൽ സേവനം ചെയ്തു. എന്നാൽ അതിനു ശേഷമായിരുന്നു സിസ്റ്ററിന്റെ യഥാർത്ഥ മിഷൻ പ്രവർത്തനം ആരംഭിച്ചത്.

ആന്ധ്രാപ്രദേശിലെ രാജമൺട്രിയിലെ നിർമലഗിരി ഹോസ്പിറ്റലിലേക്കായിരുന്നു ആദ്യത്തെ പോസ്റ്റിങ്ങ്. “തികച്ചും അപരിചതമായ സ്ഥലം. ഭാഷ അറിയില്ല. ആളുകളുടെ ജീവിത രീതികൾ വളരെ വ്യത്യസ്തം. എങ്കിലും ഞാൻ എന്നും ഓർത്തിരിക്കുന്ന നല്ല പ്രവർത്തനങ്ങൾ ചെയ്യാൻ എനിക്ക് കഴിഞ്ഞത് അവിടെയാണ്. ചെന്ന ഒരാഴ്ചകൊണ്ട് അത്യാവശ്യം തെലുങ്ക് പഠിച്ചെടുത്തു. ഒരാളോട് എങ്ങനെ കാര്യങ്ങൾ പറയണമെന്നും മനസ്സിലാക്കി കൊടുക്കണമെന്നും അറിഞ്ഞു. ആ ഒരു ആത്മവിശ്വാസം നൽകിയ ഉറപ്പുമായാണ് ഞാൻ അവിടെ ആശുപത്രിയിൽ ചെല്ലുന്നത്.”

“നിലവിൽ ഡോക്ടർ ഇല്ലാതിരുന്ന അവിടെ ഞാൻ ചെന്നപ്പോൾ വലിയ ഒരു സ്വീകാര്യതയായിരുന്നു ആളുകൾക്കിടയിൽ ലഭിച്ചത്. കാരണം ജീവിത സാഹചര്യങ്ങളും സാമ്പത്തികവും ഒക്കെ തീരെ കുറഞ്ഞ 11  ഗ്രാമങ്ങളിലെ ആളുകളായിരുന്നു നിർമ്മലഗിരിയിൽ ചികിത്സ തേടി എത്തിയിരുന്നത്. അതിനാൽ തന്നെ അവരെ എങ്ങനെ ആരോഗ്യപരമായി ഉയർത്തിക്കൊണ്ടുവരാം എന്ന് ഞാൻ ചിന്തിച്ചു. ഗൈനക്കോളജി വിഭാഗമൊന്നും ഇല്ലായിരുന്നെങ്കിലും പുറത്തുനിന്നു ഗൈനക്കോളജിസ്റ്റിനെ കൊണ്ടുവന്നു പ്രസവത്തിനും മറ്റു ചികിത്സകൾക്കുമായും  സൗകര്യമൊരുക്കി. അതുപോലെതന്നെ കാഴ്ച പ്രശ്നങ്ങൾക്കുള്ളവർക്കായി ഒഫ്താൽമോളജിസ്റ്റിന്റെ സൗകര്യവും ഏർപ്പെടുത്തിയിരുന്നു.” സിസ്റ്റർ പറയുന്നു.

സ്വാന്തനമായി ആശാ വർക്കർമാർ; കൂടാതെ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ എന്ന ആശയവും 

“വളരെ സാധാരണക്കാരായ ആളുകളായിരുന്നു അവിടെ ഉണ്ടായിരുന്നത്. ആരോഗ്യ സംരക്ഷണത്തെക്കുറിച്ചു പഠിപ്പിക്കാനും ആരോഗ്യമാണ് ഏറ്റവും വലിയ ധനം എന്നു ധരിപ്പിക്കാനായി അവർക്കിടയിൽ നിന്ന് തന്നെ കുറച്ച് ആളുകളെ കണ്ടെത്തിയാലോ എന്ന ആശയം എനിക്ക് തോന്നി. കാരണം ജനങ്ങൾക്ക് ആരോഗ്യപരമായ കാര്യങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നത് അവിടെ അത്യാവശ്യമായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമിടയിൽ വിളർച്ച പോലുള്ള അസുഖങ്ങൾ സാധാരണമായിരുന്നു അവിടെ. അങ്ങനെ താല്പര്യമുള്ള കുറച്ചാളുകളെ സംഘടിപ്പിച്ച് പ്രത്യേക ട്രെയിനിങ് നൽകി അത്യാവശ്യം വേണ്ട പാരസിറ്റാമോളും പ്രഥമ ശുശ്രൂഷാ കിറ്റും അയൺ ഗുളികകളും ഒക്കെ നൽകി അവരെ ഗ്രാമങ്ങളിലേക്ക് അയച്ചു. ഇത് വലിയൊരു വിജയമായിരുന്നു. കാരണം അവർക്കിടയിലെ തന്നെ ഒരാൾ തങ്ങളുടെ ആരോഗ്യ കാര്യങ്ങളെക്കുറിച്ച് പറഞ്ഞു കൊടുക്കുകയും ആവശ്യമായ സഹായങ്ങൾ എത്തിക്കുവാൻ താല്പര്യം കാണിക്കുകയും ചെയ്തപ്പോൾ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായി. അങ്ങനെ ഒരു പ്രവർത്തനമാണ് ആദ്യമായി അവിടെ നടത്തിലായത്. ഇത് ഫലം കണ്ടു. ഗ്രാമവാസികൾ തങ്ങളുടെ ആരോഗ്യകാര്യങ്ങൾ കൂടുതൽ ഗൗരവമേറിയ ഒന്നാണെന്ന് മനസ്സിലാക്കിത്തുടങ്ങിയിരുന്നു. മരുന്നുകളും മറ്റു സൗകര്യങ്ങളുമെല്ലാം തികച്ചും സൗജന്യമായാണ് നൽകിയിരുന്നത്.” സിസ്റ്റർ സന്തോഷപൂര്‍വ്വം പറഞ്ഞു.

