മക്കളെ എപ്പോഴും സന്തോഷവാന്മാരായി കാണണോ? ഈ മൂന്ന് ചെയ്തികൾ ഒഴിവാക്കൂ

നമ്മുടെ കുട്ടികൾ എപ്പോഴും സന്തോഷത്തോടെ ആയിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്‌ നമ്മൾ. അതിനായി എന്തും നമ്മൾ ചെയ്യും. കുട്ടികളുടെ ഏത് ആഗ്രഹവും സാധിച്ചു കൊടുക്കും. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ കുട്ടികൾ ശരിക്കും സന്തോഷവാന്മാരാകുകയാണോ? അവരുടെ സന്തോഷം നീണ്ടു നിൽക്കുന്നതാണോ? ഈ ചോദ്യം നമുക്ക് സ്വയം ഒന്ന് ചോദിക്കാം.

കുട്ടികൾ ചോദിക്കുന്നതും ആഗ്രഹിക്കുന്നതുമായ എല്ലാം ഉടനടി സാധിച്ച് കൊടുക്കാതിരിക്കുക എന്നതാണ് അവരിലെ സന്തോഷം നിലനിർത്താൻ ചെയ്യേണ്ടത്. സമൂഹത്തിലെ പൊതുധാരണയുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കാര്യം ഉൾക്കൊള്ളാനും അംഗീകരിക്കാനും മാതാപിതാക്കൾക്ക് പ്രയാസം തോന്നാം. എന്നാൽ നിരവധി ഗവേഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും തെളിഞ്ഞിട്ടുള്ള കാര്യമാണിത്. അതുകൊണ്ട് മക്കളുടെ സന്തോഷത്തിന് ദീർഘായുസ് ലഭിക്കുന്നതിനായി മാതാപിതാക്കൾ ഒഴിവാക്കേണ്ട മൂന്ന് കാര്യങ്ങൾ ഏവയെന്ന് നോക്കാം..

1. പെട്ടെന്ന് നൽകരുത്

കമ്പനികളും പരസ്യങ്ങളുമെല്ലാം മുതിര്‍ന്നവരേക്കാൾ കൂടുതൽ ഇന്ന്
ആകർഷിക്കാൻ ശ്രമിക്കുന്നത് കുട്ടികളെയാണ്. അതുകൊണ്ട് തന്നെ അവരുടെ ആഗ്രഹങ്ങളുടെയും ആവശ്യങ്ങളുടെയും ലിസ്റ്റും വലുതായിരിക്കും. ചിലപ്പോൾ കുട്ടികൾക്ക് യോജിച്ചതു പോലുമാവില്ല. ഇത്തരം സന്ദർഭങ്ങളിൽ മാതാപിതാക്കൾ സംയമനം പാലിക്കുകയാണ് വേണ്ടത്. കുട്ടി ചോദിച്ച് തീരുന്നതിന് മുമ്പ് അത് നിറവേറ്റി കൊടുക്കാതെ, സമയമെടുത്ത് ചിന്തിക്കണം. ഈ പ്രായത്തിൽ കുഞ്ഞിന് ഇത് ആവശ്യമുണ്ടോ, ഇപ്പോൾ ഇത് ആവശ്യമുണ്ടോ, അത് അവന് എങ്ങനെ ഉപകരിക്കും തുടങ്ങി പല കാര്യങ്ങളും. പകരം മറ്റൊന്നും ചിന്തിക്കാതെ ചോദിക്കുന്ന കാര്യം നേടിക്കൊടുത്താൽ ദൂഷ്യഫലങ്ങളാവും കാത്തിരിക്കുക.

2. ചോദിക്കുന്നതെല്ലാം ഒരുമിച്ചു നൽകരുത്

സമ്മാനങ്ങളോ ഭക്ഷണ സാധനങ്ങളോ സർപ്രൈസുകളോ എന്തുമാവട്ടെ, പല കാര്യങ്ങൾ ഒന്നിച്ച് കുട്ടികൾക്ക് സാധിച്ചു നൽകരുത്. അത് പലപ്പോഴും വിപരീത ഫലമാവും ഉണ്ടാക്കുക. കാരണം അങ്ങനെ നിരന്തരം കിട്ടിക്കഴിയുമ്പോൾ കുട്ടികൾക്ക് എല്ലാത്തിനോടും മടുപ്പ് തോന്നും. ഒന്നിനും വിലകൊടുക്കാതെയും ഒന്നിലും കൗതുകം തോന്നാതെയുമാവും. അത് അവരുടെ സ്വഭാവത്തെ തന്നെ നശിപ്പിക്കും. അതുകൊണ്ട് ആദ്യം ആവശ്യബോധം അവരിൽ വളർത്താൻ ശ്രമിക്കുക. കാത്തിരിപ്പിന്റെ സുഖവും ക്ഷമയും അവർ മനസിലാക്കട്ടെ. എന്ത് കിട്ടിയാലും സംതൃപ്തിപ്പെടാനും കിട്ടാത്തതിൽ നിരാശപ്പെടാതിരിക്കാനും അതുവഴി അവർ പഠിക്കും.

3. എല്ലാം നൽകാതിരിക്കുക

ചോദിച്ചു തീരുന്നതിന് മുമ്പ് എല്ലാം അമിതമായി നൽകിക്കൊണ്ടിരുന്നാൽ കുട്ടികൾ നിഷ്ക്രിയരായി മാറും. ഒന്നിലും താത്പര്യമില്ലാതെ ലക്ഷ്യബോധമില്ലാതെ നിർജ്ജീവ അവസ്ഥയിലാകും. ഒന്നിനുവേണ്ടിയും ശ്രമം നടത്താൻ കഴിയാത്തവരായി തീരും. പകരം കുറവുകളും പരിമിതികളും അറിയിച്ച് അവരെ വളർത്തണം. സ്വന്തമായി എന്തെങ്കിലും അധ്വാനിച്ച് നേടുമ്പോഴുണ്ടാവുന്ന സന്തോഷവും പഠിപ്പിച്ച് കൊടുക്കണം. എല്ലാം ഉടനടി എന്ന സംസ്കാരം വ്യക്തിയുടെ സമഗ്ര വളര്‍ച്ചക്ക് ഉതകുന്നതല്ലെന്ന് മനസിലാക്കി വേണം കുഞ്ഞുങ്ങളെ വളർത്താൻ.