നിങ്ങള്‍ക്ക് സന്തോഷിക്കണോ: ഇതാ ഈ പത്ത് കാര്യങ്ങള്‍ ചെയ്യുക

വിദേശനാട്ടിലേയ്ക്ക് പോകുമ്പോള്‍ ജേക്കബിന്റെ മനസ്സില്‍ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. കുടുംബത്തിന്‍ മെച്ചപ്പെട്ട ഒരു ജീവിതസാഹചര്യം നേടിക്കൊടുക്കുക. ദാരിദ്ര്യത്തിന്റെ അങ്കലാപ്പുകള്‍ ഇല്ലാത്ത പുഞ്ചിരി വിടരുന്ന അമ്മയുടെ അപ്പച്ചന്റെയും മുഖം; തിളക്കം മങ്ങിയ പാത്രങ്ങള്‍ക്കൊപ്പം തിളക്കം നഷ്ടപ്പെട്ട ഭാര്യയുടെ പരാതികള്‍ക്ക് ഒരു അറുതി; ഞായറാഴ്ച്ച പള്ളിയില്‍ പോകുന്ന 10 വയസ്സുകാരി മകള്‍ക്ക് നിറമുള്ള ഒരു കുപ്പായം; ഇവരുടെ പുഞ്ചിരി നല്‍കുന്ന സന്തോഷം; വീട്ടില്‍ ഊയലാടുന്ന സമാധാനത്തിന്റെ പുതിയ കിരണങ്ങള്‍. എന്നാല്‍ തിരക്കു നിറഞ്ഞ ജീവിതയാത്രയില്‍ എല്ലാവരുടെയും പുഞ്ചിരി മാഞ്ഞു. ദാരിദ്ര്യം മാറിയപ്പോള്‍ പുതിയ സൗകര്യങ്ങള്‍ക്കായി  ആവശ്യം ഉയര്‍ന്നു.

മാറുന്ന കാലഘട്ടത്തിനൊപ്പം മാറ്റപ്പെട്ട ചില നന്മകള്‍ക്കൊപ്പം, സന്തോഷവും മനുഷ്യനു നഷ്ടമായി. സമ്പത്തിനും പ്രശസ്തിക്കുമായി നെട്ടോട്ടമോടുന്ന മനുഷ്യന്റെ ആത്യന്തിക ലക്ഷ്യം ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ടുവരിക എന്നത് തന്നെയാണ്. എന്നാല്‍ പലപ്പോഴും ഇത് മറ്റുചിലതിലേക്ക് ഒതുങ്ങി പോകുന്നു.

ജീവിതത്തില്‍ നഷ്ടമായ സന്തോഷവും സമാധാനവും വീണ്ടെടുക്കാന്‍ ചില മാര്‍ഗങ്ങള്‍ ഇതാ.

1. 7 മിനിറ്റ് വ്യായാമത്തിനായി മാറ്റി വെക്കൂ

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ എന്ന ചൊല്ല്‌ ഏറെ അര്‍ത്ഥവത്താണ്. ‘ദി ന്യൂ യോര്‍ക്ക്‌ ടൈംസ്‌’- ല്‍ അടുത്തിടെ വന്ന  ലേഖനത്തിലാണ് 7 മിനിറ്റ് വ്യായാമത്തിന്റെ ശാസ്ത്രീയ ഗുണങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്.

വിഷാദം, മാനസീക പിരിമുറുക്കം തുടങ്ങിയവ അകറ്റി  സന്തോഷം പ്രദാനം ചെയ്യാന്‍ വ്യായാമത്തിലൂടെ സാധിക്കും.

മൂന്നു വിഭാഗം വിഷാദ രോഗികളെ തിരഞ്ഞെടുത്തതില്‍,  ഒന്നാം വിഭാഗം ആളുകള്‍ രോഗത്തിനായുള്ള മരുന്നുകള്‍ തിരഞ്ഞെടുക്കുകയും  രണ്ടാം വിഭാഗം വ്യായാമത്തിനെ  മാത്രം ആശ്രയിക്കുകയും മൂന്നാം വിഭാഗം മരുന്നിനൊപ്പം വ്യായാമം നടത്തുകയും ചെയ്തു. മൂന്നു കൂട്ടരിലും മാറ്റങ്ങള്‍ സംഭവിച്ചെങ്കിലും അത് വ്യത്യസ്ത രീതിയിലായിരുന്നു.  6 മാസങ്ങള്‍ക്ക് ശേഷം ഇവരെ പരിശോധിച്ചപ്പോള്‍ മരുന്നുകള്‍ മാത്രം ഉപയോഗിച്ചവരില്‍ രോഗം തിരിച്ചു വരാനുള്ള സാധ്യത 38% ആയിരുന്നു. മരുന്നും വ്യായാമവും ഒരുപോലെ മുന്നോട്ട് കൊണ്ട് പോയവരില്‍ 31%- വും എന്നാല്‍ വ്യായാമത്തെ മാത്രം ആശ്രയിച്ചവരില്‍ ഇത് 9% മാത്രമാണ് കാണപ്പെട്ടത്.

