മഹാമാരിയുടെ കാലത്തുതന്നെ ദിവ്യബലിയിലേയ്ക്ക് മടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു സഭ നല്‍കുന്ന നാലു പ്രധാന നിര്‍ദ്ദേശങ്ങള്‍

കൊറോണാ മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിശ്വാസ സമൂഹത്തിന് ശക്തിപകര്‍ന്നുകൊണ്ട്, ‘നമുക്ക് സന്തോഷത്തോടെ ദിവ്യബലിയര്‍പ്പണത്തിലേക്ക് മടങ്ങാം’ എന്ന തലക്കെട്ടോടെ, കൂദാശകള്‍ക്കും ആരാധനക്രമ കാര്യങ്ങള്‍ക്കുമായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറാ നല്‍കിയ നിര്‍ദേശങ്ങള്‍.

ഫ്രാന്‍സിസ് പാപ്പായുടെ അംഗീകാരത്തോടെ, കത്തോലിക്കാ സഭയിലെ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സുകളുടെ പ്രസിഡന്റുമാര്‍വഴി വിശ്വാസ സമൂഹത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങളില്‍, കോവിഡ് 19 മഹാമാരിയുടെ സമയത്തും അതിനുശേഷവുമുള്ള ദിവ്യബലിയര്‍പ്പണത്തെ സംബന്ധിച്ചുള്ള കാര്യങ്ങളാണ് പ്രതിപാദിച്ചിരിക്കുന്നത്. ഈ നിര്‍ദേശങ്ങളിലൂടെ കര്‍ദിനാള്‍ റോബര്‍ട്ട് സാറാ പങ്കുവെയ്ക്കുന്ന പ്രധാന സന്ദേശം ‘സാഹചര്യങ്ങള്‍ അനുവദിക്കുന്ന മുറയ്ക്ക്, ക്രൈസ്തവ ജീവിതചര്യയുടെ സാധാരണ നിലയിലേക്ക് അതിവേഗം മടങ്ങണം’ എന്നതാണ്’.

അതായത്, സാഹചര്യങ്ങള്‍ അനുവദിക്കുന്ന മുറയ്ക്ക്, ദേവാലയങ്ങളെ ആരാധനാക്രമ ആഘോഷങ്ങളുടെയും, പ്രത്യേകിച്ച് സഭയുടെ പ്രവര്‍ത്തനങ്ങളെ നയിക്കുന്ന സര്‍വശക്തിയുടെയും ഉറവിടമായ ദിവ്യബലിയര്‍പ്പണത്തിന്റെയും ഭവനമാക്കി മാറ്റുന്ന ക്രൈസ്തവ ജീവിതചര്യയുടെ സാധാരണ നിലയിലേക്ക് മടങ്ങുവാനുള്ള ആഹ്വാനമാണ് കര്‍ദിനാള്‍ സാറാ നല്‍കുന്നത്. ‘നമുക്ക് സന്തോഷത്തോടെ ദിവ്യബലിയര്‍പ്പണത്തിലേക്ക് മടങ്ങാം!’ എന്ന തലക്കെട്ടോടെ നല്‍കിയ നിര്‍ദേശങ്ങളില്‍ ക്രൈസ്തവ ജീവിതത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് കര്‍ദിനാള്‍ പ്രതിപാദിക്കുന്നുണ്ട്.

അടച്ചിട്ട പട്ടണമാവരുത്

സഭ ഒരിക്കലും അടച്ചിട്ട പട്ടണമായി മാറുകയോ, ക്രൈസ്തവസമൂഹം ഒരിക്കലും ഇത്തരത്തിലുള്ള ഒറ്റപ്പെടല്‍ അനുഭവിക്കുകയോ ചെയ്തിട്ടില്ല. സാമൂഹ്യജീവിതത്തിന്റെ മൂല്യത്തിലും, പൊതുനന്മ അന്വേഷിക്കുന്നതും ലക്ഷ്യംവച്ച് രൂപംകൊണ്ട ക്രിസ്ത്യാനികള്‍, അന്യത്വത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുമ്പോഴും, സമൂഹത്തിന്റെ ഭാഗമായിരിക്കാന്‍ ആഗ്രഹിച്ചു. അതായത്, ലോകത്തായിരുന്നുകൊണ്ട് ലോകത്തിന്റേതല്ലാതെ ജീവിക്കുവാന്‍ ശീലിച്ചവരാണ് ക്രൈസ്തവ സമൂഹങ്ങള്‍ എന്നര്‍ത്ഥം.