ഇന്ത്യയിൽ ഹെൽത്ത് മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി 2005 – ലാണ് ആദ്യമായി ആശാ വർക്കർമാരെ പഞ്ചായത്ത് അടിസ്ഥാനത്തിൽ നിയമിക്കാൻ ആരംഭിച്ചത്. എന്നാൽ 1998 -ൽ ആന്ധ്രാപ്രദേശിലെ ഗ്രാമങ്ങളിൽ ഈ ഡോക്ടർ സിസ്റ്റർ തന്റെ ആശയം എത്രയും മനോഹരമായി നടപ്പിൽ വരുത്തി!

ആരോഗ്യപ്രവർത്തകർ ഉണ്ടെങ്കിലും കിടപ്പുരോഗികളെ സന്ദർശിക്കുവാൻ അവരുടെ വീടുകളിൽ ഈ ഡോക്ടർ അമ്മ പോയിരുന്നു. “അവർക്കാവശ്യമായ മരുന്നുകളും മറ്റു കാര്യങ്ങളും ഒക്കെ എടുത്തുകൊണ്ട് വാഹനത്തിലായിരുന്നു പോയിരുന്നത്. പാലിയേറ്റീവ് കെയർ എന്ന ആശയം അവിടെ വളരെയധികം ഫലം കണ്ടു. കാരണം ഒരു കട്ടിലിൽ ജീവിതം തളച്ചിട്ട ആളുകളെ സന്ദർശിക്കാനായി എത്തുക എന്നതുപോലും അവിടെയുള്ളവർക്ക് വലിയ കാര്യമായിരുന്നു. അവരുടെ അടുക്കൽ ചെന്ന് സുഖാന്വേഷണം നടത്തുമ്പോഴും അവർക്കായി പ്രാർത്ഥിക്കുമ്പോഴുമെല്ലാം ജീവിതത്തെ കൂടുതൽ പ്രതീക്ഷയോടെ കാണാന്‍ കിടപ്പുരോഗികൾക്കും അവരുടെ കുടുംബത്തിലെ അംഗങ്ങള്‍ക്കും കഴിഞ്ഞു.”

“ഇതിനിടയിൽ നേത്ര സംരക്ഷണ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഇത് എല്ലാവരെയും അറിയിക്കാനായി ഞങ്ങൾ ഗ്രാമങ്ങൾ സന്ദർശിക്കാൻ പോകുമ്പോൾ വണ്ടിയിൽ ലൗഡ് സ്പീക്കറുകൾ വച്ചുകെട്ടി അനൗൺസ്മെന്റ് ചെയ്യുമായിരുന്നു. അതും നല്ല രീതിയിൽ ഫലം കണ്ടു. 350 – ഓളം ആളുകളായിരുന്നു അന്ന് ക്യാമ്പിന് എത്തിയത്. അവർക്കാവശ്യമായ ചികിത്സകളും സർജറികളും സൗജന്യമായിത്തന്നെ നൽകാൻ സാധിച്ചു.” സിസ്റ്റർ പങ്കുവയ്ക്കലില്‍ ആത്മസംതൃപ്തിയുടെ നിഴലാട്ടം.

