ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു

കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന മൊബൈല്‍ ഫോണ്‍ ചലഞ്ച് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 10 കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ ലഭ്യമാക്കി.

അമേരിക്കയിലുള്ള റോട്ടറി ക്ലബ്ബ് ഓഫ് കരോള്‍ട്ടനുമായി സഹകരിച്ച് ലഭ്യമാക്കുന്ന മൊബൈല്‍ ഫോണുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഉത്തരവാദിത്വപൂര്‍ണ്ണമായ ഉപയോഗം ഉറപ്പു വരുത്തണമെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ഓണ്‍ലൈന്‍ പഠന പ്രക്രിയ ഫലപ്രദമായി മുന്‍പോട്ടു കൊണ്ടുപോകുവാന്‍ അദ്ധ്യാപകരുടെയും കുട്ടികളുടെയും മാതാപിതാക്കളുടെയും കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. റോസമ്മ സോണി എന്നിവര്‍ പ്രസംഗിച്ചു.

ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.