2. പുഞ്ചിരിക്കാന്‍ പഠിക്കൂ 

മനസ്സറിഞ്ഞു പുഞ്ചിരിക്കാന്‍ കഴിയുക എന്നത് ഏറെ മഹത്തായ ഒരു കാര്യമാണ്. ഇതുവഴി നന്മകള്‍ ഉടലെടുക്കുന്ന ഒരു മനസ്സ് നേടിയെടുക്കാന്‍ സാധിക്കും. സാമ്പത്തിക മേഖലയില്‍ ജോലി ചെയ്യുന്ന ഒരു കൂട്ടം ആളുകളില്‍ ചിലര്‍, ഉപഭോക്താക്കളെ ബോധിപ്പിക്കാനായി കപടമായ പുഞ്ചിരി സമ്മനിക്കുന്നു മറ്റു ചിലര്‍ മനസ്സറിഞ്ഞു ചിരിക്കുന്നു. ഇതില്‍ ഹൃദ്യമായി പുഞ്ചിരിച്ചവര്‍ക്ക് ദിവസം മുഴുവന്‍ ശുഭാപ്തിവിശ്വസത്തോടെ പെരുമാറാനും മറ്റു വിഭാഗക്കാരെ അപേക്ഷിച് തൊഴിലില്‍ വര്‍ധിച്ച കാര്യക്ഷമതയും കാഴ്ചവെയ്ക്കാനും സാധിച്ചു.  മിഷിഗന്‍ സ്റ്റേറ്റ് സര്‍വകലാശാല നടത്തിയ  പുതിയ പഠനങ്ങളാണ് ഇത്തരം ഒരു ഫലം പുറത്തുവിട്ടത്. മനസ്സറിഞ്ഞു ചിരിക്കുന്നത് നിങ്ങള്‍ക്കൊപ്പം തന്നെ മറ്റുള്ളവരെയും സന്തോഷിപ്പിക്കും.

3. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചിലവഴിക്കൂ

ഓരോ മനുഷ്യനും അവനില്‍ നിയുക്തമായ ഒരു കര്‍മ്മം ചെയ്യാനാണ് ഈ ഭൂമിയില്‍ ഭൂജാതനാവുന്നത്. ഈ കടമകള്‍ക്കൊപ്പം തന്നെ നില്‍ക്കുന്ന മറ്റൊന്നുന്നുണ്ട്. നമ്മുടെ ജീവിതത്തില്‍ നിന്നും നമ്മള്‍ ഓരോരുത്തരും അത്യന്തമായി ആഗ്രഹിക്കുന്ന ഒന്ന്. അത് എല്ലാവരിലും ഒന്ന് തന്നെയാണ്. ഈ ലോകത്തോട്‌ വിട പറയുമ്പോള്‍ ഞാന്‍ ചെയ്തത് എല്ലാം ശരിയായിരുന്നു എന്ന് പൂര്‍ണ ബോധ്യത്തോടെ പറയാന്‍ സാധിക്കുക. പക്ഷേ ഇത് ചെയ്തില്ലെങ്കില്‍ ആ ബോധ്യം വിഫലമാകും.

നമ്മള്‍ സ്നേഹിക്കുന്ന, നമ്മളെ സ്നേഹിക്കുന്ന കുടുംബത്തോടും സുഹൃത്തുക്കളോടുമൊത്ത് സമയം ചിലവഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് ഏറ്റവും വലിയ വേദന തന്നെയായി മാറും.

കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്നത് പരസ്പരമുള്ള സ്നേഹം വര്‍ധിപ്പിക്കാനും അതുവഴി സന്തോഷം പ്രദാനം ചെയ്യാനും സാധിക്കും.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ, 268 ആളുകളെ ഉള്‍പ്പെടുത്തി 72 വര്‍ഷം നീണ്ടു നിന്ന പഠനത്തിനു ഒടുവില്‍ പ്രശസ്ത മനോരോഗ വിദഗ്ദ്ധന്‍ ജോര്‍ജ് വെയ്ലെന്റ്റ് മുന്നോട്ട് വെച്ച നിഗമനം വെറും മൂന്നു വാക്കുകളില്‍ ഒതുങ്ങിയതായിരുന്നു: ‘ഹാപ്പിനെസ്സ് ഈസ്‌ ലവ്.’ സ്നേഹമാണ് സന്തോഷം!