ബോധവൽക്കരണത്തിനായി നാടകം എന്ന മാധ്യമം 

ആരോഗ്യപ്രവർത്തകർ വീടുകളിൽ കയറിയിറങ്ങി നന്നായി പ്രവർത്തിക്കുന്നതിനൊപ്പം, രക്തദാന ദിനം, എയ്ഡ്‌സ് ദിനം പോലുള്ള പ്രത്യേക ദിവസങ്ങളിൽ ഗ്രാമങ്ങളിലോ ആശുപത്രിയിലോ ചില പൊതു പരിപാടികൾ സംഘടിപ്പിക്കുമായിരുന്നു. പുറത്തുനിന്നുള്ള ഡോക്ടർമാർ വന്ന് ഒരു ബോധവൽക്കരണ ക്ലാസും അതിനെ തുടർന്ന് ആരോഗ്യപ്രവർത്തകരുടെ ഭാഗത്തുനിന്ന് ഒരു നാടകമോ ഏകാങ്കമോ ഒക്കെ അവതരിപ്പിച്ചുകൊണ്ട് കാര്യത്തിന്റെ ഗൗരവം ഏറ്റവും ലളിതമായ രീതിയിൽ അവരെ ബോധ്യപ്പെടുത്തുന്ന ഒരു രീതിയുമുണ്ടായിരുന്നു. ഗ്രാമവാസികൾ വളരെ സന്തോഷത്തോടെയും  ഉത്സാഹത്തോടെയുമായിരുന്നു ഇതിലൊക്കെ പങ്കെടുത്തിരുന്നത്. തങ്ങളെ ശ്രദ്ധിക്കുവാനും മനസ്സിലാക്കുവാനും കാര്യങ്ങൾ ബോധ്യപ്പെടുത്തുവാനുമൊക്കെ ആരൊക്കെയോ ഉണ്ടെന്ന ചിന്ത അവരുടെ ശാരീരിക- മാനസിക ആരോഗ്യത്തെ ഏറ്റവും നല്ല രീതിയിൽ ഉയർത്തിക്കൊണ്ടുവന്നു. ഇതൊക്കെയാണല്ലോ ഏതൊരു ഡോക്റ്ററും ആഗ്രഹിക്കുന്നത്.

ആരോഗ്യ രംഗത്തു മാത്രമല്ലായിരുന്നു സിസ്റ്റർ ശ്രദ്ധിച്ചിരുന്നത്. മഠത്തിന്റെ ഒരു ഭാഗത്ത് പാറമടയായിരുന്നു. അവിടെ 200 – ഓളം കുടുംബങ്ങളായിരുന്നു താമസിച്ചിരുന്നത്. പനയുടെ ഓലകൊണ്ട് മറച്ച, പനയോലകൊണ്ട് തന്നെ മേൽക്കൂരയുമുള്ള കൊച്ചു കൊച്ചു കുടിലുകളിലായിരുന്നു അവരെല്ലാം കുടുംബമായി താമസിച്ചിരുന്നത്. ആ വീടുകളെല്ലാം കയറിയിറങ്ങി അവരുടെ ആവശ്യങ്ങൾ ചോദിച്ചപ്പോൾ അവരുടെ മക്കൾക്ക് വിദ്യാഭ്യാസം എന്നത് ഒരു കിട്ടാക്കനി ആണെന്ന് മനസ്സിലായി. തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസത്തിനായി എന്തെങ്കിലും ചെയ്തു തരാമോ എന്ന അവരുടെ ചോദ്യത്തിന് ഒരു ഉത്തരമെന്നവണ്ണമായി  ഒരു നഴ്സറി സ്‌കൂൾ ആരംഭിച്ചു. അത് ഒരുപാട് വർഷം വളരെ നല്ല രീതിയിൽ മുൻപോട്ട് പോയി. ഒരു മനുഷ്യന് ആരോഗ്യവും വിദ്യാഭ്യാസവും വളരെയധികം പ്രധാനമാണല്ലോ. വെറും പത്ത് മാസം മാത്രമേ സിസ്റ്ററിനു നിർമലഗിരിയിൽ സേവനം ചെയ്യാൻ സാധിച്ചുള്ളൂ. ആന്ധ്രപ്രദേശിലെ തന്നെ  വിജയവാഡയിൽ രണ്ടു മാസം സേവനം ചെയ്തു. മറ്റൊരു ഡോക്ടർ സിസ്റ്ററിന്റെ ഒഴിവിലേക്കായിരുന്നു  സി. ലാൻസിയുടെ പോസ്റ്റിങ്ങ്.

ദൈവം ഓരോ ഡോക്ടറിന്റെയും കൂടെയുണ്ട്  

“വിജയവാഡയിൽ നിർമലഗിരിയെ അപേക്ഷിച്ച് അല്പം കൂടി സൗകര്യങ്ങൾ ഉണ്ടായിരുന്നു. എങ്കിലും രോഗിയുടെ ശരീരത്തിൽ രക്തം കയറ്റാനുള്ള സൗകര്യങ്ങളൊന്നും ഇല്ലായിരുന്നു താനും. ഒരു ലാബ് അവിടെയുണ്ടായിരുന്നു. ഒരു ദിവസം എട്ടു മാസം ഗർഭിണിയായ ഒരു സ്ത്രീയെ കൊണ്ടുവന്നു. അവർക്ക് ബ്ലീഡിങ്ങ് ഉണ്ടായിരുന്നു. ആന്റിപാർട്ടം ഹെമറേജ് എന്ന അവസ്ഥയായിരുന്നു അവർക്ക്. വളരെ ആരോഗ്യമില്ലാത്ത ഒരു ശരീര പ്രകൃതിയായിരുന്നു അവരുടേത്. പ്രസവ വേദന ഉണ്ടായിരുന്നുമില്ല. സ്ഥിതി മോശമാകും എന്ന് മനസ്സിലാക്കിയ ഉടനെ സർജറിക്ക് മറ്റൊരു  ഹോസ്പിറ്റലിൽ നിന്ന് ഡോക്ടറിനെ വിളിച്ചു. പക്ഷേ, ഡോക്ടർ എത്തിയിട്ടും ഓപ്പറേഷൻ തിയേറ്ററിൽ ആ സ്ത്രീയെ കയറ്റാൻ തയാറായില്ല. കാരണം അവരും കുഞ്ഞും മരിച്ചു പോകുമെന്ന് ഉറപ്പായിരുന്നു!

