‘മൊസാംബിക് ജനതയെ ഉപേക്ഷിക്കരുത്’ -ഫാ. ആഞ്ചലോ റൊമാനൊ

മൊസാംബിക്കിൽ 2017 -ൽ ആരംഭിച്ച ഭീകരാക്രമണം രാജ്യത്തുടനീളം സമാധാനം ഇല്ലാതാക്കിയതിനോടൊപ്പം ഇസ്ലാമിക തീവ്രവാദം രാജ്യത്തിന്റെ ഭാവിയെ വളരെ മോശമായി ബാധിക്കുന്നു. രാജ്യം വലിയ അപകടത്തിന്റെ വക്കിലാണെന്ന് തെക്കു കിഴക്കൻ ആഫ്രിക്കൻ രാജ്യത്ത് സേവനം ചെയ്യുന്ന ഫാ. ആഞ്ചലോ റൊമാനൊ. 2019 മുതൽ ആക്രമണങ്ങൾ വർദ്ധിച്ചു വരികയാണ്. നിരവധി ആളുകൾ കൊല്ലപ്പെടുകയും ദൈവാലയങ്ങൾ തകർക്കപ്പെടുകയും ചെയ്തു. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും അടിമകളാക്കുകയും ചെയ്യുന്നു. ലക്ഷക്കണക്കിന് ആളുകളെ ആക്രമിച്ച് നാടുകടത്തി.

“ഇസ്ലാമിക തീവ്രവാദികൾ ഒരു രാജ്യത്തിന്റെ നിർമ്മാണത്തെയും സൃഷ്ടിയെയും ആണ് ഇല്ലാതാക്കിയത്. അവർ രാജ്യം മുഴുവൻ കീഴടക്കാൻ ആഗ്രഹിക്കുന്നു. നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിയെ നശിപ്പിച്ച് അവരുടേതായ രീതിയിൽ പണിയുകയാണ് ലക്‌ഷ്യം. പ്രാദേശികമായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ആവശ്യങ്ങളെ നേരിടാനും പരിഹരിക്കാനും ശ്രമിക്കുന്നുണ്ടെങ്കിലും എല്ലായിടത്തും സഹായങ്ങൾ എത്തിക്കാൻ സാധിക്കുന്നില്ല. എങ്കിലും ദുരിതമനുഭവിക്കുന്നവരോട് ഐക്യദാർഢ്യം കാണിച്ച എല്ലാവരെയും പ്രശംസിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് മൊസാംബിക്കിൽ നടന്ന ആക്രമണങ്ങളിൽ എട്ടു ലക്ഷത്തോളം ആളുകളാണ് പാലായനം ചെയ്തിട്ടുള്ളത്. എന്നാൽ ഇതിൽ പത്ത് ശതമാനത്തോളം മാത്രമേ സർക്കാരിന്റെ അഭയാർത്ഥി ക്യാമ്പുകളിൽ ഉള്ളൂ. ബാക്കിയുള്ളവരിൽ ഭൂരിഭാഗവും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലാണുള്ളത്. രജിസ്റ്റർ ചെയ്യാത്തതിനാൽ തന്നെ വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ ഉയർന്നു വരുന്നുണ്ട്.  -ഫാ. ആഞ്ചലോ പറഞ്ഞു.

കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുന്നതിനെക്കുറിച്ചും പ്രത്യേകം ആശങ്കയുണ്ട്. കാരണം രജിസ്റ്റർ ചെയ്യാത്തതിനാൽ ഇവർക്ക് ആവശ്യമായ വിദ്യാഭ്യാസ സഹായം നൽകുവാൻ പോലും സാധിക്കാതെ വരുന്നുണ്ട്. അതിനാൽ തന്നെ മൊസാംബിക് ജനതയെ ഉപേക്ഷിക്കരുതെന്നും രാജ്യത്തിന്റെ സമാധാനം ഉറപ്പുവരുത്തണമെന്നും ഫാ. ആഞ്ചലോ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.