ഈശോയുടെ നെഞ്ചിലെ സ്നേഹം മുഴുവനുമുള്ള ദിവ്യകാരുണ്യം

ഹൃദയം എന്നത് എപ്പോഴും പ്രിതിനിധീകരിക്കുക സ്‌നേഹത്തെയാണല്ലോ. ഹൃദയം എന്നത് സ്‌നേഹത്തിന്റെ ഇരിപ്പിടമായിട്ടാണ് അറിയപ്പെടുന്നത്. ഇന്ന് സ്‌നേഹം എന്ന പദത്തിന് പകരംവയ്ക്കുവാൻ ‘ഹൃദയം’ അല്ലെങ്കില്‍ ‘ചങ്ക്’ എന്ന പദം പലപ്പോഴും ഉപയോഗിക്കുന്നു. എന്തിനോടെങ്കിലുമുള്ള അമിതസ്‌നേഹത്തിന് ‘അത് എന്റെ ചങ്കാണ് കേട്ടോ’ എന്ന് പറയാറുണ്ട്. അതായത്, സ്‌നേഹം എന്ന വികാരത്തെ കൂടുതല്‍ തീവ്രമായി അവതരിപ്പിക്കുന്ന പ്രതീകമായി ഹൃദയം മാറുന്നു.

ഈശോയുടെ ജീവിതത്തിലേയ്ക്ക് നോക്കുമ്പോള്‍, നമുക്ക് ഒരു കാര്യം മനസ്സിലാക്കുവാന്‍ സാധിക്കും. അവിടുത്തെ ജീവനും ജീവിതവും സ്‌നേഹത്തില്‍ അധിഷ്ഠിതമായിരുന്നു എന്നത്. അതിന്റെ ഏറ്റവും മൂര്‍ത്തീഭാവമാണ് സ്വര്‍ഗ്ഗപിതാവിന്റെ ഹിതപ്രകാരം സ്വജീവന്‍ പോലും വെടിഞ്ഞ് മനുഷ്യമക്കളെ സ്വര്‍ഗ്ഗീയരാക്കാന്‍ അവിടുന്ന് നടത്തിയ കാല്‍വരിയിലെ യാഗാര്‍പ്പണം. അതിലുമുപരി, തന്റെ തിരുശരീര-രക്തങ്ങള്‍ പങ്കുവച്ച് കൂടെയായിരിക്കുന്ന സാന്നിദ്ധ്യം നല്‍കി അവിടുത്തെ സ്‌നേഹത്തില്‍ എന്നുമായിരിക്കാന്‍ ഈശോ സ്ഥാപിച്ചതാണ് വിശുദ്ധ കുര്‍ബാന. അവിടുത്തെ ആത്മാര്‍പ്പണത്തിന്റെ ഭാഷയാണ് ‘ഇത് എന്റെ ശരീരമാകുന്നു; ഇത് എന്റെ രക്തമാകുന്നു’ എന്നത്. ആ ദിവ്യസ്‌നേഹം ആരെയും മാറ്റിനിര്‍ത്തുകയോ, കുറ്റപ്പെടുത്തുകയോ, വേദനിപ്പിക്കുകയോ ചെയ്യാതെ എല്ലാവരെയും തന്നോട് ചേര്‍ത്തുപിടിക്കുകയാണ്. വിശുദ്ധ ബലിയില്‍ അനുദിനവും പങ്കുപറ്റുന്ന അയോഗ്യരും ബലഹീനരുമായ നമുക്ക് ആ കുര്‍ബാനാനുഭവത്തില്‍ ജീവിക്കാനുള്ള പ്രേരണ നല്‍കുകയാണ്.