അത് എനിക്ക് വളരെയധികം വിഷമം ഉണ്ടാക്കി. കാരണം രക്ഷപെടുത്താൻ ഒരു ശതമാനം മാത്രം സാധ്യത ഉണ്ടെങ്കിൽ അത് നാം ചെയ്യേണ്ടതല്ലേ? ആ ഒരു ശതമാനത്തിന്റെ കൂടെ ദൈവം കൂടെയുണ്ടെങ്കിൽ അസാധ്യമായത് ഒന്നുമില്ലെന്ന ഒരു ചിന്ത എന്നെ നയിച്ചു. അങ്ങനെ മറ്റു സിസ്റ്റർമാരോട് അഭിപ്രായം ചോദിച്ചു. അവരെ രക്ഷപെടുത്താൻ എന്തെങ്കിലുമൊരു സാധ്യത ഉണ്ടെങ്കിൽ നാം അത് ചെയ്യണം എന്ന് തന്നെയായിയുരുന്നു അവരുടെയും അഭിപ്രായം. മറ്റൊരിടത്തേക്ക് എത്തിക്കുന്നതിനുള്ള സമയവും ഇല്ലായിരുന്നു.

അങ്ങനെ ആ നിസ്സഹായതയിലും ‘ദൈവമേ’ എന്ന് വിളിച്ചുകൊണ്ട് സർജറിക്ക് തയാറായി. അനസ്തറ്റിസ്റ്റ് ആയ ഒരു ലേഡി ഡോക്ടർ പറഞ്ഞത് ഓർമ്മിക്കുന്നു, “എനി വേ, വി ആർ ഗോയിങ് ടു ലൂസ് ദി പേഷ്യന്റ്”(എന്തായാലും നമുക്ക് ഈ രോഗിയെ നഷ്ടമാകും). എങ്കിലും തമ്പുരാനെ വിളിച്ചുകൊണ്ട് സർജറി ആരംഭിച്ചു. അമിതമായ രക്തസ്രാവം ഉണ്ടായിരുന്നതുകൊണ്ട് കുഞ്ഞ് നേരത്തെ മരിച്ചിരുന്നു. രോഗിക്ക് ബ്ലഡ് ആവശ്യമായി വന്നു. പക്ഷേ, ആശുപത്രിയിൽ അതിനുള്ള അസൗകര്യങ്ങളൊന്നുമില്ലായിരുന്നു. അടുത്തുള്ള ബ്ലഡ് ബാങ്കിൽ നിന്ന് വളരെ പെട്ടന്ന് തന്നെ രക്തം കൊണ്ടുവന്നു. അത് തിയേറ്ററിൽ നിന്ന് തന്നെ ഞങ്ങൾ കയറ്റി. ഒടുവിൽ ആ സ്ത്രീ മരണത്തോടടുത്തുകൊണ്ടിരിക്കുകയാണ്, അവരെ ജീവനോടെ ബന്ധുക്കൾ കണ്ടോട്ടെ എന്ന അഭിപ്രായത്തിൽ അവരെ ഓപ്പറേഷൻ തിയറ്ററിൽ നിന്ന് ഇറക്കി. ആറു ബാഗ് രക്തമായിരുന്നു യാതൊരുവിധ സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടുകൂടിയും ഞങ്ങൾ അവിടെ നിന്ന് ആ സ്ത്രീയുടെ ശരീരത്തിലേക്ക് കയറ്റിയത്. അത്രയും റിസ്ക് ആയിരുന്നെങ്കിലും ഒടുവിൽ അവർ രക്ഷപെട്ടു എന്ന വലിയ സന്തോഷമായിരുന്നു ഞങ്ങൾക്ക് ദൈവം നൽകിയത്.”

തന്റെ ജീവിതത്തിലെ ഏറ്റവും വിഷമഘട്ടത്തിൽ ദൈവം കൂടെ നിന്നതിനെ സിസ്റ്റർ ഓർത്തെടുത്തു. ഓരോ ഡോക്ടറിന്റെ കൂടെയും ദൈവത്തിന്റെ വലിയൊരു കരുതല്‍ ഉണ്ട്. അത് ഇത്തരം അനുഭവങ്ങളിലൂടെയാണ് നമുക്ക് അവിടുന്ന് വെളിപ്പെടുത്തി തരുന്നതെന്നാണ് സിസ്റ്ററിന്റെ പക്ഷം.

