മതപരിവർത്തനത്തിന്റെ പേരിൽ സന്യാസിനിയുടെ അറസ്റ്റ്: വ്യക്തിവൈരാഗ്യം മൂലം കെട്ടിച്ചമച്ചതെന്നു സത്നാ രൂപത

ഇന്ത്യയിൽ മതപരിവർത്തനം നടത്തി എന്നാരോപിച്ച് ഒരു സന്യാസിനിയെ അറസ്റ്റ് ചെയ്തത കേസ് കെട്ടിച്ചമച്ചതാണെന്ന് സാന്താ രൂപത. മധ്യപ്രദേശിലെ ഖജുരാഹോയിലെ സേക്രഡ് ഹാർട്ട് കോൺവെന്റ് സ്‌കൂളിന്റെ പ്രിൻസിപ്പൽ സിസ്റ്റർ ഭാഗ്യ, ക്രിസ്ത്യാനിയാകാൻ നിർബന്ധിച്ചതായി ശ്രീമതി റൂബി സിംഗ് ആരോപിച്ചതിനെ തുടർന്നാണ് സംഭവങ്ങൾ അരങ്ങേറുന്നത്. എന്നാൽ ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കം ആണ് ഇത്തരത്തിൽ ഒരു വ്യാജ കേസിലേക്ക് നയിച്ചതെന്ന് സത്ന രൂപതയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ഫാ. പോൾ വർഗ്ഗീസ് വെളിപ്പെടുത്തി.

എസ് ഡി സിസ്റ്റേഴ്സ് നടത്തുന്ന സേക്രഡ് ഹാർട്ട് കോൺവെന്റ് സ്കൂൾ ഈ മേഖലയിലെ ഏറ്റവും മികച്ച സ്കൂളായി കണക്കാക്കപ്പെടുന്നു. ഇവിടെ ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 2016 -ൽ സിങ്ങിനെ സ്കൂളിൽ അസിസ്റ്റന്റ് ടീച്ചറായി നിയമിച്ചിരുന്നുവെങ്കിലും ക്ലാസ് റൂം പെരുമാറ്റത്തെക്കുറിച്ച് മാതാപിതാക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് പിന്നീട് ഓഫീസ് അസിസ്റ്റന്റായി മാറ്റി. വീട്ടിലെ പ്രാരാബ്ധങ്ങൾ പറഞ്ഞതിനെ തുടർന്നാണ് ആ സ്കൂളില്‍ തന്നെ തുടരുവാൻ അനുവദിച്ചത്. പിന്നീട് ശമ്പളത്തെ ചൊല്ലി തർക്കമുണ്ടാവുകയും മറ്റൊരു അധ്യാപികയുടെ സഹായത്തോടെ റൂബി മതപരിവർത്തനം ആരോപിച്ചു പരാതി നൽകുകയും ആയിരുന്നു.

ഇതു തെളിയിക്കുന്ന ഓഡിയോ ക്ലിപ്പുകൾ പോലീസിന് സമർപ്പിച്ചു. രണ്ടു അധ്യാപകരുടെ പകരം വീട്ടൽ ആണ് പരാതിയുടെ അടിസ്ഥാനം ഇന്ന് പി ആർ ഓ വ്യക്തമാക്കി. 2020 -ലെ മധ്യപ്രദേശ് മതസ്വാതന്ത്ര്യ ഓർഡിനൻസിലാണ് പ്രിൻസിപ്പലിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഹിന്ദുക്കളെ മറ്റ് മതങ്ങളിൽ ചേരുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള ‘മതപരിവർത്തന വിരുദ്ധ’ നിയമമാണ് ഇത്. മധ്യപ്രദേശിന്റെ തലസ്ഥാന നഗരമായ ഭോപ്പാലിലെ ആർച്ചുബിഷപ്പ് ലിയോ കോർനെലിയോ ഈ ആരോപണം സത്യമല്ല ഇന്ന് പ്രതികരിച്ചു. “നിയമം വളച്ചൊടിച്ചു അവർ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുകയാണ്. ഇത് അന്യായമാണ്. പ്രാദേശിക ഭരണകൂടത്തിന്റെ ഭരണം വസ്തുനിഷ്ഠമല്ല” -അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.