ദിവ്യകാരുണ്യ അനുഭവം

എന്താണ് വിശുദ്ധ കുര്‍ബാന അനുഭവം? അത് നിറവിന്റെ, ആത്മീയാനന്ദത്തിന്റെ അനുഭവമാണ്. ഇത് സ്വന്തമാക്കിയവരായിരുന്നു പരിശുദ്ധ അമ്മയും അവിടുത്തെ ശിഷ്യഗണവും. വചനം മാംസമായി ഉദരത്തില്‍ അവതരിച്ച നിമിഷം മുതല്‍ പരിശുദ്ധ അമ്മയും വ്യത്യസ്തങ്ങളായ ജീവിതാവസ്ഥകളിലും സാഹചര്യങ്ങളിലും വ്യതിരക്തത നിറഞ്ഞ സ്വഭാവപ്രത്യേകതകളിലും ആയിരുന്നവരെ ഒരുമിച്ചു ചേര്‍ത്ത നിമിഷം മുതല്‍ ശ്ലീഹന്മാരും ഈ അനുഭവം സ്വന്തമാക്കി. അവിടുന്ന് വിളിച്ചു സ്വന്തമാക്കിയ സമയം മുതല്‍, തന്നെ ഒറ്റിക്കൊടുത്തിട്ടും തള്ളിപ്പറഞ്ഞിട്ടും തന്റെ അസാന്നിദ്ധ്യം അനുഭവിച്ച നിമിഷങ്ങളില്‍ ഉപേക്ഷിച്ച ‘വല’ വീണ്ടും ജീവിതസാഹചര്യങ്ങളില്‍ എടുത്തുകൊണ്ട് തങ്ങള്‍ക്ക് പരിചിതമായിരുന്ന ജോലിയിലേയ്ക്ക് തിരികെ പോകുമ്പോഴും ഈശോ അവർക്ക് തന്റെ സാന്നിദ്ധ്യം നല്‍കി. ‘പ്രാതല്‍ ഒരുക്കി കാത്തിരിക്കുന്നവനാണെന്നും,’ ‘മനുഷ്യരെ പിടിക്കുന്നവരാക്കാം’ എന്ന വാഗ്ദാനങ്ങള്‍ നിറവേറ്റിക്കൊടുത്തുകൊണ്ടും വീണ്ടും വീണ്ടും തന്നിലേയ്ക്ക് ആകര്‍ഷിക്കുകയാണ്, ചേര്‍ത്തുനിര്‍ത്തുകയാണ്. ഇപ്രകാരം കരുതലുള്ള, കരുണയുള്ള സ്‌നേഹമാണ് ദിവ്യകാരുണ്യഹൃദയം പ്രദാനം ചെയ്യുന്നത്. ഇതാണ് വിശുദ്ധ കുര്‍ബാനയില്‍ നമുക്കും അനുഭവവേദ്യമാകേണ്ടത്. അവിടുന്ന് മനുഷ്യരെ തേടിയിറങ്ങി. അവന് ആവശ്യമായവ പ്രദാനം ചെയ്ത് ആത്മീയ ജീവിതത്തെ ഉണര്‍ത്തുകയാണ്, പരിപോഷിപ്പിക്കുകയാണ് ജീവകാരുണ്യാനുഭവത്തിലൂടെ. ഇല്ലായ്മകളെ തുടച്ചുമാറ്റി സമൃദ്ധി ചൊരിയുന്ന സാന്നിദ്ധ്യമാണ് ദിവ്യകാരുണ്യ നാഥന്റേത്.

തന്നോടൊപ്പമായിരിക്കുന്നവര്‍ക്ക് ആവശ്യമായവ എന്താണെന്ന് അറിയുന്ന വലിയ കരുതലിന്റെ അനുഭവമാണ് അപ്പം വര്‍ദ്ധിപ്പിച്ച് ധാരാളമായി നല്‍കി അവിടെ കൂടിയിരുന്ന ജനക്കൂട്ടത്തിന്റെ വിശപ്പ് ശമിപ്പിച്ച നല്ല ഈശോ പ്രദാനം ചെയ്യുന്നത്. ഇന്ന് നമ്മുടെ ജീവിതത്തില്‍ ആത്മാവിന്റെ വിശപ്പകറ്റാനായി ദിവ്യകാരുണ്യത്തില്‍ ഈശോ ആഗതനാകുന്നു. നിത്യജീവന്റെ അപ്പവും ജലവും ലഭിക്കണമെങ്കിൽ ഈശോയിലേക്ക് തിരിയണമെന്നുള്ളതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ ദിവ്യകാരുണ്യാനുഭവവും. സമരിയാക്കാരി സ്ത്രീയുടെ ജീവിതത്തില്‍ അവളുടെ ആത്മാവിന് ആവശ്യമായത് തിരിച്ചറിഞ്ഞ് പകര്‍ന്നു നല്‍കുമ്പോള്‍ അവള്‍ സഭയുടെ ആദ്യത്തെ വചനപ്രഘോഷകയായി മാറുന്നു.