ടി. ബി രോഗത്തിനെതിരെ ഒരു ഒറ്റയാൾ പോരാട്ടം

1999 ജൂൺ മുതൽ 2000 വരെ മഹാരാഷ്ട്രയിലെ ഏറ്റവും പിന്നോക്ക അവസ്ഥയിൽ ഉള്ള ഗ്രാമത്തിലെ ഒരു ഹോസ്പിറ്റലിലായിരുന്നു സേവനം ചെയ്തത്. അഷധാം ഹോസ്പിറ്റൽ. ടി. ബി. രോഗികൾ വളരെയധികമുണ്ടായിരുന്നു. രക്തം ഛർദ്ദിക്കുന്ന അവസ്ഥവരെയെത്തിയ രോഗികളായിരുന്നു ഏറ്റവും കൂടുതൽ. കുറേക്കാലമായി ഡോക്ടർ ഇല്ലാതിരുന്ന ആശുപത്രിയായിരുന്നു അത്. അതിനാൽ തന്നെ അവിടെയും അത്യവശ്യം ആവശ്യമായിരുന്ന ചികിത്സ നൽകാൻ സിസ്റ്റർക്ക് കഴിഞ്ഞു. ഗവണ്മെന്റുമായി സഹകരിച്ച് രോഗികൾക്കാവശ്യമായ ചികിത്സാ സൗകര്യമൊരുക്കി. ഇതിനിടയിൽ ഫാമിലി മെഡിസിനിൽ പോസ്റ്റ് ഗ്രാജുവേഷൻ വെല്ലൂരിൽ നിന്ന് പൂർത്തിയാക്കി. പിന്നോക്ക ഗ്രാമീണ മേഖലയിൽ സേവനം ചെയ്യാൻ ഈ പഠനം സഹായിക്കുമെന്നുള്ളതുകൊണ്ടായിരുന്നു ഈ മേഖല തിരഞ്ഞെടുത്തത്.

പഠന കാലഘട്ടം മധുരയിലെ ദിണ്ടിഗലിലെ ആശുപത്രിയിലായിരുന്നു. മൂന്നുവർഷം അവിടെ സേവനവും പഠനവും നടത്തി. അതിനുശേഷം മഹാരാഷ്ട്രയിലെ വീരൂരിലെ അഷധാം ഹോസ്പിറ്റലിൽ എത്തി. 1999 – ൽ തുടങ്ങിവെച്ച ടി. ബി. യുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമായി ചെയ്തു. “അറിവില്ലാത്ത മനുഷ്യരായതിനാൽ രോഗികൾ മരുന്നിന്റെ ഒരു മുഴുവൻ കോഴ്സ് എടുക്കില്ലായിരുന്നു. രോഗം പൂർണ്ണമായി മാറാൻ തുടർച്ചയായി മരുന്ന് കഴിക്കണമെന്നു അവരെ ബോധ്യപ്പെടുത്തുകയായിരുന്നു നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. എങ്കിലും ആരോഗ്യ പ്രവർത്തകരും രോഗികളും ആശുപത്രിയും ആയിട്ടുള്ള ഒരു ‘ലിങ്കിംഗ് ആൻഡ് നെറ്റ് വർക്കിങ്’ ഉണ്ടായിരുന്നതുകൊണ്ട് അത് വിജയം കണ്ടു. പക്ഷേ, അത് അത്ര എളുപ്പമാകുമായിരുന്നില്ല എന്നുള്ളതായിരുന്നു മറ്റൊരു കാര്യം. ഏതു സമയത്തും നാം പ്രവർത്തിക്കാൻ തയ്യാറാകണമായിരുന്നു. രോഗത്തെക്കുറിച്ചും അതിന്റെ ഗൗരവത്തെക്കുറിച്ചും പറഞ്ഞ് ബോധ്യപ്പെടുത്തി തുടർച്ചയായി മരുന്ന് കഴിപ്പിക്കുക എന്നുള്ള ആ വലിയ പ്രക്രിയ ഒട്ടനവധി ആളുകളിൽ ചെയ്യണമായിരുന്നു. എങ്കിലും ദൈവാനുഗ്രഹത്താൽ എല്ലാം സാധ്യമായി. പിന്നീടുള്ള പ്രവർത്തനങ്ങൾകൊണ്ട് ഹോസ്പിറ്റൽ ഒരു റെഫെറൻസ് സെന്റർ ആയി സർക്കാർ ഉയർത്തി. സൗജന്യ മരുന്നുകളും രോഗനിർണ്ണയ സൗകര്യങ്ങളും നിസ്വാർത്ഥമായി പ്രവർത്തിക്കാൻ ഒരു ഡോക്ടറും ആരോഗ്യ പ്രവർത്തകരും കൂടിച്ചേർന്നപ്പോൾ വളരെ വലിയൊരു രോഗത്തെയായിരുന്നു തുടച്ചു നീക്കാൻ സാധിച്ചത്.” സിസ്റ്റർ ദൈവത്തോട് നന്ദി പറഞ്ഞു.