എന്നാല്‍ ഈ മഹാമാരി, സഭാ തനയര്‍ക്ക് തങ്ങളുടെ അജഗണങ്ങളോടുള്ള ഉത്തതരവാദിത്വം കൂടുതല്‍ വെളിവാക്കേണ്ട സാഹചര്യമുണ്ടാക്കി. വേദനയോടെയാണെങ്കിലും, സമൂഹത്തിന് വേണ്ടി, രാഷ്ട്രനേതാക്കളോടും ആരോഗ്യവിദഗ്ധരോടും ചേര്‍ന്ന്, ജനരഹിത കുര്‍ബാനകള്‍ അര്‍പ്പിക്കുവാനുള്ള തീരുമാനമെടുക്കാന്‍ പ്രേരിതരായി. അപ്രതീക്ഷിതവും സങ്കീര്‍ണ്ണവുമായ ഈ സാഹചര്യത്തോട് ഏറ്റവും മികച്ച രീതിയില്‍ പ്രതികരിച്ചതിനും, വിവേകപൂര്‍ണ്ണമായ തീരുമാനങ്ങള്‍ എടുത്തതിനും സഭയുടെ മെത്രാന്മാരും അതാത് മെത്രാന്‍ സമിതികളും അഭിനന്ദനമര്‍ഹിക്കുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ പറയുന്നു.

ഒന്നാമത്തെ നിര്‍ദേശം

ദിവ്യബലിയര്‍പ്പണത്തിന്റെയും വിശുദ്ധ കുര്‍ബാന സ്വീകരണത്തിന്റെയും അളക്കാനാവാത്ത പ്രാധാന്യത്തെയും സൗന്ദര്യത്തെയും കുറിച്ചാണ്:
താന്‍ സൃഷ്ടിച്ച മനുഷ്യനെ ദൈവം ഒരിക്കലും ഉപേക്ഷിക്കുന്നില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുകയും, കഠിനമായ പരീക്ഷണങ്ങളില്‍ നിന്ന് പോലും കൃപയുടെ ഫലം ലഭിക്കുമെന്നത് മറക്കാതിരിക്കുകയും ചെയ്യണമെന്ന് ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം; കര്‍ത്താവിന്റെ ബലിപീഠത്തില്‍ നിന്ന് അകന്നിരിക്കേണ്ടി വരുന്ന ഈ സാഹചര്യത്തെ വിശുദ്ധ കുര്‍ബാനയോടുള്ള നോമ്പിന്റെ സമയമായി അംഗീകരിച്ച് പ്രാര്‍ത്ഥനയില്‍ ജീവിക്കണമെന്ന് ഉദ്‌ബോധിപ്പിക്കുന്നു. അതിലുമുപരി, ദിവ്യബലിയര്‍പ്പണത്തിന്റെയും വിശുദ്ധ കുര്‍ബാന സ്വീകരണത്തിന്റെയും അളക്കാനാവാത്ത പ്രാധാന്യവും സൗന്ദര്യവും അമൂല്യതയും വീണ്ടെടുക്കുന്നതിന് ഈ അകന്നിരിക്കേണ്ട കാലഘട്ടം ഞങ്ങള്‍ക്ക് ഉപയോഗപ്രദമായി മാറുമെന്ന പ്രത്യാശയില്‍ ജീവിക്കണമെന്നും ആഹ്വാനംചെയ്യുന്നു.

