വിശുദ്ധ കുർബാനയിലെ പരമമായ സത്യത്തെ വിലകുറച്ചു കാണരുത്: ഫ്രാൻസിസ് പാപ്പാ

യേശുക്രിസ്തുവിന്റെ മനുഷ്യത്വത്തെയും വിശുദ്ധ കുർബാന യേശുവിന്റെ ശരീരവും രക്തവുമാണെന്ന പഠിപ്പിക്കലുകളെയും വിലകുറച്ചു കാണിക്കരുതെന്ന് ഫ്രാൻസിസ് പാപ്പാ. വത്തിക്കാനിൽ, ആഗസ്റ്റ് 22 -ന് ആഞ്ചലൂസ് സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം ക്രൈസ്തവലോകത്തെ പ്രത്യേകം ഓർമ്മിപ്പിച്ചത്.

“നിത്യജീവൻ കൈമാറുന്ന രക്ഷയുടെ യഥാർത്ഥ അപ്പം ക്രിസ്തുവിന്റെ ശരീരമാണ്. നിയമങ്ങൾ പാലിക്കുവാൻ തത്രപ്പെടുന്നതിനു മുൻപ് ദൈവവുമായി ദൃഢമായ ബന്ധം സ്ഥാപിക്കേണ്ടത് ആവശ്യമാണ്. ഇന്നും യേശുവിന്റെ മനുഷ്യാവതാരത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലും വിശുദ്ധ കുർബാന യേശുവിന്റെ ശരീരവും രക്തവുമാണ് എന്ന പരമമായ സത്യവും പല അപവാദത്തിനും കാരണമായേക്കാം. ഇത് സാധാരണ ജനങ്ങൾക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. ലോകത്തിന്റെ കണ്ണിൽ, ഒരു കഷണം അപ്പത്തിനു മുമ്പിൽ മുട്ടുകുത്തി നിൽക്കുന്നതിൽ എന്ത് അർത്ഥമുണ്ടാകും?” – പാപ്പാ ചോദിച്ചു.

“ദൈവം തന്നെത്തന്നെ മാംസവും രക്തവുമാക്കി, നമ്മെപ്പോലെ ഒരു മനുഷ്യനാകുന്ന അവസ്ഥയിലേക്ക് സ്വയം താഴ്ന്നു. അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നത് ദൈവത്തോടും സഹോദരങ്ങളോടുമുള്ള ബന്ധം ആഴപ്പെടുത്തുവാനാണ്” – പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.