പിന്നീട് ഒൻപതു വർഷത്തിന് ശേഷം വിജയവാഡയിൽ ആരോഗ്യമാതാ ഹോസ്പിറ്റലിലേക്ക് തിരികെ എത്തി. ഒപ്പം മെഡിക്കൽ കൗൺസിലർ എന്ന പദവിയും. അഗതികളുടെ സഹോദരിമാർ എന്ന സന്യാസ സഭയുടെ പേരുതന്നെ ജീവിത വ്രതമാക്കി മാറ്റുകയായിരുന്നു സിസ്റ്റർ ചെയ്തത്. വിജയവാഡയിലെ എലമെന്ററി സ്‌കൂളിലെ കുട്ടികളുടെ ഇടയിലായിരുന്നു പിന്നീടുള്ള പ്രവർത്തനങ്ങൾ. വളരെ പാവപ്പെട്ടവരും ഏറ്റവും വൃത്തിഹീനമായ ഇടങ്ങളിലും താമസിക്കുന്നവരായിരുന്നു ഈ സ്‌കൂളുകളിൽ പഠിച്ചിരുന്നത്. അങ്ങനെ സ്‌കൂളുകളിൽ ചെല്ലുകയും കുട്ടികളുമായി സംസാരിക്കുകയും അവരുടെ വീടുകൾ സന്ദർശിക്കുകയും കുടുംബങ്ങളിലെ സാഹചര്യം മനസ്സിലാക്കി അവർക്കാവശ്യമായ ബോധവൽക്കരണവും കൗൺസിലിംഗും മറ്റ് ആരോഗ്യ സംരക്ഷണ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും മരുന്നുകൾ നൽകുകയും ചെയ്തു. അവർക്കെല്ലാം തങ്ങളുടെ വീടുകളിലേക്ക് വളരെ വിശേഷപ്പെട്ട വ്യക്തികൾ കടന്നു വരുന്നുണ്ടല്ലോ എന്ന സന്തോഷമായിരുന്നു. തങ്ങൾ വിലയുള്ളവരാണെന്ന ബോധ്യം അവരിൽ ഉണ്ടാക്കിയെടുക്കാൻ ഇത് കൊണ്ട് സാധിച്ചു. അത് തന്നെയാണല്ലോ ഏറ്റവും കൂടുതൽ ആവശ്യവും”- സിസ്റ്റർ പറയുന്നു. 2019 – നു ശേഷം സഭയുടെ കാര്യങ്ങളിലും ഹോം പാലിയേറ്റിവ് കെയറിലുമായിരുന്നു സിസ്റ്ററിന്റെ പ്രത്യേക ശ്രദ്ധ.

മറക്കാനാകാത്ത അനുഭവം

ആന്ധ്ര പ്രദേശിൽ ജോലി ചെയ്തിരുന്നപ്പോൾ കുഞ്ഞുങ്ങൾ ഇല്ലാത്ത അനവധി ദമ്പതികൾ ചികിത്സയ്ക്കായി വരുമായിരുന്നു. ഇതിൽ എല്ലാവരും തന്നെ മറ്റു പല  ചികിത്സ തേടിയിട്ടും ഫലം കാണാത്തവരുമായിരുന്നു. മക്കളില്ലാത്തവരെ ശാപം കിട്ടിയവരായിട്ട് കാണുന്ന സമൂഹത്തിൽ ജീവിച്ചിരുന്ന അവർ വലിയ മാനസിക സമ്മർദ്ദത്തോടെയായിരുന്നു സിസ്റ്ററിന്റെ മുൻപിൽ എത്തിയിരുന്നത്. ഐ വി എഫ് ചികിത്സ വരെ നടത്തി പരാജയപ്പെട്ടവരും ആ കൂട്ടത്തിലുണ്ടായിരുന്നു. “സത്യം പറഞ്ഞാൽ എന്റെ മുന്നിലിരുത്തികൊണ്ടു തന്നെ ഞാൻ അവർക്കായി പ്രാർത്ഥിച്ചിരുന്നു. ജാതിമത വ്യത്യാസമില്ലാതെ അവർ എന്റെ കൂടെ പ്രാർത്ഥനയിൽ പങ്കുചേർന്നിരുന്നു. അത്രയ്ക്കും കലുഷിതമായിരുന്നു അവരുടെ മനസ്സ്. അതിൽ അന്യമതസ്ഥരുണ്ടായിരുന്നിട്ടും അവരിൽ പലരും ക്രിസ്തുവിൽ വിശ്വസിച്ചിരുന്നു. ഒരു ഗൈനക്കോളജിസ്റ് അല്ലെങ്കിൽ കൂടിയും പ്രാർത്ഥനയോടെ ഞാൻ അവർക്ക് മരുന്നുകൾ കൊടുത്തു. സംശയങ്ങൾ ഉള്ളത് മറ്റു ക്വാളിഫൈഡ് ആയ ഡോക്ടർമാരുമായി ചർച്ച നടത്തി. ഒരു കുഞ്ഞെന്ന ആഗ്രഹവുമായി വരുന്നവരുടെ മുൻപിൽ നാം പലപ്പോഴും വളരെ ചെറുതായി പോകാറുണ്ട്. കാരണം അത് ദൈവം മാത്രം വിചാരിച്ചാൽ നൽകപ്പെടുന്ന ഒന്നാണല്ലോ. മറ്റുരോഗങ്ങളുടെ ഭേദമാകലും അങ്ങനെയാണെങ്കിൽ കൂടിയും ദൈവത്തിന്റെ ഒരു പ്രത്യേക അനുഗ്രഹം ഇതിനു ആവശ്യമാണല്ലോ. അതുകൊണ്ടുതന്നെ ഞാൻ എന്റെ മുന്നിൽ വരുന്നവർക്കായി പ്രത്യേകം പ്രാർത്ഥിച്ചിരുന്നു. പിന്നീട് പ്രാർത്ഥനയും മരുന്നും ഫലം ചെയ്ത് തങ്ങളുടെ കുഞ്ഞുങ്ങളുമായി എന്നെ കാണാൻ വരാറുണ്ടായിരുന്നു പലരും. അവരുടെ കണ്ണീരിന്റെ സ്ഥാനത്തു സന്തോഷം നൽകാൻ കഴിഞ്ഞല്ലോ എന്നതായിരുന്നു ഏറ്റവും കൂടുതൽ ആനന്ദം നൽകിയത്. കാരണം അവിടുത്തെ സൃഷ്ടിയുടെ കർമ്മത്തിൽ പങ്കുചേരാൻ എന്നെയും ദൈവം പങ്കാളിയാക്കിയല്ലോ എന്ന വലിയ സന്തോഷം! അതില്പരം ഒരു മനുഷ്യന് എന്താണ് വേണ്ടത്?” സി.ലാൻസി വാക്കുകളില്‍ ആനന്ദം നിറഞ്ഞുനിന്നു.

