ദിവ്യകാരുണ്യം പാപികളുടെ അപ്പം: ഫ്രാൻസിസ് പാപ്പാ

ദിവ്യകാരുണ്യം പാപികളുടെ അപ്പമാണെന്ന് ഫ്രാൻസിസ് പാപ്പാ. വിവിധ രാജ്യങ്ങൾ ജൂൺ ആറിന് ദിവ്യകാരുണ്യത്തിന്റെ തിരുനാൾ ആചരിക്കുന്നതിനാൽ ഈ പ്രത്യേക ദിനത്തിന്റെ സന്ദേശമായിട്ടാണ് പാപ്പാ ഇത് പറഞ്ഞത്.

“ദിവ്യകാരുണ്യം വിശുദ്ധരുടെ സമ്മാനമല്ല. മറിച്ച് പാപികൾക്കായുള്ള അപ്പമാണ്” – പാപ്പാ പറഞ്ഞു. അന്ത്യ അത്താഴ വേളയിൽ ‘ഇത് എന്റെ ശരീരമാകുന്നു’ എന്ന് പറഞ്ഞുകൊണ്ട് അപ്പം വാഴ്ത്തി വിഭജിച്ചു നൽകിയ തിരുവചനഭാഗങ്ങൾ പാപ്പായുടെ പ്രത്യേക ധ്യാനവിഷയമായിരുന്നു. പങ്കുവയ്ക്കലിന്റെയും ലാളിത്യത്തിന്റെയും വലിയ മാതൃക നൽകിയ യേശുവിന് നമ്മോടുള്ള സ്നേഹം ഒരു ദൗർബല്യമാണ് എന്നാണ് പാപ്പാ വിശദമാക്കിയത്. നമ്മെയെല്ലാം ഐക്യത്തോടെ വീണ്ടും ഒന്നിപ്പിക്കുന്നതിന് ജീവൻ വിഭജിച്ചു നൽകിയ ആ സ്നേഹത്തിന്റെ ശക്തിയേയാണ് പപ്പാ ദൗർബല്യമായി അടിവരയിട്ട് പറഞ്ഞത്.

ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ യേശു പകുത്തുനൽകിയത് തന്റെ ജീവനാണ്. പരിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ നാം ഈശോയെ അറിയുന്നതുപോലെ അവിടുന്നും നമ്മെ അറിയുന്നു. നാം പാപികളാണെന്നും പല തെറ്റുകളും ചെയ്തവരാണെന്നും അവിടുത്തേയ്ക്ക് അറിയാം. പക്ഷേ, അവിടുന്ന് എക്കാലവും നമ്മോടൊത്ത് ജീവിക്കുന്നു. അവിടുന്ന് നമ്മെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. നമുക്കത് ആവശ്യമാണെന്ന് അവനറിയാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ജീവന്റെ അപ്പം ലഭിക്കുമ്പോഴെല്ലാം നമ്മുടെ ബലഹീനതകൾക്ക് ഒരു പുതിയ അർത്ഥം നൽകുവാൻ യേശു വരുന്നു. നമുക്ക് സ്വയം സുഖപ്പെടുത്തുവാൻ സാധിക്കാത്ത പല ദൗർബല്യങ്ങളെയും അവിടുന്ന് സുഖപ്പെടുത്തുകയും ചെയ്യുന്നു. സഹോദരങ്ങളോട് സ്വയം പങ്കുചേരുവാനുള്ള കഴിവ്, തിന്മയെ നന്മ കൊണ്ട് ഇല്ലാതാക്കുവാനുള്ള കഴിവ് എന്നിവ നമുക്ക് ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ ലഭിക്കുന്നു. സ്വർഗ്ഗത്തിൽ അവിടുത്തോടൊപ്പം ഒന്നുചേരുന്നതിനു നമുക്കുള്ള സമ്മാനമാണ് ദിവ്യകാരുണ്യം – ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.