രണ്ടാമത്തെ നിര്‍ദേശം

മഹാമാരിക്കാലത്തെ ഞായറാഴ്ചകള്‍ നമുക്ക് നല്‍കുന്ന ഹൃദയ വ്യഥയെക്കുറിച്ചാണ്:
നാലാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ രക്തസാക്ഷികളായ, അബിറ്റിനെയിലെ സഹോദരീ സഹോദരന്മാര്‍ തങ്ങള്‍ക്ക് മരണശിക്ഷ ഉറപ്പായപ്പോഴും ന്യായാധിപന്മാര്‍ക്ക് മുന്നില്‍ ദൃഢനിശ്ചയത്തോടെ പറഞ്ഞതിങ്ങനെയാണ്: ‘ഞായറാഴ്ച ഇല്ലാതെ ഞങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ല’. യഥാര്‍ത്ഥത്തില്‍ ഈ മഹാമാരിയുടെ കാലത്ത്, നമ്മുടെ ജീവിതവും അത്തരത്തിലുള്ള ഒരവസ്ഥയിലൂടെ കടന്നുപോകുന്നതുകൊണ്ട് അബിറ്റിനെയിലെ രക്തസാക്ഷികളുടെ ഹൃദയവ്യഥ കൂടുതല്‍ ഉള്‍ക്കൊള്ളുവാന്‍ നമുക്ക് സാധിക്കുന്നുവെന്ന് കര്‍ദിനാള്‍ ഓര്‍മ്മിപ്പിക്കുന്നു.

ഞായറാഴ്ച ദിവ്യബലിയുടെ ആഭാവം സൃഷ്ടിച്ചേക്കാവുന്ന ഹൃദയവ്യഥയുടെ പിന്നിലെ
6 കാര്യങ്ങള്‍ :

a) കര്‍ത്താവിന്റെ വചനമില്ലാതെ, നമ്മുടെ മാനവികതയെയും, ഹൃദയത്തില്‍ കുടികൊള്ളുന്ന നന്മയ്ക്കും സന്തോഷത്തിനും വേണ്ടിയുള്ള ആഗ്രഹങ്ങളെയും പൂര്‍ണ്ണമായി തിരിച്ചറിഞ്ഞ് ക്രിസ്ത്യാനികളായി ജീവിക്കാന്‍ നമുക്ക് കഴിയില്ല.

b) കുരിശിന്റെ ത്യാഗത്തില്‍ പങ്കെടുക്കാതെ നമുക്ക് ക്രിസ്ത്യാനികളായി ജീവിക്കാന്‍ കഴിയില്ല. കാരണം, കുരിശിലൂടെയാണ് കര്‍ത്താവായ യേശു പാപം നിമിത്തം മരണമടഞ്ഞ മനുഷ്യരാശിയെ വീണ്ടെടുക്കുവാന്‍ തന്നെത്തന്നെ നിയോഗിച്ചത്.

c) വിശുദ്ധ കുര്‍ബാനയുടെ വിരുന്നു കൂടാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല. കാരണം, ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ സ്വീകരിക്കാനാണ് പുത്രന്മാരും പുത്രിമാരും സഹോദരങ്ങളുമെന്നപോലെ നമ്മെ ഓരോരുത്തരെയും വിരുന്നിലേയ്ക്ക് ക്ഷണിക്കുന്നത്. ഭൂമിയിലെ തീര്‍ത്ഥാടകരായ നമ്മെ സന്തോഷത്തിലും അദ്ധ്വാനത്തിന്റെ ആനന്ദത്തിലും നമ്മെ നിലനിറുത്തുന്ന സ്വര്‍ഗീയ ഭോജനമാണ് വിശുദ്ധ കുര്‍ബാന.

d) കര്‍ത്താവിന്റെ കുടുംബമായ, ക്രിസ്ത്യാനികളുടെ സമൂഹമില്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല. കാരണം, ക്രിസ്തുവിന്റെ സാഹോദര്യവും ദൈവത്തിന്റെ പുത്രത്വവും പങ്കിടുന്ന നമ്മുടെ സഹോദരീ-സഹോദരന്മാരെ നാം കണ്ടുമുട്ടേണ്ടതുണ്ട്.

e) കര്‍ത്താവിന്റെ ഭവനം കൂടാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല. കാരണം അവിടെയാണ് നാം വിശ്വാസത്തില്‍ ജനിച്ചത്. അവിടെയാണ് വീഴ്ചയില്‍നിന്നും കൈപിടിച്ചുയര്‍ത്തുന്ന ക്രീസ്തുവിന്റെ സാന്നിധ്യം നാം കണ്ടെത്തിയത്. അവിടെവച്ചാണ് നാം നമ്മുടെ പുതിയ ജീവിത വിളികളിലേയ്ക്ക് പ്രവേശിച്ചത്. അവിടെവെച്ചാണ് നാം ധാരാളം പ്രാര്‍ത്ഥിക്കുകയും, നന്ദിയര്‍പ്പിക്കുകയും സന്തോഷിക്കുകയും വിലപിക്കുകയും ചെയ്തിട്ടുള്ളത്. അവിടെവച്ചാണ് നമ്മില്‍ നിന്ന് വേര്‍പിരിഞ്ഞു പോയ പ്രിയപ്പെട്ടവരെ ദൈവപിതാവില്‍ ഭരമേല്പിച്ചത്.