അനുദിന ജീവിതത്തിൽ ദിവ്യകാരുണ്യം അനുഭവമാകാൻ

നമുക്കും നമ്മെത്തന്നെ ഒന്ന് വിലയിരുത്താം, എന്റെ അനുദിന ദിവ്യബലി, എന്റെ ആത്മീയജീവിതത്തിന്റെ ശക്തികേന്ദ്രമാകുന്നുണ്ടോ? എനിക്ക് എന്റെ ദിവ്യകാരുണ്യ ഹൃദയനാഥന്റെ ഹൃദയസ്പന്ദനങ്ങള്‍ അനുഭവിക്കാന്‍ സാധിക്കുന്നുണ്ടോ? ഈശോയുടെ തിരുഹൃദയപുത്രിമാരുടെ സഭാസ്ഥാപകയായ വി. തെരേസ വെര്‍സേരി ഓര്‍മ്മപ്പെടുത്തുക ഇപ്രകാരമാണ്: “നിങ്ങള്‍ക്കുവേണ്ടി മരിക്കാനും വിശുദ്ധ കുര്‍ബാന സ്ഥാപിക്കാനും ഇടയാക്കിയ അവിടുത്തെ പരിശുദ്ധ ഹൃദയത്തോട് ആ വലിയ സ്‌നേഹത്തോട് എപ്പോഴും നന്ദി പ്രകാശിപ്പിക്കുക. ദിവ്യകാരുണ്യം സ്‌നേഹത്തിന്റെ മഹോന്നമായ തെളിവാണ്.”

ദൈവത്തിന്റെ അനന്തസ്‌നേഹത്തിന്റെ സ്മാരകമായി നിലകൊള്ളുന്നതാണ് യേശുവിന്റെ ശരീരവും രക്തവും പങ്കുവച്ചു നല്‍കപ്പെടുന്ന വിശുദ്ധ കുര്‍ബാന. ഇന്ന് പ്രത്യേകമാംവിധം ക്രിസ്തുവിന്റെ തിരുശരീരത്തിന്റെയും തിരുരക്തത്തിന്റെയും തിരുനാളിന്റെ സ്മരണയിലായിരിക്കുമ്പോള്‍ ഇതിലൂടെ സഭ ഉദ്ദേശിക്കുന്നത് എന്താണ് എന്നതുകൂടി നമ്മുടെ വിചിന്തനവിഷയമാക്കാം.

1. ക്രിസ്തുവിന്റെ പരിധിയില്ലാത്ത അനുകമ്പയെ ഓര്‍ത്ത് അവിടുത്തെ പുകഴ്ത്തുക.

2. ദിവ്യകാരുണ്യത്തിന് ക്രൈസ്തവന്റെ വ്യക്തിജീവിതത്തിലും സഭാജീവിതത്തിലും എത്രമാത്രം പ്രാധാന്യമുണ്ടെന്ന് സഭാമക്കളെ ഓര്‍മ്മിപ്പിക്കുക.

3. മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യാത്തവന് ജീവനുണ്ടായിരിക്കുകയില്ല എന്ന യേശുവിന്റെ പ്രഖ്യാപനം ആവര്‍ത്തിക്കുക.

പരിശുദ്ധ കുര്‍ബാനയില്‍ നേരിട്ടു പങ്കുചേരാനും അവിടുത്തെ തിരുശരീര-രക്തം ഉള്‍ക്കൊള്ളാനും സാധിക്കാത്തതിന്റെ വേദനയിലേയ്ക്ക് കൊറോണ എന്ന സൂക്ഷ്മാണുവിന്റെ കടന്നുകയറ്റം നമ്മെ എത്തിച്ചിരിക്കുന്നു. ഈ കാലഘട്ടത്തിന്റെ എല്ലാ വേദനകളും ഭയാശങ്കകളും ദിവ്യകാരുണ്യഹൃദയത്തിലേയ്ക്ക് നമുക്ക് സമര്‍പ്പിക്കാം. വിശ്വാസജീവിതത്തില്‍ ആഴപ്പെടാന്‍ ആഗ്രഹിക്കാം, പരിശ്രമിക്കാം.

സി. ആന്‍മേരി മുണ്ടേത്ര DSHJ

5 COMMENTS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.