നിങ്ങൾ മറ്റുള്ളവരെ കേൾക്കാൻ ശ്രമിക്കാറുണ്ടോ?

മറ്റുള്ളവരെ കേൾക്കുക എന്നത് ഇന്നത്തെ കാലത്തിൽ നമുക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനമാണ്. ഒരു സമയം പല കാര്യങ്ങളിൽ വ്യാപൃതരാകുന്ന ആളുകളുടെ ഒരു കാലഘട്ടമാണിത്. ഫോണിൽ സംസാരിച്ചുകൊണ്ട് ഒരു ചായ എടുക്കാം, പാട്ടു കേട്ടുകൊണ്ട് പത്രം വായിക്കാം. അങ്ങനെ എത്രയെത്ര കാര്യങ്ങൾ. അതിവേഗം നീങ്ങുന്ന ലോകത്തിൽ ഇതൊക്കെയുണ്ടെങ്കിലും ഒറ്റപ്പെടലും ഏകാന്തതയും വർദ്ധിക്കുന്നതായിട്ടാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

കണ്ണുകൾ കൊണ്ടുപോലും നമുക്ക് പുഞ്ചിരിക്കുവാൻ സാധിക്കും. എങ്കിലും മറ്റുള്ളവരെ കേൾക്കാനും അവരുടെ ഹൃദയവിചാരങ്ങൾ അറിയാനും സാധിക്കുക, അതിനായി സമയം നൽകാൻ കഴിയുക എന്നതൊക്കെ ഇന്നത്ത കാലത്ത് വളരെ വലിയൊരു കാര്യമാണ്. അടുപ്പമുള്ളവരുമായി സംസാരിക്കുവാൻ ആഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. ‘തിരക്കാണോ? ഞാനൊന്നു വിളിക്കട്ടെ, എനിക്കല്പം സംസാരിക്കാനുണ്ട്’ എന്നുള്ള ചോദ്യവുമായി നമ്മെ ആരെങ്കിലും സമീപിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും നാം അവരെ കേൾക്കാൻ സമയം കണ്ടെത്തണം. ഇത്തരം ചോദ്യങ്ങളെ നിസ്സാരമായി നാം കാണരുത്. കാരണം കേൾക്കാൻ ആരുമില്ലാത്തതിന്റെ പേരിൽ ജീവിതത്തിൽ ഒരുപാട് ദുരനുഭവങ്ങൾ നേരിടുന്നവരുണ്ട്. അതിനാൽ മികച്ച ശ്രോതാവാകുവാൻ ദൈവം നൽകുന്ന അവസരങ്ങളെ നാം പൂർണ്ണമായും ഉപയോഗിക്കണം.

പകൽ സമയം ദൈവം നമുക്കായി നൽകിയിരിക്കുന്നത് ആളുകളെ കാണാനും അവരുമായി ഇടപഴകുവാനുമായുള്ള അവസരമായിട്ടാണെന്ന് നാം ഓർമ്മിക്കണം. അവരെ കേൾക്കാനും തിരിച്ചറിയാനും നാം പഠിക്കണം. ദൈവം ആളുകളെ വിലമതിക്കുന്നുണ്ട്. അതിനാൽ അവിടുന്ന് തന്റെ പ്രിയപ്പെട്ടവരെ കാണുന്നതുപോലെ നമുക്കും മറ്റുള്ളവരെ കാണാനും കേൾക്കാനും പ്രാർത്ഥിക്കാം. നേരിട്ട് കാണാനും സംസാരിക്കാനും ഇപ്പോൾ നമുക്കു മുൻപിൽ പരിമിതികളുണ്ട്. എങ്കിലും ഫോണിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും നമ്മെ ബന്ധപ്പെടുന്നവരെ കേൾക്കാൻ നാം ബാധ്യസ്ഥരാകണം. അത് ഒരു ഉത്തരവാദിത്വമായി കാണണം.

ചില ആളുകൾ മികച്ച രീതിയിലുള്ള ആശയവിനിമയം നടത്തണമെന്നില്ല. അത്തരക്കാരെ നാം ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യം അവരെ കേൾക്കാനും മനസ്സിലാക്കാനുമുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം എന്നതാണ്. ക്ഷമയോടെ കാത്തിരിക്കുക. അവിടുന്ന് നിങ്ങളെ ഏറ്റവും മികച്ച ശ്രോതാവാകാൻ പഠിപ്പിക്കും.

നമുക്കു മുൻപിലുള്ള വ്യക്തിയുടെ ജീവിതസാഹചര്യങ്ങളും അവസ്ഥകളുമെല്ലാം നമ്മേക്കാൾ നന്നായി ദൈവത്തിനറിയാം. അതിനാൽ അവർക്ക് നമ്മിൽ നിന്ന് എന്ത് ഉപദേശമാണോ, ഏതു തരത്തിലുള്ള ആശ്വാസമാണോ ആവശ്യം ആ രീതിയിൽ സംസാരിക്കുവാൻ പരിശുദ്ധാത്മാവിനോട് നമുക്ക് എപ്പോഴും പ്രാർത്ഥിക്കാം. ചിലപ്പോഴൊക്കെ ദൈവത്തിന്റെ സ്വരമായി നമ്മെത്തന്നെ അവിടുന്ന് തിരഞ്ഞെടുത്തേക്കാം. എവിടെ സംസാരിക്കണമെന്നും എവിടെ മൗനം പാലിക്കണമെന്നുമുള്ള ജ്ഞാനം അവിടുന്ന് നമുക്ക് നൽകും. അതിനാൽ മറ്റുള്ളവരെ ശ്രദ്ധിക്കാൻ പ്രത്യേകം മനസ്സു കാണിക്കാം. അവിടുന്ന് എപ്പോഴും നമ്മെ കേൾക്കാൻ തയ്യാറാണെന്നുള്ളതുപോലെ നമുക്കും മറ്റുള്ളവരെ കേൾക്കാൻ ശ്രമിക്കാം. തികച്ചും ദൈവികമായ ഈ അനുഭവത്തിനു നമുക്കും പങ്കാളിയാകാം. എന്താ, നിങ്ങളും കേൾക്കാൻ തയ്യാറല്ലേ?

സുനീഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.