ഒരു സമർപ്പിതയെന്ന ഡോക്ടറുടെ സ്വീകാര്യത

ഡോക്ടർ സിസ്റ്റർ എന്ന നിലയിൽ ആളുകൾക്കിടയിൽ സ്വീകാര്യത എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് സിസ്റ്റർ വളരെ സന്തോഷത്തോടെയായിരുന്നു പ്രതികരിച്ചത്. ഈ നിമിഷം വരെയും ഒരു സിസ്റ്റർ ആയതുകൊണ്ട് ഒരിക്കലും, എവിടെയും പ്രശ്നങ്ങളുണ്ടായിട്ടില്ല എന്ന് സിസ്റ്റർ പറയുന്നു. മറിച്ച് കൂടുതൽ സ്വീകാര്യത ഉണ്ടായിരുന്നു എന്നും. “കാരണം, ഒരു സിസ്റ്ററായതുകൊണ്ട് തങ്ങൾക്ക്  കുഴപ്പം വരുത്തുന്ന ഒന്നും ചെയ്യില്ല എന്ന ഒരു വിശ്വാസം ആളുകൾക്കുണ്ടായിരുന്നു . അവർക്കുവേണ്ടി നിലകൊള്ളുന്ന ലാഭേച്ഛയില്ലാതെ ഒരാൾ എന്ന നിലയിലാണ് അവർ എന്നെ കണ്ടിട്ടുള്ളത്. കൂടാതെ ഞങ്ങളുടെ ജീവിതം പ്രാർത്ഥനയിൽ അധിഷ്ഠിതമായതിനാൽ അവർക്കായി പ്രാർത്ഥിക്കുമെന്ന ഉറപ്പും ഉണ്ടായിരുന്നു. എന്റെ കൂടെ ഒരോ സ്ഥലത്തും ഉണ്ടായിരുന്ന ഒരോ സിസ്റ്ററിനെയും  ഓർമ്മിക്കുന്നു. കാരണം അവരുടെ പിന്തുണകൊണ്ടാണ് എനിക്ക് ഇത്രയുമൊക്കെ ചെയ്യാൻ സാധിച്ചത്. ജീവിതത്തിലെ എല്ലാ പ്രവർത്തനങ്ങളിലും കൂടെ നിന്ന് സഹായിക്കാൻ കഴിയുക എന്നത് വളരെ അനുഗ്രഹപ്രദമായ ഒരു കാര്യമാണ്. സഭാ സമൂഹത്തിന്റെയും പിന്തുണ വളരെ വലുതായിരുന്നു.”

ഈ ഡോക്ടേഴ്‌സ് ദിനത്തിൽ ഡോക്ടർ സിസ്റ്ററിനു പറയാനുള്ളത്  

“ഇന്ന് ഈ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വിശ്വാസമർപ്പിക്കുന്ന ആൾക്കാർ ഡോക്‌ടേഴ്‌സ് ആണ്. തങ്ങളുടെ ജീവനാണ് ആളുകള്‍ അവരുടെ ഡോക്‌ടേഴ്സിന്റെ കൈകളിൽ ഏൽപ്പിക്കുന്നത്. തികച്ചും ദൈവികമായ ഒരു തൊഴിലാണ് ഇത്. മരുന്ന് നൽകുന്നത് നമ്മളാണെങ്കിലും സുഖപ്പെടുത്തുന്നവൻ കർത്താവാണല്ലോ. നമ്മുടെ അറിവിനെ രോഗിയുടെ തലത്തിലേക്കെത്തിക്കുക എന്നതാണ് ഒരു ഡോക്ടർ ചെയ്യേണ്ടത്. ശരീരത്തെ ചികിത്സിക്കുന്നതോടൊപ്പം അവരുടെ മാനസിക അവസ്ഥകളെയും നാം ദൈവത്തിന്റെ അടുക്കലേക്ക് കൊടുക്കുക. മരുന്നുകളുടെ ഭാരമല്ല അവർക്ക് നൽകേണ്ടത് മറിച്ച് സമാധാനത്തിന്റെ വലിയ പിന്തുണയാണ് അനുഭവവേദ്യമാക്കേണ്ടത്. അപ്പോഴാണ് നാം ദൈവത്തിനും നമ്മുടെ രോഗികൾക്കുമിടയിലെ മധ്യവർത്തികളാകുന്നത്.” സിസ്റ്റർ ഹൃദയപൂർവ്വം പറഞ്ഞു.