f) കര്‍ത്താവിന്റെ ദിനമില്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല. കാരണം, ഞായറാഴ്ചയാണ് പ്രവൃത്തി ദിനങ്ങളുടെ തുടര്‍ച്ചയ്ക്കും, കുടുംബ-സാമൂഹിക ഉത്തരവാദിത്തങ്ങള്‍ക്കും കൂടുതല്‍ അര്‍ത്ഥവും വെളിച്ചവും പകരുന്നത്.

മൂന്നാമത്തെ നിര്‍ദേശം

മാധ്യമങ്ങളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ദിവ്യബലികളെയും തിരുക്കര്‍മ്മങ്ങളെയും കുറിച്ചാണ്:
മാധ്യമങ്ങളിലൂടെ നടത്തപ്പെടുന്ന പ്രക്ഷേപണം രോഗികള്‍ക്കും പള്ളിയില്‍ പോകാന്‍ കഴിയാത്തവര്‍ക്കും അര്‍ത്ഥവത്തായ സേവനം ചെയ്യുന്നുവെന്നത് ശരിയാണ്. എങ്കിലും, പൊതു ദിവ്യബലിയര്‍പ്പണം സാധ്യമല്ലായിരിക്കുന്ന സമയത്താണെങ്കിലും മാധ്യമ സംപ്രേഷണത്തിലൂടെയുള്ള ദിവ്യബലിയര്‍പ്പണങ്ങളെ പകരമെന്നരീതിയില്‍ സാധൂകരിക്കാന്‍സാധിക്കില്ല. കാരണം, കര്‍ത്താവുമായി ദിവ്യബലിയര്‍പ്പണത്തിലൂടെയുള്ള ബന്ധം സുപ്രധാനവും ഒഴിച്ചുകൂടാനാവാത്തതും പകരംവയ്ക്കാനാകാത്തതുമാണ്.

അതുപോലെതന്നെ, മാധ്യമ സംപ്രേഷണത്തിലൂടെയുള്ള ദിവ്യബലിയര്‍പ്പണങ്ങളില്‍ പങ്കെടുക്കുകയും, ദേവാലയങ്ങളില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളില്‍ നേരിട്ട് പങ്കെടുക്കുന്നതിന് പകരമായി കാണുകയും ചെയ്യുമ്പോള്‍ അവതരിച്ച ദൈവവുമായുള്ള നമ്മുടെ വ്യക്തിപരമായ അടുപ്പത്തിനും ബന്ധത്തിനും മങ്ങലേല്‍ക്കുന്നു. കാരണം ക്രിസ്തു പറഞ്ഞതിങ്ങനെയാണ്: ‘എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു’. അതിനാല്‍, വൈറസിന്റെ വ്യാപനം കുറയുകയും നിയന്ത്രണങ്ങള്‍ അനുവദിക്കുകയും ചെയ്യുന്ന മുറയ്ക്ക് ദേവാലയത്തിലേയ്ക്ക് കടന്നുപോകുവാനും ദിവ്യബലിയില്‍ പങ്കുകൊള്ളുവാനും ശ്രദ്ധിക്കുക. കൂടാതെ, ഈ കാലയളവിലുണ്ടായ അലസതകാരണം അകന്നുനില്‍ക്കുന്നവരെയും ദേവാലയത്തിലേയ്ക്ക് ക്ഷണിക്കുകയും, ദിവ്യബലിയുടെ സൗന്ദര്യവും പ്രാധാന്യവും വിവരിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.