4. ജോലി സ്ഥലത്തേക്കുള്ള യാത്രയുടെ നീളം കുറയുന്നതാണ് ഏറ്റവും നല്ലത്

ദിവസത്തില്‍ രണ്ടു തവണയും ആഴ്ചയില്‍ ഏഴു ദിവസവും ജോലി സ്ഥലത്തേക്ക് യാത്ര ചെയ്യേണ്ടി വരുമ്പോള്‍ ഏറ്റവും കുറച്ചു യാത്ര ചെയ്യുന്നതായിരിക്കും ഉചിതം. വഴിയിലെ തിരക്കും ട്രാഫിക്കും ഒക്കെ മനസീകാവസ്ഥയെ വല്ലാതെ ബാധിക്കും.

5. ശുദ്ധ വായൂ ശ്വസിക്കൂ

വീടിനു പുറത്തു പ്രക്രതിയുമായി ദിവസവും 20 മിനിറ്റ് എങ്കിലും ചിലവിടുന്നത് ആരോഗ്യത്തെയും മനസ്സിനെയും  കാര്യമായി തന്നെ സ്വാധീനിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

6. മറ്റുള്ളവര്‍ക്കുവേണ്ടി സമയം കണ്ടെത്തുക 

ഒരു വര്‍ഷത്തില്‍ 100 മണിക്കൂര്‍ അതായത് ഒരു ആഴ്ചയില്‍ 2 മണിക്കൂര്‍  മറ്റുള്ളവരെ സഹായിക്കുന്നത് മാറ്റി വെയ്ക്കുക.  150 ആളുകളില്‍ നടത്തിയ പഠനത്തില്‍, സ്വന്തം ആവശ്യങ്ങള്‍ക്ക് പണം ചിലവഴിക്കുന്നതിലും സന്തോഷം മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യുമ്പോഴാണെന്ന് കണ്ടെത്തി.

7. യാത്രകള്‍ നടത്തുക 

ദിവസവുമുള്ള ജോലിഭാരവും എന്നും യാത്ര ചെയ്യുന്ന വഴികളും ഒക്കെ മനുഷ്യരില്‍ മടുപ്പുളവക്കുന്നതിനാല്‍ ഇടയ്ക്ക് വിനോദയാത്രകള്‍ നടത്തുന്നത് നല്ലതാണ്. ഷാന്‍ ആങ്കറിന്റെ  ‘ദി ജര്‍ണല്‍ ഓഫ് ഹാപ്പിനെസ്സ് സ്റ്ഡീസസ്’ പറയുന്നത് ഇഷ്ടമുള്ള ഒരു സിനിമ കാണണം എന്ന് ഓര്‍ക്കുന്നത് പോലും ശരീരത്തില്‍ എന്‍ടോര്‍ഫിന്‍ എന്ന ഹോര്‍മോണിനെ 27% വര്‍ധിപ്പിക്കും എന്ന് ആണ്.

8. നന്നായി ഉറങ്ങൂ 

ഉറക്കം ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ നല്ല രീതിയില്‍ അടുത്ത ദിവസത്തേക്ക് വീണ്ടെടുക്കാന്‍ സഹായിക്കും എന്നത് പോലെ ഉറക്കം നല്ല പോസിറ്റീവ് ചിന്തകള്‍ക്ക് വഴിയൊരുക്കും, അതെ സമയം  ഉറക്കകുറവ് ദുശ്ചിന്തകളെ  സ്വാധീനിക്കും. തലച്ചോറിലെ അമിഗ്ടാലയാണ്  ദുശ്ചിന്തകള്‍ക്ക്  വഴിയൊരുക്കുന്നത്, ഹിപ്പോക്യാംപസ് ശുഭ ചിന്തകളെയും. ഉറക്ക കുറവ് ഹിപ്പോക്യാംപസ്സിനെയാണ് ഏറ്റവും കൂടുതല്‍ തളര്‍ത്തുന്നത്. അതുകൊണ്ട് തന്നെ കൃത്യമായ ഉറക്കം ശരീരത്തിനും മനസ്സിനും സന്തോഷം പ്രദാനം ചെയ്യും.

9. ധ്യാനം അഥവാ മെഡിറ്റെഷന്‍ 

മനസിന്‌ സന്തോഷം നല്‍കുന്ന ഒന്നാണ് ധ്യാനം. സ്വയം മനസ്സിലാക്കാനും പ്രകൃതിയെയും മനുഷ്യനെയും കുറിച്ച് ചിന്തിക്കാനും വഴിയൊരുക്കുന്നതിനാല്‍ ധ്യാനം സന്തോഷം പ്രദാനം ചെയ്യുന്ന ഒന്നാണ് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

10. ഓരോ  സഹാജീവിയോടും കൃതജ്ഞത സൂക്ഷിക്കുക 

നമുക്ക് ഓരോ ദിവസവും സംഭവിക്കുന്ന നന്മകള്‍ക്ക് കടപ്പെട്ടിരിക്കുക. സഹജീവികളോട് സ്നേഹം വര്‍ധിപ്പിക്കാനും അത് വഴി സമാധാനവും സന്തോഷവും കൈവരിക്കാനും ഇതിലൂടെ സാധ്യമാവും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.