ചങ്ങനാശ്ശേരി അതിരൂപതയിലെ വടക്കേക്കര സെന്റ് മേരീസ് ഇടവകയിലെ കൊല്ലംപറമ്പിൽ വീട്ടിലെ ഒൻപത് മക്കളിൽ മൂന്നാമത്തെ മകളാണ് സി. ലാൻസി മരിയ. അഞ്ചു പെൺമക്കളിൽ മൂന്നുപേരും സന്ന്യാസദൈവവിളി സ്വീകരിച്ചു. സി. ആൻ ജോ എസ്എബിഎസ്, സി. പ്രിയ തെരേസ് സിഎംസി എന്നിവരാണ് സി. ലാൻസിയുടെ സന്ന്യാസിനികളായ സഹോദരിമാർ. നാല് സഹോദരങ്ങളും രണ്ട് സഹോദരികളും കുടുംബ ജീവിതം നയിക്കുന്നു.

ദൈവത്തിനും മനുഷ്യർക്കുമിടയിലെ ഒരു മീഡിയേറ്ററായി 25 വർഷം! ഇനിയും ഒരുപാട് ആളുകൾ ഈ ഡോക്ടർ സിസ്റ്ററിലൂടെ അവിടുത്തെ കരുണയെ ദർശിക്കാൻ കാത്തു നിൽക്കുന്നു. ഇപ്പോൾ ആസ്സാമിലാണ് സിസ്റ്റർ സേവനം ചെയ്യുന്നത്. ഇവിടെ എത്തിയിട്ട് ഒരു മാസം ആകുന്നതേ ഉള്ളൂ. നഴ്സിംഗ് ഹോമാണ് നിലവിൽ ഈ സ്ഥാപനം. വളരെ സാധാരണക്കാരായ ആളുകൾ. കോവിഡിനെ ഏറ്റവും ഭയപ്പാടോടെ നോക്കിക്കാണുന്നവർ. സർക്കാർ ആശുപത്രിയിൽ ക്വാറന്റൈനിനായി കൊണ്ടുപോകുന്നത് ജനസംഖ്യ കുറയ്ക്കാനായി കൊല്ലാൻ കൊണ്ടുപോവുകയാണെന്ന അബദ്ധ ധാരണയിൽ ജീവിക്കുന്ന, ബോഡോ ഭാഷ മാത്രം സംസാരിക്കുന്ന പാവപ്പെട്ടവർ. അവർക്കിടയിലേക്കാണ് ഇനി ഈ ഡോക്ടർ സിസ്റ്റർ ഇറങ്ങിത്തിരിക്കുന്നത്. കടമ്പകളേറെയുണ്ട്. ഭാഷ പഠിക്കണം, അവരുടെ സംസ്കാരം മനസ്സിലാക്കണം, അവരിൽ ഒരാളാകണം. എങ്കിലും സിസ്റ്റർക്കറിയാം അതൊക്കെ ചെയ്യാൻ സാധിക്കുമെമെന്ന്. കാരണം തന്റെ 31 വർഷത്തെ സമർപ്പിത ജീവിതവും 25 വർഷത്തെ ആതുര ശുശ്രൂഷാ രംഗവും അത്രയ്ക്ക് അനുഭവ സമ്പത്ത് നൽകിയിട്ടുണ്ട്. ഏത് ദേശത്തു ചെന്നാലും അവരുടെ ആവശ്യത്തിനൊത്ത് പ്രവർത്തിക്കാനുള്ള ഒരു വലിയ കൃപയാണ് ഡോക്ടർ സിസ്റ്ററിനു ദൈവം നൽകിയിരിക്കുന്നത്. 53  മിനിറ്റ് നീണ്ട സംസാരം കൊണ്ട് ഈ ജീവിതത്തെയും വിളിയെയും അടയാളപ്പെടുത്താൻ വളരെ ബുദ്ധിമുട്ടാണ്. പറയാൻ ഏറെ ഉണ്ടായിരുന്നെങ്കിലും പെട്ടന്ന് ഡോക്ടറിന് അറിയിപ്പ് വന്നു. രോഗികൾ കാത്തു നിൽക്കുന്നു എന്ന വിളി. സ്നേഹപൂർവ്വം നന്ദി പറഞ്ഞ് സിസ്റ്റർ സംഭാഷണം നിർത്തി. അതെ, തന്റെ യഥാർത്ഥ വിളിക്ക് ഉത്തരം നൽകുവാൻ. ഈ ഡോക്‌ടേഴ്‌സ് ഡേയിൽ കരുണയുടെ മാലാഖയായ ഈ ഡോക്ടർ സിസ്റ്ററിനും ലോകമെമ്പാടുമുള്ള എല്ലാ ഡോക്ടർമാർക്കും ലൈഫ് ഡേയുടെ ആശംസകൾ!

സുനിഷാ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.