ദയാവധം എന്ന കപട കരുണയ്ക്ക് കൂട്ടുനിൽക്കരുതേ എന്ന് ഡോക്ടർമാരോട് ഫ്രാൻസിസ് പാപ്പ

മെഡിക്കൽ സഹായത്തോടു കൂടി ഒരാളെ ആത്മഹത്യ ചെയ്യാൻ സഹായിക്കുന്ന കപടതയാണ് ദയാവധമെന്നും അതിന് കൂട്ടുനിൽക്കരുതെന്നും ഡോക്ടർമാരോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. വത്തിക്കാനിൽ ഒരുമിച്ചുകൂടിയ 350-ഓളം ഇറ്റാലിയൻ ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.

‘മരുന്ന് എന്നാൽ മനുഷ്യജീവനുള്ള സേവനം എന്നാണ് അർത്ഥമാക്കുന്നത്. ഇത് വെറുമൊരു രോഗാവസ്ഥയല്ല, വ്യക്തികളെ രോഗമുള്ളവരെന്ന് നിർവചിക്കാനും കഴിയില്ല. മറിച്ച്, വ്യക്തികൾ കടന്നുപോകുന്ന ചില അവസ്ഥകളാണിത്. ഇത്തരത്തിൽ വളരെ മാനുഷികമായി പരിഗണിച്ചു കൊണ്ടാണ് ഡോക്ടർമാർ രോഗികളെ അഭിമുഖീകരിക്കേണ്ടത്. ഈ മനോഭാവമായിരിക്കണം ദയാവധം ചെയ്യാനുള്ള പ്രലോഭനത്തെ അതിജീവിക്കാൻ നിങ്ങളെ ശക്തിപ്പെടുത്തേണ്ടതും’ – പാപ്പ പറഞ്ഞു.

‘ദയാവധം സ്വാതന്ത്ര്യത്തിന്റെ പ്രകടനമോ രോഗിയോടുള്ള പരിഗണനയോ അല്ല. രോഗിയെ വെറും പാഴ്വസ്തുവായി മാത്രം കണ്ട് ഉപേക്ഷിക്കുന്നതിനു തുല്യമാണത്-വെറും വ്യാജമായ കരുണ. ഓരോ വ്യക്തിയുടെയും വ്യത്യസ്തതയും അന്തസ്സും ദുർബലതയും ഡോക്ടർമാർ കാണാതെ പോകരുത്. ഏറ്റവും ദാരുണമായ ഇത്തരം സാഹചര്യങ്ങളിൽ ഒരാളെ ബുദ്ധിപൂർവ്വവും ഹൃദയപൂർവ്വവും സമീപിക്കാൻ ഡോക്ടർമാർക്ക് കഴിയണം’ – പാപ്പ കൂട്ടിച്ചേർത്തു.