വിശുദ്ധ കുര്‍ബാനയില്‍ ഉപയോഗിക്കുന്ന തിരുവചനങ്ങള്‍

പല കാലങ്ങളില്‍, ഈശോയുടെ തിരുവത്താഴത്തിന്റെയും പിന്നീടുള്ള പീഡാസഹനത്തിന്റെയും കാല്‍വരിയിലെ ബലിയുടെയും ഓര്‍മ്മയാചരിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമ്പോള്‍/ പുതിയ പ്രാര്‍ത്ഥനകള്‍ ഉള്‍പ്പെടുത്തുമ്പോള്‍ മാര്‍പാപ്പമാരും മെത്രാന്മാരും, വിശുദ്ധ ഗ്രന്ഥത്തോട് ചേര്‍ത്തു തന്നെ അവയ്ക്ക് രൂപം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.

അതുകൊണ്ടു തന്നെയായിരിക്കണം വി. കുര്‍ബാന മധ്യേ, നൂറില്‍ കൂടുതല്‍ തവണ തിരുവചനങ്ങള്‍ ഉപയോഗിക്കുന്നത്. ചിലതാവട്ടെ, അണുവിട മാറ്റമില്ലാത്ത തിരുവചനങ്ങള്‍ അതേപടി ഉപയോഗിച്ചിരിക്കുന്നതായും കാണാം. ചിലത് വൈദികന്‍ പ്രാര്‍ത്ഥിക്കുന്നതും ചിലത് ജനങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതും. ചെറുപ്പം മുതല്‍ കാണാതെ പഠിച്ച് ചൊല്ലുന്നതുകൊണ്ട് പലതും തിരുവചനങ്ങളാണെന്ന കാര്യം പോലും നാം ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഇത്തരത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ ഉപയോഗിക്കുന്ന ഏതാനും ചില തിരുവചനങ്ങള്‍ ശ്രദ്ധിക്കാം….

നമ്മുടെ പിതാവായ ദൈവത്തില്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും നിങ്ങള്‍ക്ക് കൃപയും സമാധാനവും! (എഫേ. 1:2).

അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം! (ലൂക്കാ 2:14).

ഇസ്രായേലിന്റെ ദൈവമായ അവിടുന്ന് തന്റെ വിശുദ്ധ മന്ദിരത്തില്‍ ഭീതിദനാണ്; അവിടുന്ന് തന്റെ ജനത്തിനു ശക്തിയും അധികാരവും പ്രദാനം ചെയ്യുന്നു. ദൈവം വാഴ്ത്തപ്പെടട്ടെ! (സങ്കീ. 68:35).

അവ പരസ്പരം ഉദ്‌ഘോഷിച്ചു കൊണ്ടിരുന്നു: പരിശുദ്ധന്‍, പരിശുദ്ധന്‍, സൈന്യങ്ങളുടെ കര്‍ത്താവ് പരിശുദ്ധന്‍. ഭൂമി മുഴുവന്‍ അവിടുത്തെ മഹത്വം നിറഞ്ഞിരിക്കുന്നു (ഏശയ്യാ 6:3).

യേശുവിനു മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങള്‍ ആര്‍ത്തുവിളിച്ചു: ദാവീദിന്റെ പുത്രന് ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന! (മത്തായി 21:9).

അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത് ആശീര്‍വദിച്ച്, മുറിച്ച് ശിഷ്യന്മാര്‍ക്ക് കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: വാങ്ങി ഭക്ഷിക്കുവിന്‍; ഇത് എന്റെ ശരീരമാണ് (മത്തായി 26:26).

അടുത്ത ദിവസം യേശു തന്റെ അടുത്തേയ്ക്ക് വരുന്നതു കണ്ട് അവന്‍ പറഞ്ഞു: ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് (യോഹ. 1:29).

നിങ്ങള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുവിന്‍: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ (മത്തായി 6:9).

അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ (മര്‍ക്കോ. 16:15).