നാലാമത്തെ നിര്‍ദേശം

ആരാധനാ തിരുകര്‍മ്മങ്ങളില്‍ വിശ്വാസികളുടെ പങ്കാളിത്തം സുഗമമാക്കുന്നത് സംബന്ധിച്ചാണ്:
കോവിഡ് 19 വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധി ലോകത്തിന്റെ സാമൂഹിക, കുടുംബ, സാമ്പത്തിക, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ മാത്രമല്ല, ആരാധനാക്രമമടക്കം ക്രൈസ്തവ സമൂഹത്തിന്റെ ജീവിതത്തിലും കടുത്തപ്രതിസന്ധികള്‍ സൃഷ്ടിച്ചു. വൈറസ് പടരുന്നത് തടയാന്‍ കര്‍ക്കശമായ സാമൂഹിക അകലം ആവശ്യമായിവരുന്നു, ഇത് ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാന സ്വഭാവമായ കൂട്ടായ്മാനുഭവത്തെ ബാധിച്ചിട്ടുമുണ്ട്. ”രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ കൂടുന്നിടത്ത് അവരുടെ മദ്ധ്യേ ഞാന്‍ ഉണ്ടായിരിക്കും” (മത്താ 18:20) എന്ന ക്രിസ്തുവിന്റെ വാഗ്ദാനവും; ‘അവര്‍ അപ്പോസ്തലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ത്ഥന എന്നിവയില്‍ സദാ താല്പര്യപൂര്‍വം പങ്കുചേര്‍ന്നു… വിശ്വസിച്ചവരെല്ലാം ഒറ്റ സമൂഹമാവുകയും, തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായി കരുതുകയും ചെയ്തു’ (അപ്പ.പ്രവൃ. 2: 42,44) എന്ന ആദിമ ക്രൈസ്തവരുടെ ജീവിതവുമാണ് ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളായി നിലനില്‍ക്കുന്നത്.

അതിനാല്‍, ആരാധനാ തിരുകര്‍മ്മങ്ങളില്‍ വിശ്വാസികളുടെ പങ്കാളിത്തം സുഗമമാക്കേണ്ടത് അത്യാവശ്യവുമാണ്. ആരാധനാനുഷ്ഠാനങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്താതെ, ആരാധനാക്രമം നല്‍കുന്ന മാനദണ്ഡങ്ങളെ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് തന്നെ പങ്കാളിത്തം സുഗമമാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ക്രിസ്തുവിന്റെ ശരീരം സ്വീകരിക്കുന്നതിനും വിശുദ്ധ കുര്‍ബാനയില്‍ സന്നിഹിതനായ കര്‍ത്താവിനെ ആരാധിക്കുന്നതിനും വിശ്വാസികള്‍ക്ക് അവകാശമുണ്ടെങ്കിലും സഭാ നേതൃത്വം മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കപ്പെടണം. ആനുകാലിക സാഹചര്യം കണക്കിലെടുത്ത് ശുചിത്വ മാനദണ്ഡങ്ങള്‍ മാനിച്ചുകൊണ്ട് വിശുദ്ധ കുര്‍ബാനയുടെ ആരാധനയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതാണ്.

മനുഷ്യന്റെ സമഗ്ര പരിപാലനം സഭ നിരന്തരം തുടരുമ്പോഴും, പ്രത്യാശയ്ക്ക് സാക്ഷ്യംവഹിച്ച് ദൈവത്തില്‍ ആശ്രയിക്കാന്‍ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. അതോടൊപ്പം, ഭൗമീക അസ്തിത്വം പ്രധാനമാണെന്ന് ഓര്‍മ്മിക്കുമ്പോഴും, ഏറ്റവും പ്രധാനം നിത്യജീവനാണെന്നും സഭ നമ്മെ പഠിപ്പിക്കുന്നു. ഇതേജീവിതം ദൈവവുമായി നിത്യതയില്‍ പങ്കുവെയ്ക്കുകയാണ് ക്രിസ്ത്യാനിയുടെ ലക്ഷ്യമെന്നും, ഇതാണ് നമ്മുടെ വിളിയുന്ന് നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, പൊതുജനാരോഗ്യത്തിന് ആവശ്യമായ ശ്രദ്ധയോടെ, ആത്മാക്കളുടെ നിത്യ രക്ഷയ്ക്കായുള്ള പ്രഖ്യാപനത്തെയും അനുധാവനത്തെയും സഭ ഒന്നിപ്പിക്കുന്നു എന്ന ഉദ്‌ബോധനത്തോടെയാണ് കൂദാശകള്‍ക്കും ആരാധനക്രമ കാര്യങ്ങള്‍ക്കുമായുള്ള വത്തിക്കാന്‍ സംഘതലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറായുടെ നിര്‍ദ്ദേശങ്ങളടങ്ങിയ കത്ത് അവസാനിക്കുന്നത്.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.